സഭയില്‍ കൊളുത്തി; തെരുവില്‍ പൊട്ടി

Posted on: July 9, 2013 11:34 pm | Last updated: July 9, 2013 at 11:34 pm

സരിതോര്‍ജത്തിന്റെ സഭയിലെ അവസാന ആളിക്കത്തലായിരുന്നു ഇന്നലെ. പതിനെട്ട് വരെ ചേരാന്‍ നിശ്ചയിച്ച ഒന്‍പതാം സമ്മേളനം ഇതില്‍ കരിഞ്ഞു പോയി. ഒരു വര്‍ഷം ഭരിക്കാനാവശ്യമായ പണം സംഭരിച്ച ധനകാര്യ ബില്‍, ചര്‍ച്ചയും വോട്ടെടുപ്പുമില്ലാതെ ഒരു മിനിട്ടില്‍ ചുട്ടെടുത്തു.

സഭാതലം സംഘര്‍ഷ വേദിയാകുന്നതിലെ വേദനയും ഇത് ജനാധിപത്യത്തിനുണ്ടാക്കുന്ന വെല്ലുവിളിയെക്കുറിച്ചുമെല്ലാം സ്പീക്കര്‍ നടത്തിയ റൂളിംഗ് പോലും കൂട്ട ബഹളത്തിനിടയിലമര്‍ന്നു. ദേശീയ ഗാനം ആലപിച്ച ഒരു മിനിട്ട് മാറ്റി നിര്‍ത്തിയാല്‍ പൂരപ്പറമ്പ് പോലെയായിരുന്നു സഭാതലം. ചോദ്യോത്തരവേളയില്‍ ഏറുപടക്കമായിരുന്നെങ്കില്‍ ശൂന്യവേളയില്‍ ഗുണ്ട് തന്നെ പൊട്ടി. സഭ വിട്ട് തെരുവിലേക്ക് ഇറങ്ങിയതോടെ പോലീസിന്റെ ഗ്രനേഡും.
ക്ഷുഭിതയൗവനത്തിന് നേരെയുള്ള പോലീസ്, യൂത്ത് കോണ്‍ഗ്രസ് അതിക്രമമാണ് സി ദിവാകരന്റെ അടിയന്തര പ്രമേയത്തിന് വിഷയമാക്കിയതെങ്കില്‍ ക്രമപ്രശ്‌നത്തിലൂടെ കോടിയേരി ബാലകൃഷ്ണന്‍ അത് സോളാറിലെത്തിച്ചു. ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തലുകള്‍ അടിസ്ഥാനമാക്കിയായിരുന്നു കോടിയേരിയുടെ തിരക്കഥ. കൂലിക്ക് ഗുണ്ടകളെ വിട്ട് സമരക്കാരെ തല്ലുന്ന ആധുനിക ദുശ്ശാസനന്‍മാര്‍ക്ക് ശാലുവിന്റെയും സരിതയുടെയും രോമത്തില്‍ പോലും തൊടാന്‍ കഴിയുന്നില്ലെന്ന് ദിവാകരന്‍. ഭരണം അട്ടിമറിക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവന കൂട്ടിച്ചേര്‍ത്ത് വായിച്ച ദിവാകരന്‍ കേരളം അരാജകത്വത്തിലേക്ക് നീങ്ങിയ സത്യവും വെളിപ്പെടുത്തി.
സരിത വാര്‍ഷികം കെങ്കേമമായി ആഘോഷിക്കാനും ദിവാകരന്‍ നിര്‍ദേശിച്ചു. കാരണം കൃത്യം ഒരു വര്‍ഷം മുമ്പ് ഇതുപോലൊരു ജൂലൈ ഒന്‍പതിനാണ് മുഖ്യമന്ത്രിയെ കാണാന്‍ സരിതയും ശ്രീധരന്‍ നായരുമെത്തിയത്. ആഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഡു വിതരണം തുടങ്ങിക്കാണുമെന്നും ദിവാകരന്‍ പരിഹസിച്ചു. സമരക്കാരെ മര്‍ദിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തിരുവഞ്ചൂരിന് നൂറ് വട്ടം സമ്മതം. എന്നാല്‍, പോയ കാലത്ത് തന്റെ കൈ തല്ലി ഒടിച്ചതിന്റെ ഓര്‍മകള്‍ തികട്ടി തികട്ടി വന്നെന്ന് മാത്രം.
രാഷ്ട്രീയ ഗൂഢാലോചന കണ്ട് പേടിക്കുന്നയാളല്ല ഉമ്മന്‍ ചാണ്ടി. രാജി ആവശ്യം കുറേ കാലമായി കേള്‍ക്കുന്നതാണ്. കസേര വിട്ടൊഴിയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇന്നലെയും ട്രഷറി ബെഞ്ചിലെ നിറഞ്ഞ കൈയടിക്കിടെ അസന്നിഗ്ധമായി പ്രഖ്യാപിച്ചു. ക്വാറിയും സൗരോര്‍ജവും തമ്മില്‍ ബന്ധമൊന്നുമില്ല. ഓരോ സമയത്തും ഓരോന്ന് പറയുന്ന ശ്രീധരന്‍ നായരുടെ വിശ്വാസ്യതയില്‍ തിരുവഞ്ചൂരിനും സംശയം.
ഉമ്മന്‍ ചാണ്ടിയുടെ ഉറപ്പിന് ശക്തി കൂട്ടാന്‍ സി സി ടി വി ദൃശ്യങ്ങള്‍ കാണാന്‍ തോമസ് ഐസക്ക് ആഗ്രഹിച്ചു. കാണിച്ചു കൊടുക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് താത്പര്യമുണ്ട്. പക്ഷെ, ലൈവ് കാസ്റ്റിംഗ് ക്യാമറയില്‍ റെക്കോര്‍ഡിംഗ് ഇല്ലെന്ന് മാത്രം. ചട്ടം 164 അനുസരിച്ച് കോടതിയില്‍ സ്റ്റേറ്റ്‌മെന്റ് നല്‍കി കഴിഞ്ഞാല്‍ കേസെടുക്കാതെ പോലീസിന് മുന്നില്‍ വഴികളില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. യഥാര്‍ഥ പരാതിയില്‍ നിന്ന് അപ്പാടെ മാറിയ സാഹചര്യത്തില്‍ അതൊക്കെ നടക്കുമോയെന്ന് ഉമ്മന്‍ ചാണ്ടി സംശയിച്ചു.
കെട്ടുകഥ കണ്ട് അന്തം വിട്ടിരുന്ന കെ എം മാണി തന്റെ നിയമ പാണ്ഡിത്യം കൊണ്ട് പ്രതിരോധം തീര്‍ത്തു. ശ്രീധരന്‍ നായരുടെ വക്കീല്‍ നോട്ടീസായിരുന്നു ആധാരം. മുഖ്യമന്ത്രിയെ കണ്ട ദിവസത്തിനും ഒരു മാസം മുമ്പ് പണം കൈമാറിയെന്നാണ് നോട്ടീസ്. പിന്നെ എന്തിനീ കോലാഹലം.? ഇത് മാത്രം മാണിക്ക് മനസ്സിലായില്ല.
ഉമ്മന്‍ ചാണ്ടിയുടെ കൂട്ടുകാരിയെന്നാണ് സരിതക്ക് വി എസ് അച്യുതാനന്ദന്‍ നല്‍കിയ വിശേഷണം. അറേബ്യയിലെ എത്ര നല്ല സുഗന്ധം പുരട്ടിയാലും ദേഹത്ത് വീണ അഴുക്ക് മാറില്ല. ചിന്താവിഷ്ടയായ ശ്യാമളയില്‍ ശ്രീനിവാസനെ പോലെയാണ് ഉമ്മന്‍ ചാണ്ടി.
കുട്ടികളെ കൊണ്ട് അയ്യോ അച്ഛാ പോകല്ലേയെന്ന് പറയിപ്പിക്കും പോലെ സഹമന്ത്രിമാരെ കൊണ്ട് അയ്യോ മുഖ്യാ രാജിവെക്കല്ലേയെന്ന് പറയിപ്പിക്കുകയാണെന്നും വി എസ് പരിഹസിച്ചു. അവശ്യം വേണ്ട പ്രസംഗങ്ങള്‍ കഴിഞ്ഞതോടെ കലാപരിപാടികളിലേക്ക് കടന്നു. മുദ്രാവാക്യം വിളി, ബഹളം, ബില്ലുകള്‍ ചുട്ടെടുക്കല്‍. മിനിട്ടില്‍ കാര്യങ്ങള്‍ തീര്‍ത്ത് ഇനി തെരുവില്‍ കാണാമെന്ന പ്രഖ്യാപനത്തോടെ പടിയിറക്കം.