Connect with us

Ongoing News

ഹര്‍ത്താലിലേക്കുണര്‍ന്ന ആദ്യ നോമ്പ്

Published

|

Last Updated

KKD-  AM Sidhiq (Ramzan tory Photo)

വളാഞ്ചേരി സി ഐ. എ എം സിദ്ദീഖ്

തൊഴിലിടങ്ങളിലെ വ്രതാനുഷ്ഠാനം വിശ്വാസിയുടെ നോമ്പിനെ കരുത്തുറ്റതാക്കുന്നു. ജോലി സമയത്തെ വ്രതം തൊഴിലിനോടെന്ന പോലെ നോമ്പിനെയും ആത്മാര്‍ത്ഥയോടെ സമീപിക്കാന്‍ വിശ്വാസിയെ പ്രേരിപ്പിക്കുന്നു. ഈ ഊര്‍ജസ്വലതയോടൊപ്പം വ്രതാനുഷ്ഠാനത്തിന്റെ പുണ്യവും കൂടിചേരുമ്പോള്‍ നോമ്പിന് തിളക്കമേറുന്നു, തൊഴിലിന് കരുത്തും… വിവിധ തൊഴില്‍ മേഖലയിലുള്ളവരുടെ റമസാന്‍ അനുഭവങ്ങള്‍ ഇന്ന് മുതല്‍..

റമസാനിലെ ആദ്യ ദിനം പൊട്ടിവിടര്‍ന്നത് എ എം സിദ്ദീഖ് എന്ന പോലീസുദ്യോഗസ്ഥന് ഒരേ സമയം ആശയുടെയും ആശങ്കയുടെയും സുപ്രഭാതത്തോടെയായിരുന്നു. റമസാനിന്റെ തുടക്കത്തിലേക്ക് അപ്രതീക്ഷിതമായി കടന്നെത്തിയ ഹര്‍ത്താല്‍ പ്രഖ്യാപനം മറ്റേതൊരു പോലീസുദ്യോഗസ്ഥനെയും പോലെ ഇദ്ദേഹത്തെയും ആദ്യമൊന്ന് ആശങ്കയിലാഴ്ത്തി. പുലര്‍ച്ചെ നാലിന് ഉണര്‍ന്ന് അത്താഴം കഴിക്കുമ്പോഴും വളാഞ്ചേരി സി ഐ. എ എം സിദ്ദീഖിന്റെ മൊബൈല്‍ ഇടക്കിടെ അടിക്കുന്നുണ്ട്. നിര്‍ദേശമായും ഉപദേശമായും ആശങ്കയായും മറുപടികളുമുണ്ട്. അത്താഴം കഴിഞ്ഞ് മനസ്സും ശരീരവും ശുദ്ധിവരുത്തി ഹൃദയം തൊട്ടൊരു പ്രാര്‍ഥന. ഹര്‍ത്താലിന്റെ മേല്‍വിലാസത്തില്‍ സംഭവിച്ചേക്കാവുന്ന അനിഷ്ടങ്ങളൊന്നും ഇല്ലാതാക്കണേ എന്ന മനസ്സുരുകിയുള്ള പ്രാര്‍ഥനയോടെയായിരുന്നു പുണ്യമാസത്തെ പുലര്‍ച്ചെയുടെ തുടക്കം. വളാഞ്ചേരി സര്‍ക്കിളില്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകരുതെന്ന ആത്മാര്‍ഥത പ്രാര്‍ഥനയായി സമര്‍പ്പിച്ച് നേരം പുലരും മുമ്പ് തന്നെ വീട്ടില്‍ നിന്നിറങ്ങി. റമസാന്‍ ആശങ്കയോടെ തുടക്കമിട്ട നേരം. പിന്നെ വിശ്രമമില്ലാത്ത പകലുകളിലേക്കുള്ള ഓട്ടം. തിരക്കുകള്‍ക്ക് അവധി നല്‍കി കുടുംബത്തോടൊപ്പം ആദ്യ നോമ്പ് തുറക്കണമെന്ന ആഗ്രഹം പക്ഷേ അപ്രതീക്ഷിതമായ ഹര്‍ത്താല്‍ തട്ടിയെടുത്തതിന്റെ വിഷമമൊന്നുമില്ല. പോലീസ് ജീവിതത്തിനിടക്ക് സ്വകാര്യമായി പലതും പലപ്പോഴും മാറ്റി വെച്ച സി ഐക്ക് പക്ഷേ ഇതൊന്നും പുതുമയല്ല. എന്നെത്തെയും പോലെ ഈ റമസാനിന്റെ ആദ്യ ദിനവും തിരക്കുകളിലേക്ക് തന്നെ.
അത്താഴം കഴിഞ്ഞ ഉടനെ വളാഞ്ചേരി, കുറ്റിപ്പുറം, കല്‍പ്പകഞ്ചേരി, കാടാമ്പുഴ സ്റ്റേഷനുകളിലെ എസ് ഐമാര്‍ക്ക് ഹര്‍ത്താലുമായി ബന്ധപ്പെട്ട് നിര്‍ദേശം നല്‍കി. ഇടക്ക് സി ഐ ഓഫീസിലുള്ളവര്‍ യൂനിഫോമില്‍ തന്നെ എത്തണമെന്ന് ഓര്‍മിപ്പിച്ചു. ഓരോ അര മണിക്കൂറിലും എസ് ഐമാരെ വിളിച്ച് കാര്യങ്ങള്‍ തിരക്കി. വളാഞ്ചേരിയില്‍ ഇടതുപക്ഷത്തിന്റെ പ്രകടനമെത്തിയപ്പോള്‍ അവിടെയുമെത്തി. പിന്നെ കാടാമ്പുഴയിലും കല്‍പ്പകഞ്ചേരിയിലും സന്ദര്‍ശനം നടത്തി. അതിനിടക്ക് കടുങ്ങാത്തുകുണ്ട് അങ്ങാടിയില്‍ രണ്ട് പ്രകടനങ്ങള്‍ ഒരുമിച്ചെത്തിയപ്പോഴുണ്ടായ ചെറിയ സംഘര്‍ഷാവസ്ഥ. അവിടെയുമെത്തി രംഗം ശാന്തമാക്കി. പിന്നെ തിരിച്ചു ദേശീയ പാത വട്ടപ്പാറയിലെ സി ഐ ഓഫീസിലേക്ക്. എത്തിയയടുന്‍ മലപ്പുറം എസ് പിയുടെ വിളിയെത്തി. വീണ്ടും എസ് ഐമാരോട് കാര്യങ്ങള്‍ തിരക്കി. ഉച്ചയോടെ സര്‍ക്കിള്‍ പരിധിയില്‍ നീരീക്ഷണത്തിനായി വീണ്ടുമൊരു കറക്കം. ഇതിനിടയില്‍ അനധികൃത സി ഡി റെയ്ഡുമായി ബന്ധപ്പെട്ട് രണ്ട് മാസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തിരക്കാന്‍ വിളിച്ച ഡി സി ആര്‍ ബി. ഡി വൈ എസ് പിക്ക് മറുപടി നല്‍കാന്‍ അല്‍പ്പ സമയം. അതിനിടയില്‍ സര്‍ക്കിള്‍ ഓഫീസിലെ പോലീസുകാരന്‍ ത്വാഹിറിനൊപ്പം ഓഫീസില്‍ വെച്ച് സുഹറും അസറും നിസ്‌കരിച്ചു. ആറ് മണിയോടെ ഓഫീസില്‍ നിന്നിറങ്ങി. ഭാര്യക്കും മക്കള്‍ക്കുമൊപ്പം ആദ്യ ദിനത്തെ ഇഫ്താര്‍.
കാവല്‍ക്കാരനായി നിന്ന നില്‍പ്പില്‍ അത്താഴം കഴിക്കാതെ നോമ്പു നോല്‍ക്കേണ്ടി വന്നതും നോമ്പ് തുറന്നും മണിക്കൂറുകളോളം ഭക്ഷണമില്ലാതെ ജോലി ചെയ്യേണ്ടി വന്നതുമൊക്കെ ഒരുപാട് ഓര്‍മയിലുണ്ട് സി ഐ സിദ്ദീഖിന്. മിഠായി കഴിച്ച് നോമ്പ് തുറന്ന അനുഭവങ്ങള്‍ പോലുമുണ്ടായിട്ടുണ്ട്. എന്നിരുന്നാലും മലബാറിലെ നോമ്പുകാലം പൊതുവേ സമാധാനപരമെന്നാണ് ഇദ്ദേഹത്തിന്റെ അനുഭവസാക്ഷ്യം. പരാതികളും കേസുകളും റമസാനില്‍ കുറവായിരിക്കും. റമസാന്‍ കാലത്താണ് ചിലയിടത്തെങ്കിലും ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടെത്താറുള്ളത്.