ജയിലിലോ കസ്റ്റഡിയിലോ കഴിയുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വിലക്ക

Posted on: July 11, 2013 10:32 pm | Last updated: July 11, 2013 at 10:32 pm

supreme courtന്യൂഡല്‍ഹി: ശിക്ഷിക്കപ്പെട്ട് തടവിലോ പോലീസ് കസ്റ്റഡിയിലോ കഴിയുന്ന വ്യക്തിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. ഇതോടെ തടവില്‍ കിടന്നു മത്സരിച്ചു ജനപ്രതിനിധികളാകുന്ന രാഷ്ട്രീയക്കാരുടെ യുഗത്തിന് അന്ത്യമാകും. പാറ്റ്‌ന ഹൈക്കോടതി വിധിക്കെതിരേ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറും മറ്റും സമര്‍പ്പിച്ച അപ്പീലിലാണ് വിധി.

ജയിലിലോ കസ്റ്റഡിയിലോ കഴിയുന്നവര്‍ക്ക് വോട്ടവകാശം ഇല്ലാത്ത സാഹചര്യത്തില്‍ ഇവര്‍ക്ക് എങ്ങനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയും എന്ന് കോടതി ചോദിച്ചു. അതേസമയം ഏതെങ്കിലും നിയമപ്രകാരം കരുതല്‍ തടങ്കലില്‍ കഴിയുന്നവര്‍ക്ക് വിലക്ക് ബാധകമായിരിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ക്രിമിനല്‍ കേസുകളില്‍ രണ്ടു വര്‍ഷത്തിലധികം ശിക്ഷ വിധിക്കപ്പെട്ടവര്‍ ലോക്‌സഭയിലേക്കും നിയമസഭയിലേക്കും മത്സരിക്കുന്നതില്‍ വിലക്കിയതിനു പിന്നാലെയാണ് ജയിലിലും കസ്റ്റഡിയിലും കഴിയുന്നവരെയും തെരഞ്ഞെടുപ്പില്‍നിന്ന് വിലക്കിയുള്ള വിധി സുപ്രീം കോടതി ശരിവച്ചിരിക്കുന്നത്.