ഇറാഖ്, ഘാന സെമിയില്‍

Posted on: July 9, 2013 6:00 am | Last updated: July 9, 2013 at 8:54 am

ഇസ്താംബൂള്‍: ഫിഫ അണ്ടര്‍ 20 ലോകകപ്പില്‍ ദക്ഷിണകൊറിയയെ ഷൂട്ടൗട്ടില്‍ (4-5) കീഴടക്കി ഇറാഖും ചിലിയെ എക്‌സ്ട്രാ ടൈമിലെ അവസാന മിനുട്ടില്‍ കീഴടക്കി (3-4) ഘാനയും സെമിഫൈനലില്‍. നാളെ നടക്കുന്ന സെമിയില്‍ ഇറാഖ് ഉറുഗ്വെയെയും ഘാന ഫ്രാന്‍സിനെയും നേരിടും. പതിനാല് വര്‍ഷത്തിനിടെ അണ്ടര്‍ 20 ലോകകപ്പില്‍ സെമിയിലെത്തുന്ന ആദ്യ ഏഷ്യന്‍ ടീമാണ് ഇറാഖ്. 2004 ഒളിമ്പിക്‌സില്‍ സെമിയിലെത്തിയതിന് പിന്നാലെയാണ് ഇറാഖിന്റെ പ്രധാനപ്പെട്ട മറ്റൊരു കുതിപ്പ് ലോകം കാണുന്നത്.
നിശ്ചിത സമയത്ത് 2-2നും അധിക സമയത്ത് 3-3നും തുല്യത പാലിച്ചതോടെയാണ് ഇറാഖ്-കൊറിയ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. യോന്‍ ജിമിന്‍, മുഹമ്മദ് ജാബര്‍ കിക്കുകള്‍ പാഴാക്കിയതോടെ സഡന്‍ ഡെത്തിലേക്ക് കടന്നു. വാംഗ്ഹുനിന്റെ കിക്ക് തടയപ്പെട്ടപ്പോള്‍ ഫര്‍ഹാന്‍ ഷുക്കൂറിന്റെ കിക്കില്‍ ഇറാഖ് സെമിയുറപ്പിച്ചു. 21താം മിനുട്ടില്‍ അലി ഫെയ്‌സ് പെനാല്‍റ്റിയിലൂടെ ഇറാഖിനെ മുന്നിലെത്തിച്ചു (1-0). 25താം മിനുട്ടില്‍ വോന്‍ ചാംഹൂന്‍ സമനില നേടി (1-1). 42താം മിനുട്ടില്‍ ഫര്‍ഹാന്‍ ഷുക്കൂറിലൂടെ ഇറാഖ് വീണ്ടും മുന്നില്‍ (2-1). അമ്പതാം മിനുട്ടില്‍ ലീ വാന്‍ഹുന്‍ സമനില ഗോളടിച്ചു (2-2). 118താം മിനുട്ടില്‍ ഷുക്കൂറിലൂടെ ഇറാഖ് 3-2ന് ലീഡെടുത്തു. അധികസമയത്തെ ഇഞ്ച്വറി ടൈമില്‍ ജുംഗ് ഹ്യുന്‍ചെല്‍ കൊറിയക്ക് ആവേശ സമനിലയൊരുക്കി (3-3).
ഏഴ് ഗോളുകള്‍ പിറന്ന ത്രില്ലറില്‍ അങ്ങേയറ്റം നാടകീയമായിരുന്നു ഘാനയുടെ വിജയം. എക്‌സ്ട്രാ ടൈമില്‍ 2-3ന് പിറകിലായ ശേഷം 113 ാം മിനുട്ടില്‍ സമനില ഗോള്‍. 121 ാം മിനുട്ടില്‍ വിജയഗോള്‍. റഫറി ഫൈനല്‍ വിസിലിനൊരുങ്ങുമ്പോഴാണ് എബെനെസര്‍ അസിഫ്യുയയുടെ വിജയഗോള്‍.
ഗോളുകള്‍ക്ക് ദാരിദ്ര്യമില്ലാത്ത മത്സരത്തില്‍ പതിനൊന്നാം മിനുട്ടില്‍ ഘാനയാണ് ആദ്യം ലീഡെടുത്തത്. മോസസ് ഓജറാണ് ഗോളിനുടമ. ടൂര്‍ണമെന്റിലെ മികച്ച ഗോളുകളിലൊന്നായി ഇത്. ചിപ് ചെയ്ത് വന്ന ക്രോസ് ബോള്‍ നെഞ്ചില്‍ സ്വീകരിച്ച പതിനാറുകാരന്‍ പന്ത് മുന്നിലേക്കിട്ട് ഓങ്ങി നിന്നു. പന്ത് കൃത്യം ഉയരത്തിലെത്തില്‍ പൊന്തി വന്നപ്പോള്‍ വലം കാല്‍ കൊണ്ട് പതിനഞ്ച് വാര അകലെ നിന്ന് തകര്‍പ്പന്‍ വോളി. വലയുടെ ഒത്ത മുകളറ്റം ഇളക്കിമറിച്ച് പന്ത് ഗോളിയുടെ രക്ഷാകേന്ദ്രത്തില്‍ വിശ്രമിച്ചു. ലീഡ് നേടിയതിന്റെ ആവേശത്തില്‍ ഘാന കൂടുതല്‍ ഒത്തിണക്കം കാണിച്ചു.
ഇടക്കിടെ ചിലി എതിര്‍ ഗോള്‍മുഖത്തേക്കെത്തി. ഇരുപത്തിമൂന്നാം മിനുട്ടില്‍ നികോളാസ് കാസ്റ്റിലോ സമനില നേടിയപ്പോള്‍ ഘാന ഞെട്ടി. തുര്‍ക്കി ലോകകപ്പില്‍ എല്ലാ മത്സരത്തിലും സ്‌കോര്‍ ചെയ്തുവെന്ന റെക്കോര്‍ഡുമായാണ് കാസ്റ്റിലോ മടങ്ങിയത്. നാല് മിനുട്ടിനുള്ളില്‍ കറുത്ത നക്ഷത്രങ്ങളുടെ വലയില്‍ ചിലി രണ്ടാം ഗോള്‍ നിക്ഷേപിച്ചു.
ഏഞ്ചലോ ഹെന്റികസാണ് ഗോള്‍ നേടിയത്. ഇരുപത് വാര അകലെ നിന്നായിരുന്നു ഹെന്റികസിന്റെ സൂപ്പര്‍ ഗോള്‍. ആദ്യ പകുതിയില്‍ 2-1ന് ചിലി മുന്നില്‍. രണ്ടാം പകുതിക്ക് ഘാനയെത്തിയത് പൊരുതാനുറച്ചായിരുന്നു. പ്രതിരോധം മറന്ന് ഘാന കയറിക്കളിച്ചപ്പോള്‍ കാസ്റ്റിലോയും ഹെന്റികസും ഘാന ഗോളിയെ പരീക്ഷിച്ചു. എഴുപത്തിരണ്ടാം മിനുട്ടിലാണ് സമനില ഗോള്‍. ക്ലിഫോര്‍ഡ് അബോഗ്യെയുടെ ബുദ്ധിയിലാണ് ഗോള്‍ പിറന്നത്. ക്ലിഫോര്‍ഡ് ബോക്‌സിന് പുറത്ത് വെച്ച് നല്‍കിയ പാസ് എബെന്‍സെറിന് അനായാസ ഗോളൊരുക്കി.
എക്‌സ്ട്രാ ടൈമില്‍ 98താം മിനുട്ടില്‍ ഘാനയുടെ ഓഫ് സൈഡ് കെണി പൊളിച്ച് ഹെന്റികസ് ചിലിയെ 3-2ന് മുന്നിലെത്തിച്ചു. എന്നാല്‍, അത്ഭുതകരമാം തിരിച്ചുവരവ് നടത്ത ഘാന സെമി ടിക്കറ്റെടുത്തു.