വിശുദ്ധ റമസാന് തുടക്കം; ഇനി പുണ്യങ്ങളുടെ പൂക്കാലം

Posted on: July 9, 2013 8:51 pm | Last updated: July 11, 2013 at 7:45 am

ramzan

മലപ്പുറം: വിശുദ്ധിയുടെ പ്രതീകവുമായി മാനത്ത് പൊന്നമ്പിളിക്കല തിളങ്ങി. ഇനി വിശ്വാസികള്‍ക്ക് പുണ്യങ്ങളുടെ പൂക്കാലം. ഹിജ്‌റ കലണ്ടര്‍ പ്രകാരം ശഅ്ബാന്‍ 29ന് മാസപ്പിറവി ദൃശ്യമായതോടെയാണ് വിശുദ്ധ റമസാന് തുടക്കമായത്. ഗള്‍ഫ് രാജ്യങ്ങളിലും ഇന്ന് തന്നെയാണ് റമസാന്‍ ആരംഭിക്കുന്നത്. വയനാട്ടില്‍ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് വിവിധ ഖാസിമാര്‍ റമസാന്‍ ഉറപ്പിച്ചത്.കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, കെ പി ഹംസ മുസ്ലിയാര്‍, എന്‍ അലി മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, ബേപ്പൂര്‍ ഖാസി പി.ടി. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ എന്നിവരും, വിവിധ ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കെ.വി. ഇമ്പിച്ചമ്മദ് ഹാജി, നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബുദ്ദീന്‍ തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍, സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ എന്നിവരും അറിയിച്ചു.

തെറ്റുകളില്‍ നിന്ന് മാറി ആത്മ വിശുദ്ധിയുടെ തെളിനീരുറവക്കായി വ്രതമനുഷ്ഠിച്ചും ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകിയും ദാനധര്‍മങ്ങള്‍ ചെയ്തും റമസാനിലെ രാപകലുകളെ വിശ്വാസികള്‍ സജീവമാക്കും. ഇനിയുള്ള ഒരുമാസക്കാലം ആത്മസംസ്‌കരണത്തിന്റെയും വിശുദ്ധിയുടെയും നാളുകളാണ്. പകല്‍സമയങ്ങളില്‍ ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിച്ച് ആരാധനാ കര്‍മങ്ങളില്‍ മുഴുകി ദൈവസാമീപ്യം കരസ്ഥമാക്കുകയാണ് വ്രതത്തിലൂടെ വിശ്വാസികള്‍ ചെയ്യുന്നത്. വിശപ്പിന്റെ രുചിയറിഞ്ഞ് ഇല്ലാത്തവന്റെ വേദനകള്‍ മനസിലാക്കി ദാനധര്‍മങ്ങളില്‍ മുഴുകിയും വിശുദ്ധ ഖുര്‍ആന്‍ പാരായണം അധികരിപ്പിച്ചും പള്ളികളില്‍ ഇഅ്തികാഫിരുന്നും ആരാധനകള്‍ വര്‍ധിപ്പിക്കും.

രാത്രികളില്‍ ഇരുപത് റകഅത്ത് തറാവീഹ് നമസ്‌കാരങ്ങളില്‍ പങ്കെടുക്കാനും വിശ്വാസികള്‍ കൂട്ടമായെത്തും. ഖുര്‍ആന്‍ അവതീര്‍ണമായ മാസമായതിനാല്‍ പള്ളികളും ഇസ്‌ലാമിക സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ഖുര്‍ആന്‍ പഠന സംഗമങ്ങളും വിജ്ഞാന വേദികളും നടക്കും. വൈകുന്നേരം പള്ളികളില്‍ പ്രത്യേക സമൂഹ നോമ്പ് തുറകളും വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമങ്ങളും നടക്കും.

ALSO READ  ജീരകക്കഞ്ഞി കുടിച്ച് പാതിരാ വഅള് കേൾക്കാൻ