Connect with us

Articles

വത്തിക്കാനിലെ മാമോന്‍ സേവ, ഒരു ചരിത്ര വിചാരണ

Published

|

Last Updated

“നിങ്ങള്‍ക്കു ദൈവത്തെയും മാമോനേയും ഒരേ പോലെ സേവിക്കാന്‍ കഴിയില്ല.” യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞു. (മത്തായി 6:24). മാമോന്‍ അന്യായമായി സമ്പാദിക്കുന്ന ധനത്തിന്റെ ദേവതയാണ്. അരാമിക് ഭാഷയിലെ മാമോനോ എന്ന വാക്കിന്റെ രൂപാന്തരമാണ് മാമോന്‍. മാമോന്‍ സേവ മനുഷ്യനെ ദൈവത്തില്‍ നിന്നകറ്റുന്ന തിന്മയായിട്ടാണ് യേശു കരുതിയിരുന്നത്. എന്നാല്‍ സംഘടിത ക്രൈസ്തവ സഭകള്‍ ഒരു വശത്ത് ദൈവത്തെയും മറുവശത്ത് മാമോനേയും ആരാധിച്ചുകൊണ്ട് ചരിത്രത്തിലൂടെ മുന്നേറുന്ന കാഴ്ച ഏറെ വ്യസനകരമാണ്. വത്തിക്കാന്‍ കൊട്ടാരവും വത്തിക്കാന്‍ മ്യൂസിയവുമൊക്കെപ്പോലെ തന്നെ ചരിത്രപ്രസിദ്ധമാണ് വത്തിക്കാന്‍ ബേങ്കും. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ശേഖരിച്ച അളവറ്റ പണം വത്തിക്കാന്‍ ബേങ്കില്‍ കെട്ടിക്കിടക്കുന്നു. അതില്‍ കൈയിട്ടുവാരി കൈ പൊള്ളിച്ചവരും സാമ്പത്തിക രംഗത്ത് കരുത്താര്‍ജിച്ചവരും നിരവധിയാണ്.

മലയാള പത്രങ്ങളില്‍ സരിതോര്‍ജ വിവാദം ഒരു റോഡും തോടും നിറഞ്ഞ് ഒഴുകുന്നതിനിടയില്‍ ആഗോള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാനില്‍ നിന്നൊരു വാര്‍ത്ത വന്നിരുന്നു. (ജൂണ്‍ 29, 2013) സരിതോര്‍ജ വിവാദത്തിലും ജോസ് തെറ്റയിലിന്റെ തെറ്റിലും കേന്ദ്രീകരിച്ചിരുന്ന വായനക്കാര്‍ ആ വാര്‍ത്തക്കു വലിയ പ്രാധാന്യം നല്‍കിക്കാണാന്‍ ഇടയില്ല. വത്തിക്കാന്‍ ബേങ്കിലെ ഒരു വന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മോണ്‍സിഞോര്‍ നൂറുല്‍സിയോ സ്‌കോര്‍ന്തൊ എന്ന വൈദികന്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു എന്നതാണ് വാര്‍ത്ത. വൈദികന്‍ ചില്ലറ കക്ഷിയൊന്നുമല്ല, നാളെ കര്‍ദിനാളും ഒരു പക്ഷേ, പിന്നാലെ പോപ്പുമൊക്കെ ആയി സ്ഥാനമേല്‍ക്കുമെന്ന് കരുതപ്പെട്ടിരുന്ന ഉന്നതനാണ്. നിരവധി അന്തര്‍ദേശീയ “ധനകാര്യ വെട്ടിക്കലി”ന്റെ ചരിത്രമുള്ള വത്തിക്കാന്‍ ബേങ്കിന്റെ ചരിത്രം ലോകത്തിലെ ഏറ്റവും മുന്തിയ അവിശുദ്ധ ധനശേഖരണത്തിന്റെ ചരിത്രവും കൂടിയാണ്. ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ യൂറോപ്പിലെ സമ്പന്ന രാജ്യങ്ങളുമായി ബന്ധപ്പെട്ട ധനകാര്യ ഏര്‍പ്പാടുകളാണ് വത്തിക്കാന്‍ ബേങ്ക് വഴി നടക്കുന്നത്. പൂച്ചക്കെന്തു പൊന്നുരുക്കുന്നേടത്ത് കാര്യം എന്ന് ചോദിക്കേണ്ടതില്ല. മനുഷ്യാത്മാക്കളെ ദൈവത്തിന് വേണ്ടി വല വീശിപ്പിടിക്കാന്‍ നിയോഗിക്കപ്പെട്ട റോമിലെ ഈ വലിയ മുക്കുവന്റെ വലയില്‍ ലോകത്തിലെ അതി സമ്പന്നന്മാരായ പല കൂറ്റന്‍ സ്രാവുകളും കുടുങ്ങാറുണ്ടെന്നതാണ് പരമാര്‍ഥം. ഈ ജനാധിപത്യ യുഗത്തിലും ഒട്ടും സുതാര്യമല്ലാത്ത തരത്തില്‍ പണം കൊണ്ട് വ്യാപാരം നടത്തുന്ന ലോകത്തിലെ ഒരേയൊരു ബേങ്കും ഒരുപക്ഷേ, വത്തിക്കാന്‍ ബേങ്ക് മാത്രമായിരിക്കും. രഹസ്യ ബേങ്ക് അക്കൗണ്ടുകളുടെ കാര്യത്തില്‍ കുപ്രസിദ്ധമായ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നും ഇറ്റലിയിലേക്ക് പണം കടത്തുന്നതിന് വത്തിക്കാന്‍ ബേങ്ക് ആസുത്രണം ചെയ്ത ചില തന്ത്രങ്ങളാണിപ്പോള്‍ പുറത്തായിരിക്കുന്നത്.
മാര്‍പ്പാപ്പ ഫ്രാന്‍സിസ് ഒന്നാമന്‍ സ്ഥാനമേറ്റ കുറഞ്ഞ നാളിനുള്ളില്‍ തന്നെ വത്തിക്കാന്‍ ബേങ്കിന്റ ചില ഉള്ളറ രഹസ്യങ്ങളിലേക്കു വെളിച്ചം വീശാന്‍ ശ്രമിച്ചത് നല്ല കാര്യം തന്നെ. ലോകം പുതിയ മാര്‍പ്പാപ്പയില്‍ അര്‍പ്പിച്ച പ്രതീക്ഷകള്‍ തീര്‍ത്തും അസ്ഥാനത്തായിട്ടില്ലെന്നു തെളിയിക്കുന്നതാണ് മോണ്‍സിഞ്ഞോര്‍നണ്‍സിയോ സ്‌ക്കര്‍ണൊയെ വത്തിക്കാന്‍ സമ്പത്തിന്റെ മുഖ്യ കാര്യദര്‍ശി സ്ഥാനത്തു നിന്നും നീക്കിയതും അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതും.
പല വത്തിക്കാന്‍ നീരീക്ഷകരേയും ആശങ്കപ്പെടുത്തുന്നത് 1978ല്‍ കേവലം 33 ദിവസം മാത്രം മാര്‍പ്പാപ്പാ സ്ഥാനത്തിരുന്നിട്ട് സംശയകരമായ സാഹചര്യത്തില്‍ മരിച്ച ജോണ്‍ പോള്‍ ഒന്നാമന്റെ അതേ ഗതി ഇദ്ദേഹത്തിനും സംഭവിക്കുമോ എന്നാണ്. പാവങ്ങളുടെ കര്‍ദിനാള്‍, പുഞ്ചിരിക്കുന്ന പാപ്പയെന്നൊക്കെ ലോകം വിളിച്ചിരുന്ന അല്‍ബിനോലൂസിയാനി, മാര്‍പ്പാപ്പയുടെ സിംഹാസനത്തില്‍ ആരൂഢനായത് വത്തിക്കാനിലെ പല പ്രമാണിമാരേയും അലോസരപ്പെടുത്തിയിരിക്കുന്നു. 1984ല്‍ ഡേവിഡ് എ യാലോവപ്പ് എന്ന അന്വേഷണാത്മക ഗന്ഥകാരന്‍ ദൈവനാമത്തില്‍ എന്ന പേരില്‍ ഒരുഗ്രന്ഥം പ്രസിദ്ധീകരിച്ചു. മാര്‍പ്പാപ്പാ സ്ഥാനം ഏറ്റതിന്റെ 34-ാം ദിവസം നേരം വെളുത്തപ്പോള്‍ ദുരൂഹസാഹചര്യത്തില്‍ ആരും അറിയാതെ തന്റെ കട്ടിലിലില്‍ മാര്‍പ്പാപ്പ ജോണ്‍ ഒന്നാമന്‍ മരിച്ചുകിടക്കുന്നത് ആണ് ലോകം കണ്ടത്. മൂന്ന് വര്‍ഷത്തെ നിരന്തരമായ അന്വേഷണപഠനങ്ങളുടെ വെളിച്ചത്തില്‍ ഡേവിഡ് യാലോപ് പ്രസിദ്ധീകരിച്ച പ്രസ്തുത പുസ്തകം വത്തിക്കാന്‍ ബേങ്കിലെ അക്കാലത്തെ സാമ്പത്തിക തിരിമറികളുടെയും പുറമെ ദൈവത്തേയും അകമെ മാമോനേയും സേവിക്കുന്ന വത്തിക്കാനിലെ ഉന്നത പുരോഹിതവൃന്ദത്തിന്റെയും പല നിഗൂഢതകളേയും അനാവരണം ചെയ്യുകയുണ്ടായി.
നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും വായ്പകള്‍ നല്‍കുകയും നിക്ഷേപകര്‍ക്ക് നല്‍കുന്ന പലിശയും കടക്കാരില്‍ നിന്നീടാക്കാവുന്ന പലിശയും തമ്മിലുള്ള വ്യത്യാസത്തില്‍ നിന്നും ലാഭം എടുക്കുകയും ചെയ്യുന്നതിന് പുറമെ സേവനങ്ങള്‍ക്ക് ഈടാക്കുന്ന ഫീസിലൂടെയും ലാഭം ഉണ്ടാക്കുകയും ചെയ്യുന്ന വാണിജ്യ ബേങ്കുകള്‍, നിക്ഷേപ ബേങ്കുകള്‍, കേന്ദ്രീയ ബാങ്കുകള്‍ തുടങ്ങി നമുക്കു പരിചിതമായ ബേങ്കിംഗ് ശൈലിയുടെ പട്ടികയില്‍ പെട്ട ഒരു ബേങ്ക് അല്ല വത്തിക്കാന്‍ ബാങ്ക്.
ലോകത്തിലെ വലിയ ഒരു സമ്പത്തിന്റെ ഉടമകളായിരുന്നു റോമിലെ മാര്‍പ്പാപ്പമാര്‍. 1215ലെ ലാറ്ററല്‍ കൗണ്‍സിലിന്റെ തീരുമാനപ്രകാരം പാപ്പമാര്‍ക്ക് ലോകത്തില്‍ ആത്മീയവും ലൗകികവുമായ അധികാരങ്ങള്‍ ഉണ്ടെന്നാണ് സങ്കല്‍പ്പം. 109 ഏക്കര്‍ മാത്രമുള്ള വത്തിക്കാന്‍ സ്റ്റേറ്റിന് ഒരു രാജ്യത്തിന്റെ അധികാരാവകാശങ്ങള്‍ എല്ലാം ഉണ്ട്. അന്യരാജ്യങ്ങള്‍ അനുവാദം കൂടാതെ വത്തിക്കാന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ പാടില്ല. 1929ല്‍ പയസ് പതിനൊന്നാമന്‍ പാപ്പാ വത്തിക്കാനില്‍ കുമുഞ്ഞുകൂടിയ പണം കൈകാര്യം ചെയ്യാന്‍ വേണ്ടി ബര്‍ണാഡിനോഗോരോ എന്നൊരു കത്തോലിക്കനെ നിയമിച്ചു പണമിടപാടില്‍ ബഹുസമര്‍ഥനായ ഈ നൊരാഗോ ആയിരുന്നു വത്തിക്കാന്‍ ബേങ്കിന്റെ ശില്‍പ്പി. പണം കൊണ്ടെറിഞ്ഞാല്‍ പണത്തെ കൊള്ളുമെന്നും ജന്തുക്കള്‍ മാത്രമല്ല പണവും പെറ്റു പെരുകും എന്നുമൊക്കെയുള്ള ആധുനിക മുതലാളിത്തത്തിന്റെ പാഠങ്ങള്‍ പ്രയോഗത്തില്‍ കൊണ്ടുവരാന്‍ നൊഗാരോ അതിസമര്‍ഥനായിരുന്നു. ബേങ്കിന്റെ ലാഭം നാള്‍ക്കുനാള്‍ വര്‍ധിച്ചു പണം പെരുകണമെന്നല്ലാതെ അതുകൊണ്ടെന്തു ചെയ്യുന്നു; അതുനിമിത്തം എന്തൊക്കെ സാമൂഹ്യവിപത്തുകള്‍ ഉണ്ടാകുന്നു; ഇതൊന്നും അന്വേഷിക്കേണ്ട ബാഛ്യത ഒരു ബേങ്കിനും ഇല്ലല്ലോ. ക്രമേണ റോം കേന്ദ്രീകരിച്ചു സഭാസേവനം നടത്തിയിരുന്ന അത്യുന്നത കര്‍ദിനാളന്മാരുടെ ആശ്രിതവാത്സല്യം പൂത്തുലഞ്ഞു. സ്വന്തക്കാരെ സുപ്രധാന സ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചു. വത്തിക്കാന്‍ മുന്‍കൈ എടുത്തും പിന്നില്‍ നിന്നും ചരടുവലി നടത്തിയും ഒട്ടേറെ അന്താരാഷ്ട്ര ഇടപാടുകള്‍ ഉള്ള വന്‍കിട കമ്പനികള്‍ വത്തിക്കാന്‍ ബേങ്കിന്റെ പണം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ചിറക് വിടര്‍ത്തി. രണ്ടാം ലോക മഹായുദ്ധം തങ്ങള്‍ക്കൊരു ചാകരയായിരിക്കുമെന്ന കണക്കുകൂട്ടലില്‍ വത്തിക്കാന്‍ ബേങ്ക് ആയുധ കച്ചടവത്തിലും സ്വര്‍ണശേഖരത്തിലും വന്‍തോതില്‍ മുതല്‍മുടക്കി. അതെല്ലാം ബേങ്കിന് ഭീമമായ ലാഭം ഉണ്ടാക്കിക്കൊടുത്തു. മുസോളിനിയുടെ ഫാസിസ്റ്റ് സര്‍ക്കാറിന് കത്തോലിക്കാ പള്ളി ചെയ്തുകൊടുത്ത ഒത്താശകള്‍ക്കു പ്രതിഫലമായി ഭരണകൂടം പള്ളിക്കു ധാരാളം ആസ്തികളുണ്ടാക്കിക്കൊടുത്തു. ജര്‍മനിയും ആയി സഭ ഏര്‍പ്പെട്ട കരാറുകളും വത്തിക്കാന്‍ ബേങ്കിലെ ധനവര്‍ധനവിന് സഹായകമായി.
ബേങ്കിന്റെ ആദ്യത്തെ മേധാവി നൊഗാരോ വിരമിച്ചതിനെ തുടര്‍ന്ന് താക്കോല്‍ സ്ഥാനങ്ങളിലെല്ലാം മെത്രാന്മാരും വൈദികരും നിയമിക്കപ്പെട്ടു. ഇറ്റലി കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന പല മാഫിയാ സംഘങ്ങളും അവരുടെ സാമ്പത്തിക ഏര്‍പ്പാടുകളുടെ സുരക്ഷിതത്വത്തിന് വത്തിക്കാന്‍ ബേങ്കിനെ തന്നെ ആശ്രയിച്ചു. 1954നു ശേഷം വത്തിക്കാന്‍ ബേങ്കിന്റെ ചുക്കാന്‍ പിടിച്ചതില്‍ പ്രധാനികള്‍, മാര്‍സിംകസ് എന്ന മെത്രാനും മൈക്കിള്‍സിന്‍ ജോണാ, ലിബിയോല്ലി, റോബര്‍ട്ടോകാല്‍വി എന്നീ മൂവര്‍ സംഘവും ആയിരുന്നു. ഇവരുടെ നേതൃത്വകാലത്താണ് ബാങ്കതിന്റെ വളര്‍ച്ചയുടെ പാരമ്യത്തെ പ്രാപിച്ചത്. ഈ ബേങ്കിംഗ് ബിസിനസ്സു വഴി വത്തിക്കാന്‍ പണമുണ്ടാക്കുന്ന കാര്യം സഭയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ പോലും മനസ്സിലാക്കിയിരുന്നില്ല. സഭയുടെ അളവറ്റ സമ്പത്തും അനുബന്ധ സൗകര്യങ്ങളും ദൈവത്തിന്റെ ദാനവും ദൈവിക വരപ്രസാദത്തിന്റെ പ്രതിഫലനവും ആണെന്നും ഒക്കെ ആണ് ലോകമെങ്ങുമുള്ള സത്യവിശ്വാസികള്‍ ആത്മാര്‍ഥമായി വിശ്വസിച്ചിരുന്നത്. വിശ്വാസത്തിന്റെയും പുറമെ പ്രകടിപ്പിക്കുന്ന സന്മാര്‍ഗ മര്യാദകളുടെയും തിരശ്ശീലക്ക് പിന്നില്‍ ധനദേവതയായ മാമോന്‍ നടത്തിയിരുന്ന കളികള്‍ വല്ലതുമുണ്ടോ വിശ്വാസികള്‍ അറിയുന്നു? സഭാവിശ്വാസികള്‍ എന്തൊക്കെയാണോ ചെയ്തുകൂടാത്തത് അതിനെല്ലാം വത്തിക്കാന്‍ ബേങ്ക് കൈയയച്ചു സഹായിച്ചു. അതില്‍ നിന്നെല്ലാം ലാഭം കൊയ്തു. ആയുധക്കച്ചവടം, മയക്കുമരുന്ന് കടത്ത്, നികുതിവെട്ടിപ്പ്, ഇതിനൊക്കെ ഒത്താശകള്‍ ചെയ്തു. കത്തോലിക്കാ സഭ ജനനനിയന്ത്രണത്തിനെതിരാണെങ്കിലും ഗര്‍ഭനിരോധന ഗുളികകളും മറ്റനുബന്ധ സാധനങ്ങളും നിര്‍മിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന കൂറ്റന്‍ കമ്പനികള്‍ ബേങ്കിന്റ ഇടപാടുകാരായതില്‍ സഭ ഒരു മന:സാക്ഷിക്കുത്തും പ്രകടിപ്പിച്ചില്ല.
പലിശ വാങ്ങിക്കുന്നതിനും കൊടുക്കുന്നതിനും 1830 വരെ സഭ ഔദ്യോഗികമായി എതിരായിരുന്നു. കാരണം പലിശയെ ഏറ്റവും വലിയ തിന്മയായി ബൈബിള്‍ വ്യക്തമായി ചിത്രീകരിച്ചിരുന്നു. “ദൈവമേ നിന്റെ കൂടാരത്തില്‍ ആരു പാര്‍ക്കും? നിന്റെ വിശുദ്ധ പര്‍വതത്തില്‍ ആരു വസിക്കും. നിഷ്‌സളങ്കനായി നടന്ന് നീതി പ്രവര്‍ത്തിക്കുകയും ഹൃദയപൂര്‍വം സത്യം സംസാരിക്കുകയും ചെയ്യുന്നവന്‍, നാവ്‌കൊണ്ട് കളവ് പറയാതെയും തന്റെ കൂട്ടുകാരന് അപമാനം വരുത്താതെയും തന്റെ ദ്രവ്യം പലിശക്ക് കൊടുക്കാതേയും കുറ്റമില്ലാത്തവന് വിരോധമായി കൈക്കൂലി വാങ്ങാതേയും ഇരിക്കുന്നവന്‍” (സങ്കീര്‍ത്തനം 15:1-5)
“പലിശ വാങ്ങുന്നവനും പലിശ കൊടുക്കുന്നവനും ഒരു പോലെ നശിക്കും” (യെശയ്യാവ്: 24:2) ഇതും ഇതിന് സമാനവും ആയ വിശുദ്ധലിഖിതങ്ങള്‍ക്ക് നേരെ കണ്ണടച്ചു കൊണ്ടാണ് കത്തോലിക്കാ സഭ പലിശ അനുവദനീയമാക്കിക്കൊണ്ട് പ്രഖ്യാപനം നടത്തിയതും സാമ്പത്തിക രംഗത്ത് അധാര്‍മികമായ മുന്നേറ്റം നടത്തിയതും. പലിശരഹിത ബേങ്ക് എന്ന ഇസ്‌ലാമിക ആശയം പരീക്ഷിച്ചു നോക്കാന്‍ പോയിട്ട് അതിന്റെ പ്രായോഗികത ചര്‍ച്ച ചെയ്യാന്‍ പോലും ക്രൈസ്തവ യൂറോപ്പ് ഇനിയും തയ്യാറായിട്ടില്ലെന്നോര്‍ക്കണം. സഭ മാത്രമല്ല സഭയോടു ബന്ധപ്പെട്ട് നില്‍ക്കുന്ന വ്യക്തികളും അവരുടെ സ്വകാര്യ ജീവിതത്തില്‍ ഇരട്ട വ്യക്തിത്വത്തിന്റെ ഉടമകളായി മാറിയിരിക്കുന്നു. മദ്യപാനത്തിനെതിരെ ഘോരഘോരം പ്രസംഗിക്കുന്നവര്‍ അബ്കാരി രംഗത്തു പണം മുടക്കുകയും അബ്കാരികളില്‍ നിന്ന് കൂറ്റന്‍ സംഭാവനകള്‍ സ്വീകരിച്ച് തങ്ങളുടെ പ്രൗഢിക്കും പ്രതാപത്തിന് മാറ്റ് കൂട്ടുകയും ചെയ്യുന്നതിലെ അധാര്‍മികത ചോദ്യം ചെയ്യപ്പെടാതെ പോകുന്നു.
കര്‍ദിനാള്‍ ലൂസിയാനി ജോണ്‍ പോണ്‍ ഒന്നാമന്‍ എന്ന പേരില്‍ മാര്‍പാപ്പ ആയി സ്ഥാനം ഏറ്റ ഉടന്‍ തന്നെ വത്തിക്കാന്‍ ബേങ്കിന്റെ നടത്തിപ്പും അതിലുള്‍പ്പെട്ട ആളുകളേയും കുറിച്ച് അന്വേഷണം ആരംഭിച്ചു. ഞെട്ടിക്കുന്ന വിവരങ്ങളാണ് പോപ്പിന് ലഭിച്ചത്. “”പോപ്പ് തങ്ങള്‍ക്കെതിരെ എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് തങ്ങളെന്തെങ്കിലും ചെയ്യണമെന്ന സംശയത്തിന്റെ ഫലമായിരുന്നു ജോണ്‍ പോള്‍ ഒന്നാമന്റെ ആകസ്മിക അന്ത്യം”” എന്നാണ് ഡേവിഡ് യാലോപ്പ് തന്റെ ഗ്രന്ഥത്തില്‍ സമര്‍ഥിക്കുന്നത്. പിന്‍ഗാമിയായി സ്ഥാനമേറ്റ ജോണ്‍ പോള്‍ രണ്ടാമനാകട്ടെ പേരിന്റെ കാര്യത്തില്‍ മാത്രമാണ് തന്റെ മുന്‍ഗാമിയോട് നീതി പുലര്‍ത്തിയത്. വത്തിക്കാനിലെ ഉപജാപക സംഘത്തിന്റെ ദീര്‍ഘകാല ഗവേഷണത്തിന്റെ ഫലമായി കണ്ടെത്തിയ ഒരാശയമായിരുന്നു കിഴക്കന്‍ യൂറോപ്പിലെ ഏതെങ്കിലും ഒരു കമ്മ്യൂണിസ്റ്റ് രാജ്യത്തില്‍ നിന്നുള്ള കര്‍ദിനാളിനെ മാര്‍പ്പാപ്പാസ്ഥാനത്ത് അവരോധിക്കുക എന്നത്. ദീര്‍ഘകാലമായി മന്ദീഭവിച്ചു കിടന്നിരുന്ന കത്തോലിക്കാ സഭയുടെ കമ്മ്യൂണിസ്റ്റ് വിരോധം ഉദ്ദീപിപ്പിക്കുക എന്നതായിരുന്നു ഇതിന്റെ ഉദ്ദേശ്യം. പോളണ്ടിലെ കമ്മ്യൂണിസ്റ്റ്‌വിരുദ്ധ കക്ഷി സോളിഡാരിറ്റിയുടെ ആത്മീയ ആചാര്യനായിരുന്ന കര്‍ദ്ദിനാള്‍ കരോള്‍ വോജ്ടിലാ, ജോണ്‍ പോള്‍ രണ്ടാമനെന്ന പേരില്‍ മാര്‍പാപ്പാ ആയി. ഏറെ താമസിയാതെ പോളണ്ടിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നിലം പതിച്ചു. വത്തിക്കാന്‍ ബേങ്കിന്റെ സ്‌ട്രോംഗ് റൂമുകളില്‍ നിന്നും പോളണ്ടിലേക്ക് പണം ഒഴുകി. ജോണ്‍പോള്‍ ഒന്നാമന്‍ വത്തിക്കാന്‍ ബാങ്കിനെതിരെ ഏര്‍പ്പെടുത്തിയ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വെളിച്ചം കാണാതെ അപ്രത്യക്ഷമായി. മാര്‍പ്പാപ്പമാര്‍ വത്തിക്കാനിലെ മാമോന്‍ സേവകരുടെ തടവുകാരാവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മുന്‍മാര്‍പാപ്പാ എല്ലാ പാരമ്പര്യങ്ങളേയും ലംഘിച്ചുകൊണ്ട് സ്ഥാനം ഒഴിയുന്നതും പുതിയമാര്‍പാപ്പ ഫ്രാന്‍സിസ് ഒന്നാമന്‍ ആ സ്ഥാനത്ത് അവരോധിക്കപ്പെടുന്നതും വത്തിക്കാന്‍ ബാങ്ക് എന്ന കാളക്കൂറ്റന് മൂക്കു കയറിടാനുള്ള പുതിയ മാര്‍പ്പാപ്പയുടെ ആദ്യശ്രമം ആണ് നൂണ്‍സിന്തോര്‍ കണ്‍സിയോയുടെയും അദ്ദേഹത്തിന്റെ ചില സഹായികളുടെയും അറസ്റ്റില്‍ കലാശിച്ചതെന്നാണ് ഇറ്റാലിയന്‍ വാര്‍ത്താ മാധ്യമങ്ങള്‍ ലോകത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്. കത്തോലിക്കാ സഭ മാത്രമല്ല സഭാവിശ്വാസികളും ബേങ്കിംഗ് കൊമേഴ്‌സല്‍ കോംപ്ലക്‌സുകളുടെ നിര്‍മാണവിപണനം, റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ്, വിദ്യാഭ്യാസ കച്ചവടം, തുടങ്ങിയ അധ്യാത്മിക അന്തസ്സിന് നിരക്കാത്ത ജോലികളില്‍ നിന്നും പിന്തിരിയണം എന്ന ഒരു പരോക്ഷ സന്ദേശം കൂടി വായിച്ചെടുക്കാന്‍ വിശ്വാസികള്‍ക്ക് കഴിയണം.