Connect with us

Palakkad

ലൈബ്രറി കൗണ്‍സില്‍ ഗ്രന്ഥശാലകളുടെ പരിശോധന ഇന്ന് ആരംഭിക്കും

Published

|

Last Updated

പാലക്കാട്: ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഗ്രന്ഥശാലകളുടെ ഗ്രഡേഷന്‍ മണ്ണാര്‍ക്കാട് താലൂക്കില്‍ ഇന്ന് ആരംഭിക്കും. അടുത്തമാസം 29 വരെ ജില്ലയിലെ അംഗീകൃത ഗ്രന്ഥശാലകളില്‍ ഗ്രഡേഷന്‍ കമ്മിറ്റി സന്ദര്‍ശിക്കും. കമ്മിറ്റിയുമായി സഹകരിക്കണമെന്ന് കൗണ്‍സില്‍ ജില്ലാ കമ്മിറ്റി യോഗം ഗ്രന്ഥശാലകളോട് അഭ്യര്‍ത്ഥിച്ചു.
ഗ്രന്ഥശാലകള്‍ക്ക് നല്‍കുന്ന മുഴുവന്‍ ഫണ്ടുകളുടേയും വിനിയോഗവും മുന്‍വര്‍ഷത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ഗ്രഡേഷന്‍ കമ്മറ്റി വിലയിരുത്തും. കമ്മിറ്റി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ വര്‍ഷം ലൈബ്രറികളുടെ ഗ്രേഡും പ്രവര്‍ത്തന ഗ്രാന്റും അലവന്‍സുകളും അനുവദിക്കുക. ജില്ലയില്‍ എസ് കെ പൊറ്റക്കാട്, ചെറുകാട്, മുണ്ടശ്ശേരി അനുസ്മരണം വിപുലമായ രീതിയില്‍ മണ്ണാര്‍ക്കാട്, പട്ടാമ്പി, പാലക്കാട് എന്നിവിടങ്ങളില്‍ നടത്തും.
കൗണ്‍സില്‍ മുഖപത്രമായ ഗ്രന്ഥാലോകത്തിന് 1000 പുതിയ വരിക്കാരെ ചേര്‍ക്കാന്‍ ക്യാമ്പയിന്‍ നടത്തും. ജില്ലയിലെ ഗ്രന്ഥശാലകള്‍ കേന്ദ്രീകരിച്ച് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനം, മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ബാലവേദി കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ വിപുലമായ ഓണാഘോഷ പരിപാടികള്‍, സെപ്റ്റംബറില്‍ ഗ്രന്ഥശാലാ ദിനവുമായി ബന്ധപ്പെട്ട് അക്ഷരദീപം തെളിയിക്കല്‍, അംഗങ്ങളെ ചേര്‍ക്കല്‍, വിവിധ മത്സരങ്ങള്‍, ഘോഷയാത്രകള്‍ എന്നിവ നടത്താന്‍ ജില്ലാ കമ്മിറ്റി യോഗം ഗ്രന്ഥശാലാ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് വി കെ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സി.അംഗം പി കെ സുധാകരന്‍, ജില്ലാ സെക്രട്ടറി എം കാസിം, ഇ രാമചന്ദ്രന്‍, എം എം എ ബക്കര്‍, കെ എ വിശ്വനാഥന്‍, ടി എ കൃഷ്ണന്‍കുട്ടി, വി രവീന്ദ്രന്‍, സി പി ചിത്രഭാനു, മരിയ ജറാള്‍ഡ്, രാജേഷ്, റജി എം, സി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.