Connect with us

Articles

ഉന്നതങ്ങളിലേക്ക് വിശുദ്ധരായി

Published

|

Last Updated

ramdan(പ്രമുഖ ഇസ്‌ലാമിക ചിന്തകനും എഴുത്തുകാരനുമായിരുന്ന പി എം കെ ഫൈസി അവസാനമായി സിറാജില്‍ എഴുതിയത് വിശുദ്ധ റമസാനെക്കുറിച്ചായിരുന്നു. പ്രൗഢമായ ആ ലേഖനങ്ങള്‍ ഇന്നുമുതല്‍ വായിക്കുക.)

ആത്മവിശുദ്ധിക്കായി ഭൗതികാസ്വാദനങ്ങള്‍ വര്‍ജിക്കുകയും ത്യാഗസുരഭിലമായ ജീവിത വഴികളിലൂടെ വിജയം കൈവരിക്കുകയും ചെയ്യാന്‍ വിശ്വാസിക്ക് കരഗതമാകുന്ന സുവര്‍ണാവസരമാണ് റമസാന്‍. വ്രതം മനുഷ്യ മനസ്സിനെ സംസ്‌കരിക്കാനും ശരീരത്തെ മെരുക്കിയെടുക്കാനും മോഹങ്ങളെയും ആഗ്രഹങ്ങളെയുമൊക്കെ നിയന്ത്രിക്കാനുമുള്ള ശക്തി നല്‍കുന്നു. പാവപ്പെട്ടവരുടെ വിശപ്പും കഷ്ടപ്പാടുകളും അനുഭവിച്ചറിയാനും ഇല്ലാത്തവരുടെ വേദനകള്‍ മനസ്സിലാക്കാനും സമ്പന്നന് അവസരം നല്‍കുന്നു. മാനസികമായ ധന്യതയും ആത്മീയമായ ചിന്തയും നോമ്പ് നേടിത്തരുന്നു. ധൂര്‍ത്തിന്റെ മേച്ചില്‍ സ്ഥലങ്ങളില്‍ നിന്ന് മിതവ്യയത്തിന്റെയും ലാളിത്യത്തിന്റെയും മൂല്യങ്ങളിലേക്ക് നയിക്കുന്നു.
അന്നപാനീയങ്ങളും ലൈംഗികാസ്വാദനങ്ങളുമാണ് മനുഷ്യശരീരത്തിന്റെ പ്രധാന ആവശ്യങ്ങള്‍. ഇത് രണ്ടും യഥേഷ്ടം ആഗ്രഹിക്കുന്ന പ്രകൃതമാണ് മനുഷ്യനുള്ളത്. ഇവയുടെ ലഭ്യതയും ഉപയോഗവുമാണ് പലരുടെയും ജീവിതലക്ഷ്യം. ഇതിന് വേണ്ടി അവര്‍ അധ്വാനിക്കുന്നു. കഷ്ടപ്പെടുന്ന ഏത് സാഹസത്തിനും തയ്യാറാകുന്നു. യുദ്ധങ്ങളും കൊള്ളകളും കലാപങ്ങളും സമരങ്ങളും കര്‍മങ്ങളുമെല്ലാം ആത്യന്തികമായി ഈ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് മനുഷ്യന്‍ നടത്തിവരുന്നത്.
മനുഷ്യന്റെ തിന്മകളും ദുര്‍ബല വികാരങ്ങളും നിയന്ത്രിച്ച് ഉന്നത മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് ത്യാഗമനുഭവിച്ച് കഷ്ടപ്പാടുകളറിഞ്ഞ് സഹജീവികളെ മനസ്സിലാക്കി മാന്യമായി ജീവിക്കാന്‍ പഠിപ്പിക്കുകയാണ് ഇസ്‌ലാം. ഈ മഹത്തായ ലക്ഷ്യത്തിലേക്കുള്ള പ്രായോഗിക പരിശീലനവും ആധ്യാത്മിക രംഗത്ത് പറന്നുയരാനുള്ള അവസരം സൃഷ്ടിച്ചുകൊണ്ടുള്ള ശിക്ഷണവുമാണ് വ്രതം. അല്ലാഹു പറഞ്ഞു: “എല്ലാ നന്‍മക്കും പത്തിരട്ടി മുതല്‍ എഴുനൂറിരട്ടി വരെ പ്രതിഫലം നല്‍കും. നോമ്പിനൊഴികെ. നോമ്പ് എനിക്ക് മാത്രം നിര്‍വഹിക്കുന്നതാണ്. ഞാന്‍ അതിന് പ്രതിഫലം നല്‍കുകയും ചെയ്യും.” (ഹദീസ് ഖുദിസി) തിരുനബി പറഞ്ഞു: അല്ലാഹുവിനെത്തന്നെയാണ് സത്യം. നോമ്പുകാരന്റെ വായില്‍ നിന്ന് വരുന്ന ഉമിനീര്‍ അല്ലാഹുവിങ്കല്‍ കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതാണ്. അല്ലാഹു പറഞ്ഞു, അവന്റെ വികാരങ്ങളും ആഹാരപാനീയങ്ങളുമൊക്കെ എനിക്ക് വേണ്ടി ഉപേക്ഷിച്ചിരിക്കയാണ്. നോമ്പ് എനിക്കുള്ളതാണ്. ഞാന്‍ അതിന് പ്രതിഫലം നല്‍കുകയും ചെയ്യും. (ഹദീസ്)
നോമ്പുകാര്‍ക്ക് എണ്ണമില്ലാത്ത പ്രതിഫലവും അനുഗ്രഹവും ലഭിക്കുമെന്ന് ഒട്ടേറെ ഹദീസുകളില്‍ കാണാം. ജീവിതത്തിന്റെ ആനന്ദവും ആസ്വാദനങ്ങളുമെല്ലാം ഒഴിവാക്കി വ്രതമനുഷ്ഠിക്കുന്ന മുസ്‌ലിം, ആധ്യാത്മികമായി ഉന്നത വിഹായസ്സിലേക്ക് ഉയരുകയായിരുന്നു. കേവലം ആഹാരപാനീയങ്ങളും സുഖഭോഗങ്ങളും ഉപേക്ഷിക്കുന്നത് മൂലം ഒരാള്‍ വിശുദ്ധനാകുന്നില്ല. അല്ലാഹുവിന്റെ കല്‍പ്പനകള്‍ അനുസരിക്കുന്നവന്‍ എന്ന നിലക്ക് നോമ്പുകാരനായി നിയമത്തിന്റെ മുന്നില്‍ പരിഗണിക്കപ്പെടണമെങ്കിലും നോമ്പിലൂടെ ലക്ഷ്യമാക്കുന്ന ആധ്യാത്മിക പദവിയും ഉന്നതമായ പ്രതിഫലവും ലഭ്യമാകണമെങ്കിലും പൂര്‍ണമായ സമര്‍പ്പണവും ത്യാഗവും പ്രകടിപ്പിക്കണം.
വ്രതാനുഷ്ഠാനം ആത്മസംസ്‌കരണത്തിന് ഏറ്റവും ഉദാത്തമായ ആരാധനയാണ്. മറ്റു ആരാധനകളൊക്കെ ലോകമാന്യത്തിനും മറ്റു ഭൗതിക ലക്ഷ്യങ്ങള്‍ക്കും വേണ്ടി അനുഷ്ഠിച്ചേക്കാം. നിസ്‌കാരം ലോകമാന്യത്തിന് വേണ്ടി നിര്‍വഹിക്കുന്നവരുണ്ട്. നാലാള്‍ കാണുന്നുണ്ടെങ്കില്‍ നിസ്‌കരിക്കാനും ഇല്ലെങ്കില്‍ ഉപേക്ഷിക്കാനും തയ്യാറുള്ളവര്‍ സമൂഹത്തില്‍ എമ്പാടുമുണ്ട്. സകാത്ത് പലരും പേരെടുക്കാനും പ്രശസ്തി നേടാനും വേണ്ടിയാണ് നല്‍കുന്നത്. ഹജ്ജും ആളുകളറിയാനും വിദേശയാത്ര എന്ന മാനസികാനന്ദം നേടാനും വേണ്ടി നിര്‍വഹിക്കുന്നവരെമ്പാടുമുണ്ട്. നോമ്പ് ഇതില്‍ നിന്നൊക്കെ വ്യത്യസ്തമാണ്. ഒരാള്‍ നോമ്പനുഷ്ഠിക്കാത്തത് ആളുകള്‍ക്കറിയണമെന്നില്ല. നോമ്പുകാരനെപ്പോലെ അഭിനയിക്കാന്‍ ഒരു പ്രയാസവുമില്ല. ആരും കാണാതെ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ധാരാളം അവസരങ്ങളുണ്ട്. നോമ്പനുഷ്ഠിച്ചിട്ടുണ്ടോ ഇല്ലേ എന്ന് ഒരാളെക്കണ്ടാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് വന്നേക്കാം. ഈ സാഹചര്യത്തില്‍ നോമ്പനുഷ്ഠിക്കുന്നത് അല്ലാഹുവിന്റെ നിര്‍ദേശം അംഗീകരിക്കുക, കല്‍പ്പനക്ക് വഴിപ്പെടുക എന്ന ലക്ഷ്യത്തോടെ തന്നെയാണ്.
അതുകൊണ്ട് തന്നെയാണ് നോമ്പുകാര്‍ക്ക് പ്രത്യേക പദവികളും അത്യാദരപൂര്‍വമുള്ള അംഗീകാരവും പരിഗണനയും നല്‍കപ്പെട്ടത്. നോമ്പ് വ്യക്തിയുടെ സ്വന്തം പ്രേരണ പ്രകാരം തന്നെയാണ് നിര്‍വഹിക്കുന്നത്. ജീവിതത്തിന്റെ നിഖില മേഖലകളിലുമുള്ള അനാവശ്യങ്ങളും അരുതായ്മകളും കൈയൊഴിച്ച് സാധാരണ ജീവിതത്തില്‍ നിന്ന് വ്യതിരിക്തനായി ഭക്തിസാന്ദ്രമായ മനസ്സോടെ കഴിഞ്ഞുകൂടുകയാണ് നോമ്പുകാരന്‍. തികച്ചും ആന്തരികമാണ് നോമ്പിന്റെ സ്ഥാനം. ഭൗതിക സാന്നിധ്യങ്ങളൊന്നും അതിനില്ല. നിസ്വാര്‍ഥമായ ക്ഷമയും ത്യാഗവുമാണത്. അല്ലാഹുവിന്റെ കല്‍പ്പനക്ക് ആത്മാര്‍ഥമായി വഴിപ്പെടുകയാണ് നോമ്പുകാരന്‍. അല്ലാഹുവല്ലാതെ മറ്റാരും കാണുകയോ അറിയുകയോ ചെയ്യാത്ത വിശിഷ്ടമായ ആരാധന. മനുഷ്യ ശത്രുവായ പിശാചിനോടുള്ള ശക്തമായ സമരം. അതാണ് നോമ്പ്. ആഹാരപാനീയങ്ങളും ഭോഗങ്ങളുമാണ് പിശാചിന്റെ ആയുധം. ഇതിലൂടെയാണവന്‍ മനുഷ്യനെ സ്വാധീനിക്കുന്നത്. മനുഷ്യ മനസ്സിന് സുഖാസക്തിയുണ്ടാക്കി ഭുജിക്കാനും ഭോഗിക്കാനുമുള്ള സാഹചര്യം ഒരുക്കുകയാണ് പിശാച്. വ്രതാനുഷ്ഠാനത്തിലൂടെ പിശാചിന്റെ ഈ സ്വാധീനവും ശ്രമവും പരാജയപ്പെടുത്തുകയാണ് നോമ്പുകാരന്‍. ഭക്ഷണ പാനീയങ്ങളും സുഖഭോഗങ്ങളും ത്യജിക്കുന്നതിലൂടെ പിശാചിന്റെ സ്വാധീനം കുറയുകയും ആധ്യാത്മികമായ ഔന്നത്യത്തിലേക്കുയരുകയുമാണ് നോമ്പുകാരന്‍. ദാനധര്‍മങ്ങളും തറാവീഹ് നിസ്‌കാരവും ഇഅ്തികാഫും ഖുര്‍ആന്‍ പാരായണവും വര്‍ധിപ്പിച്ചുകൊണ്ട് അനാവശ്യങ്ങളില്‍ നിന്നും തിന്മകളില്‍ നിന്നും വഴിമാറി നില്‍ക്കുന്ന നോമ്പുകാരനില്‍ പിശാചിന്റെ സ്വാധീനം നഷ്ടപ്പെടുകയും അവന്‍ പരാജയപ്പെട്ട് രംഗം വിടുകയും ചെയ്യുന്നു. ആധ്യാത്മികതയുടെ ഉന്നത ശ്രേണിയിലെക്ക് ഉയരുകയും തന്റെ വ്യക്തിത്വം വികസിപ്പിക്കകയും ചെയ്തുകൊണ്ട് ജീവിത ലക്ഷ്യം വിജയകരമായി നേടിയെടുക്കുകയാണ് നോമ്പുകാരന്‍. “” പിശാച് മനുഷ്യനില്‍ രക്തസഞ്ചാരമുള്ളിടത്തൊക്കെ സഞ്ചരിക്കുന്നു. വിശപ്പിലൂടെ അവന്റെ സഞ്ചാരപഥം നിങ്ങള്‍ ഇടുക്കമാക്കുക”” എന്നാണ് തിരുനബിയുടെ കല്‍പ്പന. ഒരിക്കല്‍ ആഇശ ബീവി(റ)യോട് തിരുനബി പറഞ്ഞു. സ്ഥിരമായി സ്വര്‍ഗത്തിന്റെ വാതയാനങ്ങള്‍ മുട്ടിക്കൊണ്ടിരിക്കുക. ആഇശ ചോദിച്ചു: എന്തുകൊണ്ടാണ് മുട്ടേണ്ടത്? നബി പറഞ്ഞു, വിശപ്പുകൊണ്ട്.
തിരുനബി(റ) മറ്റൊരിക്കല്‍ പറഞ്ഞു. സ്വര്‍ഗത്തിനൊരു കവാടമുണ്ട്. “റയ്യാന്‍” എന്നാണതിന്റെ പേര്. നോമ്പുകാരനല്ലാതെ അതിലൂടെ പ്രവേശിക്കുകയില്ല. സ്വര്‍ഗീയാനന്ദങ്ങള്‍ നേര്‍ക്കുനേര്‍ അനുഭവിക്കാനും സ്വര്‍ഗസ്ഥനായി ശാശ്വത ജീവിതം ആസ്വദിക്കാനുമുള്ള ഏറ്റവും വലിയ പുണ്യാരാധനയാണ് നോമ്പ്. “”സത്യവിശ്വാസികളേ, നിങ്ങളുടെ മുന്‍ഗാമികള്‍ക്കൊക്കെ നിര്‍ബന്ധമാക്കിയതുപോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. റമസാന്‍ മാസം ദൃശ്യമായാല്‍ നോമ്പനുഷ്ഠിക്കുക. “” എന്ന് അല്ലാഹു പ്രഖ്യാപിക്കുന്നു.
മുന്‍കാല സമൂഹങ്ങള്‍ക്കൊക്കെ നോമ്പ് നിര്‍ബന്ധമാക്കിയിരുന്നു. എല്ലാ പ്രവാചകന്‍മാരും നോമ്പനുഷ്ഠിക്കുകയും തങ്ങളുടെ സമൂഹങ്ങളോട് നോമ്പനുഷ്ഠിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. പക്ഷേ, അനുയായികളില്‍ പലരും തങ്ങളുടെ വിരുദ്ധ നിലപാട് മൂലം നോമ്പ് ഉപേക്ഷിക്കുകയും അല്ലാഹുവിന്റെ നിര്‍ദേശത്തിനെതിര് പ്രവര്‍ത്തിക്കുകയുമായിരുന്നു. ഹിജ്‌റ രണ്ടാം വര്‍ഷമാണ് മുസ്‌ലിം സമൂഹത്തിന് നോമ്പ് നിര്‍ബന്ധമാക്കിയതായി തിരുനബിക്ക് അറിയിപ്പ് കിട്ടുന്നത്. അതോടെ നബി(സ) ശിഷ്യന്‍മാരെ വിളിച്ചുചേര്‍ത്ത് അല്ലാഹുവിന്റെ കല്‍പ്പന അറിയിക്കുകയും നോമ്പനുഷ്ഠിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. മുസ്‌ലിംകള്‍ സര്‍വാത്മനാ ഈ നിര്‍ദേശത്തെ പിന്തുണക്കുകയും എല്ലാവരും നോമ്പനുഷ്ഠിച്ച് അനുസരിക്കുകയും ചെയ്തു. അന്നു മുതല്‍ യാതൊരു മുടക്കവുമില്ലാതെ മുസ്‌ലിം ഉമ്മത്ത് റമസാന്‍ നോമ്പനുഷ്ഠിക്കുകയും ഭക്ത്യാദരപൂര്‍വം റമസാനിനെ സ്വീകരിക്കുകയും ചെയ്തുവരുന്നു. (തുടരും)

Latest