എസ് വൈ എസ് റമസാന്‍ പ്രഭാഷണങ്ങള്‍ നാളെ തുടങ്ങും

Posted on: July 12, 2013 12:29 am | Last updated: July 12, 2013 at 12:29 am

കോഴിക്കോട്: ‘ഖുര്‍ആന്‍ വിളിക്കുന്നു’ എന്ന ശീര്‍ഷകത്തില്‍ സമസ്ത കേരള സുന്നി യുവജന സംഘം നടത്തിവരുന്ന റമസാന്‍ ക്യാമ്പയിനിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ സംഘടിപ്പിക്കുന്ന റമസാന്‍ പ്രഭാഷണങ്ങള്‍ക്ക് നാളെ തുടക്കമാകും.
സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട ഒമ്പത് കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രഭാഷണങ്ങളുടെ ഔപചാരിക ഉദ്ഘാടനം നാളെ കാഞ്ഞങ്ങാട് പ്രത്യേകം സംവിധാനിച്ച പന്തലില്‍ ആള്‍ ഇന്ത്യാ എജ്യുക്കേഷണല്‍ ബോര്‍ഡ് പ്രസിഡന്റ് എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ‘ഖുര്‍ആന്‍ വിളിക്കുന്നു’ എന്ന വിഷയത്തില്‍ ഖുര്‍ആനിലെ മൂന്ന് അധ്യായങ്ങളെ ആസ്പദിച്ച് എസ് എസ് എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ ഫാറൂഖ് ബുഖാരി കൊല്ലം ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പ്രഭാഷണം നടത്തും. മലപ്പുറം ജില്ലയിലെ ചേളാരിയില്‍ അഡ്വ. കെ എന്‍ എ ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. വഹാബ് സഖാഫി മമ്പാട് ദ്വിദിന പ്രഭഷണത്തിന് നേതൃത്വം നല്‍കും. തിരൂരങ്ങാടി ചെമ്മാട് താജ് ഓഡിറ്റോറിയത്തില്‍ ദ്വിദിന പ്രഭാഷണം സമസ്ത വൈസ് പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം കെ ടി ത്വാഹിര്‍ സഖാഫി പ്രഭാഷണം നടത്തും.
ഈമാസം 16,17,18 തീയതികളില്‍ താമരശ്ശേരിയിലും 28,29,30 തീയതികളില്‍ കാസര്‍കോടും ശാഫി സഖാഫി മുണ്ടമ്പ്രയും 20,21ന് തിരൂരില്‍ അബ്ദുര്‍റഷീദ് സഖാഫി പത്തപ്പിരിയവും, 22,23,24,25 തീയതികളില്‍ ഫറോക്കില്‍ ചേറൂര്‍ അബ്ദുല്ല മുസ്‌ലിയാരും, തൃശൂര്‍ പാവറട്ടിയില്‍ റഹ്മത്തുല്ല സഖാഫി എളമരവും കൊടുവള്ളിയില്‍ സി മുഹമ്മദ് ഫൈസി, റഹ്മത്തുല്ല സഖാഫി എളമരം, ശാഫി സഖാഫി മുണ്ടമ്പ്ര എന്നിവരും പ്രഭാഷണം നടത്തും. പ്രഭാഷണ പരിപാടികള്‍ക്ക് വന്‍ ഒരുക്കമാണ് അതത് ജില്ലാ ദഅ്‌വാ സമിതിക്കു കീഴില്‍ നടത്തിവരുന്നത്. ആയിരങ്ങള്‍ക്ക് ഇരുന്ന് ശ്രവിക്കാന്‍ പര്യാപ്തമായ ഓഡിറ്റോറിയങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.