കാലിക്കറ്റിനെ റാഗിംഗ് വിമുക്ത സര്‍വകലാശാലയാക്കും

Posted on: July 12, 2013 12:02 am | Last updated: July 12, 2013 at 12:02 am

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസിലും അഫിലിയേറ്റഡ് കോളജുകളിലും റാഗിംഗ് കര്‍ശനമായി തടയാന്‍ നടപടി സ്വീകരിച്ചതായി വൈസ് ചാന്‍സിലര്‍ ഡോ. എം അബ്ദുസ്സലാം അറിയിച്ചു. റാഗിംഗ് തടയുന്നതിനായി യു ജി സി ചട്ടങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കും. കോളജുകളിലോ, സര്‍വകലാശാലാ ക്യാമ്പസിലോ റാഗിംഗ് ഉണ്ടായാല്‍ കോളജ്, സര്‍വകലാശാല വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കാം.

റാഗിംഗ് വിരുദ്ധ കമ്മിറ്റികള്‍ക്ക് ലഭിക്കുന്ന പരാതി 24 മണിക്കൂറിനകം അന്വേഷിച്ച് കോളജ് അധികൃതര്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യും. കോളജുകളിലെ റാഗിംഗ് സംഭവം അന്വേഷിച്ച് അടിയന്തര നടപടി കൈക്കൊള്ളേണ്ടത് പ്രിന്‍സിപ്പലിന്റെ ഉത്തരവാദിത്തമാണ്. റാഗിംഗ് വിരുദ്ധ ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന നിര്‍ദേശം സര്‍വകലാശാല കോളജുകള്‍ക്ക് നല്‍കിയിട്ടുണ്ട്. റാഗിംഗില്‍ പങ്കാളിയാകുകയില്ലെന്ന സത്യവാങ്മൂലം പ്രവേശന സമയത്ത് ഓരോ വിദ്യാര്‍ഥിയും സമര്‍പ്പിക്കണം. യു ജി സി യുടെ ദേശീയ റാഗിംഗ് വിരുദ്ധ ഹെല്‍പ്പ് ലൈനിന്റെ 18001805522 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് വിദ്യാര്‍ഥികള്‍ക്ക് പരാതി സമര്‍പ്പിക്കാം. കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സിലറുടെ ഓഫീസിലെ 9447649200 എന്ന നമ്പറിലേക്ക് പരാതികള്‍ എസ് എം എസ് ചെയ്യാം. കൂടാതെ സര്‍വകലാശാലയിലേക്ക് [email protected] എന്ന ഇ-മെയിലിലും റാഗിംഗ് സംബന്ധിച്ച പരാതികള്‍ അയക്കാം. റാഗിംഗിലേര്‍പ്പെടുന്ന വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ഭാവി അപകടത്തിലാകും എന്നത് നിയമങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇത് മനസ്സിലാക്കി ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കേണ്ടത് രക്ഷിതാക്കളുടെ ചുമതലയാണെന്നും വൈസ് ചാന്‍സിലര്‍ അറിയിച്ചു.