Connect with us

Gulf

വിദേശത്തെ സ്വാഭാവിക മരണങ്ങള്‍ക്കും പോസ്റ്റ്‌മോര്‍ട്ടം വേണ്ടി വരും

Published

|

Last Updated

മസ്‌കത്ത്: മൃതദേഹങ്ങള്‍ നാട്ടില്‍ കൊണ്ടു പോകുന്നതിന് രണ്ടു ദിവസം മുമ്പ് സര്‍കുലര്‍ ഹാജരാക്കണമെന്ന നിര്‍ദേശത്തില്‍ കൂടുതല്‍ സങ്കീര്‍ണതകള്‍. സ്വാഭാവിക മരണങ്ങള്‍ക്കു പോലും പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ട സാഹചര്യമാണ് പുതിയ നിയമം സൃഷ്ടിക്കുന്നതെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടെ കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നിര്‍ദേശം കൂടുതല്‍ പ്രത്യാഘാതങ്ങളും ദുരൂഹതകളും സൃഷ്ടിക്കുകയാണ്.

മരണ സര്‍ട്ടിഫിക്കറ്റില്‍ മരണ കാരണം വ്യക്തമാക്കിയിരിക്കണമെന്ന നിര്‍ദേശമാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. സ്വാഭാവിക മരണമെന്നോ കാരണം തിരിച്ചറിയാത്ത മരണമെന്നോ രേഖപ്പെടുത്തിയ മരണ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കില്ലെന്നാണ് സര്‍കുലറില്‍ പറയുന്നത്. ഇതോടെ ഇത്തരം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു വിധേയമാക്കേണ്ടി വരും. അസുഖം ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും ഡോക്ടര്‍മാര്‍ രോഗം കണ്ടെത്തി ചികിത്സിക്കിടെ മരണം സംഭവിക്കുകയും ചെയ്യുന്ന കേസുകളില്‍ മാത്രമാണ് മരണ സര്‍ട്ടിഫിക്കറ്റുകളില്‍ മരണ കാരണം വ്യക്തമാക്കുക പതിവ്. അതല്ലാത്ത ഘട്ടങ്ങളിലെല്ലാം തിരിച്ചറിയാത്തതെന്നോ സ്വാഭാവികമെന്നോ ആണ് കാരണമെഴുതുക. പ്രവാസികള്‍ക്കിടയില്‍ നടക്കുന്ന ഭൂരിഭാഗം മരണങ്ങളും ഇങ്ങനെയാണെന്നും പുതിയ നിയമം സ്വാഭാവിക മരണം സംഭവിക്കുന്നവരെല്ലാം പോസ്റ്റ്‌മോര്‍ട്ടത്തിനു വിധേയമാക്കേണ്ട സാഹചര്യമാണുണ്ടാക്കുന്നതെന്നും കെ എം സി സി പ്രവര്‍ത്തകന്‍ ശമീര്‍ പി ടി കെ പറഞ്ഞു. നിര്‍ദേശത്തിനെതിരെ പ്രവാസികള്‍ക്കിടയില്‍ പ്രതിഷേധം പുകയുന്നു. പ്രശ്‌നം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ശ്രദ്ധയില്‍ പെടുത്തി പരിഹാരം കാണുന്നതിനു തയാറെടുക്കുകയാണ് സാമൂഹിക സംഘടനകള്‍.

പ്രശ്‌നം എം പിമാര്‍ വഴി പാര്‍ലിമെന്റില്‍ അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടു വരാന്‍ ശ്രമിക്കുമെന്ന് ഇടതുപക്ഷ സംഘടനയായ കൈരളി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം കെ കെ സുനില്‍ കുമാര്‍ പറഞ്ഞു. ഒരു ന്യായവുമില്ലാത്ത തീരുമാനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങള്‍ ഇവിടെ വെച്ചു മരിക്കുന്നവരുടെ മൃതദേഹം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സ്വന്തം നാടുകളിലേക്ക് അയക്കുന്നതിന് സൗകര്യം ചെയ്തു തരുമ്പോള്‍ തികച്ചും സാങ്കേതികമായ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ജനാധിപത്യ രാജ്യത്തെ സര്‍ക്കാര്‍ പ്രവാസികളെ കഷ്ടത്തിലാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

തികച്ചും സൗജന്യമായി ഇന്ത്യക്കാരുടെ ഭൗതിക ശരീരം നാട്ടിലേക്കു കൊണ്ടു പോകാന്‍ സൗകര്യമുണ്ടായിരുന്നത് നിര്‍ത്തലാക്കിയപ്പോള്‍ പ്രതികരിക്കാനും പഴയ സ്ഥിതി തിരികെ കൊണ്ടു വരാനും കഴിയാത്തവരാണ് നമ്മളെന്ന് മാധ്യമ പ്രവര്‍ത്തകനും എയര്‍ ട്രാവല്‍ രംഗത്തെ പ്രതിനിധിയുമായ സേവ്യര്‍ കാവാലം പറഞ്ഞു. മൃതദേഹത്തിനൊപ്പം കൂടെ പോകുന്ന ഒരാള്‍ക്കു കൂടി സൗജന്യ ടിക്കറ്റ് ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മരണപ്പെടുന്നവരുടെ ഭൗതിക ശരീരം നാട്ടില്‍ കൊണ്ടുപോകുന്നതിനു കൂടി കൂടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.