ചേറ്റൂര്‍ ശങ്കരന്‍ നായരെ സര്‍ക്കാറുകളും കോണ്‍ഗ്രസും അവഗണിക്കുന്നു

Posted on: July 10, 2013 12:40 am | Last updated: July 10, 2013 at 12:42 am

chetturപാലക്കാട്: സ്വാതന്ത്ര സമര സേനാനിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏക മലയാളി പ്രസിഡന്റുമായ ചേറ്റൂര്‍ ശങ്കരന്‍ നായരെ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളും കോണ്‍ഗ്രസും അവഗണിക്കുന്നു.
1897ല്‍ മഹാരാഷ്ട്രയിലെ അമരാവതിയില്‍ നടന്ന പതിമൂന്നാം കോണ്‍ഗ്രസ് സമ്മേളനത്തില്‍ 39-ാമത്തെ വയസ്സില്‍ അധ്യക്ഷ പദവിയിലെത്തിയ ശങ്കരന്‍നായര്‍ 20 വര്‍ഷത്തോളം കോണ്‍ഗ്രസിന്റെ നയരൂപവത്കരണ സമിതിയില്‍ അംഗമായിരുന്നു. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റുകൂടിയായിരുന്നു അദ്ദേഹം. ചേറ്റൂര്‍ ശങ്കരന്‍ നായരുടെ പേരില്‍ നിലവിലുള്ള സ്മാരകങ്ങളില്‍ നിന്നും പേരുകള്‍ ബോധപൂര്‍വ്വം ഒഴിവാക്കപ്പെടുകയാണെന്ന് ആരോപണമുണ്ട്. അദ്ദേഹത്തിന്റെ സ്മാരകമായി ഒറ്റപ്പാലത്തെ താലൂക്ക് സര്‍ക്കാര്‍ ആശുപത്രിക്ക് സ്ഥലം സൗജന്യമായി നല്‍കിയത് ഭാര്യഗൃഹമായ പാലാട്ട് കുടുംബക്കാരാണ്. അടുത്ത കാലംവരെ ഇക്കാര്യം രേഖപ്പെടുത്തി സ്ഥാപിച്ച ശിലാഫലകം അവിടെ ഉണ്ടായിരുന്നു. എന്നാല്‍ ആ ഫലകം ഇപ്പോള്‍ അവിടെ നിന്നും എടുത്തുമാറ്റിയിരിക്കുകയാണ്. ആശുപത്രിയുടെ ഇടതുവശത്തായി അക്കാലത്ത്സ്ഥാപിച്ച ഫലകവും ജീര്‍ണാവസ്ഥയിലാണ്.
പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മംഗലാപുരത്തുനിന്നും കന്യാസ്ത്രീകളെ വിളിച്ചുവരുത്തുകയും സ്ഥലവും കെട്ടിടവും ഫര്‍ണിച്ചറും അന്നത്തെ പതിനായിരം രൂപയും സംഭാവന ചെയ്താണ് ഇന്നത്തെ ലേഡീ ശങ്കരന്‍നായര്‍ മെമ്മോറിയല്‍ കോണ്‍വെന്റ് സ്‌കൂള്‍ സ്ഥാപിച്ചത്. എന്നാല്‍ 1935ല്‍ ഈപേര് മാറ്റി ലേഡി ഇമ്മാക്കുലേറ്റ് കോണ്‍വെന്റ് എന്ന് നാമകരണം ചെയ്തു. പിന്നീട് ജനങ്ങളുടെ പ്രതിഷേധവും, മദ്രാസ് ഗവര്‍ണറും കര്‍ദിനാളും ഇടപ്പെട്ടാണ് പഴയപേര് പുനഃസ്ഥാപിച്ചത്.അദ്ദേഹത്തിന്റെ സ്മരണക്കായി രേഖപ്പെടുത്തിയ ലൈബ്രറിയിലെ അവരുടെ പേരും അടുത്തകാലത്തായി അപ്രത്യക്ഷമായി.
മങ്കരയില്‍ അദ്ദേഹം സ്ഥാപിച്ച ഗവ. ഹൈസ്‌കൂളിന്റെ പേരും ഇടക്കാലത്ത് മാറ്റി. എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പേര് പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ 103 വര്‍ഷം മുമ്പ് ശങ്കരന്‍ നായരുടെ പിതാവ് മമ്മായി രാവുണ്ണി പണിക്കരുടെ സ്മാരകമായി സ്ഥാപിച്ച ദീപസ്തംഭം ഇളക്കിമാറ്റുവാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നു. ഈ ദീപസ്തംഭത്തിന്റെ മാഹാത്മ്യം മഹാകവി ഉള്ളൂരടക്കമുള്ള അഞ്ചോളം കവികള്‍ അവരുടെ രചനക്ക് പാത്രമാക്കിയിട്ടുണ്ട്. ദേവസ്വത്തിന് സമര്‍പ്പിച്ചുകഴിഞ്ഞാല്‍ പൂര്‍ണ്ണാധികാരം പിന്നീട് അവര്‍ക്ക് മാത്രമാണെന്നായിരുന്നു ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞത്.
എന്നാല്‍ മന്ത്രി സുധാകരന്‍ ഇടപ്പെട്ടാണ് തീരുമാനം പിന്‍വലിച്ചത്. ഭാരതപ്പുഴയുടെ തീരത്തുള്ള ശങ്കരന്‍നായരുടെ സമാധി മണ്ഡപവും എല്ലാവരാലും അവഗണനയിലാണ്.പ്രധാന റോഡില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയാണ് സ്മാരക മണ്ഡപം. അങ്ങോട്ട് വഴി വിട്ടുകൊടുക്കാന്‍ നാട്ടുകാര്‍ തയ്യാറാണ്. പക്ഷേ മുന്‍കയ്യെടുക്കാന്‍ ആരുമില്ലെന്നതാണ് സ്ഥിതി. വഴികിട്ടിയാല്‍ ദേശീയ സ്മാരകമായി സംരക്ഷിക്കുവാനും കഴിയും.
അദ്ദേഹത്തിന്റെ ജന്മദിനമോ ചരമ ദിനമോപോലും കോണ്‍ഗ്രസുകാര്‍ അറിയാറില്ല. അദ്ദേഹത്തിന്റെ ഒരു ഛായാപടം പോലും ഡി സി സികളിലോ കെ പി സി സി ഓഫീസില്‍പോലും ഇല്ല. ശങ്കരന്‍ നായര്‍ അന്തരിച്ചപ്പോള്‍ വൈസ്രോയിയായിരുന്ന വെല്ലിങ്ടണും മഹാത്മാഗാന്ധിയും അനുശോചനമറിയിച്ച് ടെലഗ്രാം അയച്ചിരുന്നു.
1924ല്‍ ഒറ്റപ്പാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യ അഖിലേന്ത്യാ സമ്മേളനം നടന്നതിന്റെ ഒരു ചെറുസ്മാരകം പോലും ഇന്ന് ഇവിടെയില്ല. ഇപ്പോള്‍ അവിടെ ഉയര്‍ന്നിരിക്കുന്നത് വിദേശമദ്യഷോപ്പാണ്.