Connect with us

International

ലൈംഗികാതിക്രമ നിയമം വത്തിക്കാന്‍ ഭേദഗതി ചെയ്തു

Published

|

Last Updated

വത്തിക്കാന്‍ സിറ്റി: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് സഭക്ക് കളങ്കമേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ നിയമങ്ങള്‍ വത്തിക്കാന്‍ പരിഷ്‌കരിക്കുന്നു. ലൈംഗിക അതിക്രമ നിയമം കൂടുതല്‍ വിപുലപ്പെടുത്തിയും കള്ളപ്പണ കേസുകളില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയുമാണ് നിയമം പരിഷ്‌കരിക്കുന്നത്.

പുതിയ നിയമ പ്രകാരം ബാല്യ വേശ്യാവൃത്തി, കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍, കുട്ടികളുടെ നഗ്നത പകര്‍ത്തല്‍ എന്നിവ കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് വത്തിക്കാന്‍ അധികൃതര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. കള്ളപ്പണം, തീവ്രവാദം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കെതിരെ ലോകരാജ്യങ്ങളോടൊപ്പം നില്‍ക്കാന്‍ റോം പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് ഡിക്രിയില്‍ പോപ് ഫ്രാന്‍സിസ് പറഞ്ഞു.
കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ കേസുകളില്‍ പിതാക്കന്മാരും ഉള്‍പ്പെട്ട സാഹചര്യത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ചുമതലയേല്‍ക്കുന്നത്. സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് സലേര്‍നൊയില്‍ നിന്നുള്ള ബിഷപ്പ് നുന്‍സിയോ സ്‌കരാനോ ഉള്‍പ്പെടെ മൂന്ന് പേര്‍ കഴിഞ്ഞ മാസം അവസാനം അറസ്റ്റിലായിരുന്നു. വത്തിക്കാന്‍ ബേങ്കിനെ കബളിപ്പിച്ച് പണം തട്ടിയ കേസിലായിരുന്നു അറസ്റ്റ്. ഇറ്റാലിയന്‍ സര്‍ക്കാറിന്റെ വിമാനം ഉപയോഗിച്ച് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് ഇറ്റലിയിലേക്ക് 26 ദശലക്ഷം യൂറോ കടത്താന്‍ നാല് ലക്ഷം യൂറോയാണ് ബിഷപ്പ് കൂട്ടു പ്രതികള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്.
സംഭവത്തെ കുറിച്ച് സ്വതന്ത്രമായി അന്വേഷിക്കുന്നതിനായി കര്‍ദിനാള്‍മാരുടെ സമിതിയെ കഴിഞ്ഞ ദിവസം മാര്‍പാപ്പ നിയമിച്ചിട്ടുണ്ട്.