Connect with us

Ongoing News

പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മരാമത്ത് ജോലികള്‍; സര്‍ക്കാറിന് നഷ്ടം 104.81 കോടി

Published

|

Last Updated

തിരുവനന്തപുരം: 2009-12 കാലയളവില്‍ എന്‍ജിനീയറിംഗ് വകുപ്പുകളെ അവഗണിച്ച് സര്‍ക്കാര്‍ ജോലികള്‍ പൊതുമേഖലാ സ്ഥാപനങ്ങളെ ഏല്‍പ്പിച്ചതുവഴി സര്‍ക്കാറിന് 104.81 കോടിയുടെ നഷ്ടമുണ്ടായതായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറല്‍ റിപ്പോര്‍ട്ട്. അക്കൗണ്ടന്റ് ജനറല്‍ ഡോ. ബിജു ജേക്കബ് പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
888.50 കോടിയുടെ 128 പണികള്‍ നല്‍കിയതിലൂടെയാണ് സര്‍ക്കാറിന് ഇത്രയും തുകയുടെ അധിക ബാധ്യതയുണ്ടായത്. സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍(കെ എസ് സി സി), സംസ്ഥാന വ്യവസായിക സാങ്കേതിക ഉപദേശക സംഘടന(കിറ്റ്‌കോ), സംസ്ഥാന ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍(കെ എസ് ഐ എന്‍ സി), സംസ്ഥാന മാരിടൈം വികസന കോര്‍പ്പറേഷന്‍(കെ എസ് എം ഡി സി), ട്രാവന്‍കൂര്‍ സിമന്റ്‌സ് ലിമിറ്റഡ് (ടി സി എല്‍) എന്നീ അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളാണ് സര്‍ക്കാറിന് ബാധ്യത ഉണ്ടാക്കിയത്. ആഭ്യന്തരം, ടൂറിസം, പൊതുമരാമത്ത്, ജലവിഭവം, ആരോഗ്യ കുടുംബക്ഷേമം, വിദ്യാഭ്യാസം, പട്ടികജാതി, വര്‍ഗ വികസനം തുടങ്ങിയ വകുപ്പുകളാണ് ഈ സ്ഥാപനങ്ങള്‍ക്ക് ജോലികള്‍ നല്‍കിയത്. 2009-12 കാലയളവില്‍ 123.05 കോടിയുടെ 29 കെട്ടിട നിര്‍മാണ പണികള്‍ കെ എസ് സി സി, കിറ്റ്‌കോ എന്നീ പി എസ് യുകളെ ചുമതലപ്പെടുത്തി. പണികള്‍ നിയോഗിച്ചതില്‍, എസ് സി, എസ് സി സികളില്‍ നിന്നു പണികളുടെ തുകക്കനുസരണമായി അഞ്ച് മുതല്‍ എട്ട് വരെ ശതമാനം ഉപദേശക ഫീസ് പി എസ് യുകള്‍ ചുമത്തി. ഇതുകൂടാതെ എസ് സി, എസ് ടി ഡി ഡികള്‍ക്ക് 10.3 ശതമാനം സേവന നികുതിയും വഹിക്കേണ്ടി വന്നു. ഇതു 7.49 കോടിയുടെ മൊത്ത ബാധ്യതയുണ്ടാക്കി.
ആറ് പണികളുടെ നടത്തിപ്പിലുണ്ടായ കാലതാമസം മൂലം 52.73 കോടിയുടെ യഥാര്‍ഥ എസ്റ്റിമേറ്റുകള്‍ 44.78 കോടി വര്‍ധിച്ച് 97.51 കോടിയായി. മൂന്ന് പി എസ് യുകള്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ മാനദണ്ഡങ്ങളെ ലംഘിച്ച് കൂടിയാലോചനയിലൂടെ സര്‍ക്കാര്‍ കരാറുകള്‍ നേടി നാല് ഉപകരാറുകാര്‍ക്ക് നല്‍കി 14.80 കോടിയുടെ ലാഭമുണ്ടാക്കി. 2012 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കേണ്ട 35 പണികള്‍ പി എസ് യുവിനെ ഏല്‍പ്പിച്ചതില്‍ മൂന്നെണ്ണം മാത്രമാണ് നിശ്ചിത സമയത്ത് പൂര്‍ത്തിയായത്. കേരളാ ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനും ട്രാവന്‍കൂര്‍ സിമിന്റ്‌സ് ലിമിറ്റഡിനും സര്‍ക്കാറില്‍ നിന്ന് യഥാക്രമം മുന്‍കൂറായി ലഭിച്ച 25 കോടിയും 15 കോടിയും മരാമത്ത് പണികള്‍ മന്ദഗതിയിലായതോടെ യാതൊരു വിനിയോഗവും കൂടാതെ വാണിജ്യ ബേങ്കുകളില്‍ സ്ഥിരനിക്ഷേപമായി നിലനിര്‍ത്തി. ഓഡിറ്റ് കാലയളവില്‍ 50.97 കോടിയുടെ മൂന്ന് പണികളില്‍ കെ എസ് സി സി ഉപ കരാര്‍ നല്‍കിയത് പി ഡബ്ല്യൂ ഡി നല്‍കിയ നിരക്കിനേക്കാള്‍ വളരെ കുറഞ്ഞ നിരക്കിലാണെന്ന് ഓഡിറ്റില്‍ കണ്ടെത്തി. ഇടനില ഏജന്‍സിയെന്ന നിലയില്‍ കെ എസ് സി സി 3.68 കോടി ലാഭമുണ്ടാക്കിയത് സര്‍ക്കാറിനു നഷ്ടമായി മാറി. കെ എസ് സി സി വകുപ്പുമായി മുന്‍ധാരണയില്‍ ഏര്‍പ്പെടുകയും പി ഡബ്ല്യു ഡി പുറപ്പെടുവിച്ച ദര്‍ഘാസുകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, പി എസ് യു ഏറ്റെടുത്ത മരാമത്ത് പണികള്‍ കരാറുകാര്‍ മുഖാന്തരം ചെയ്തിരുന്നു. അങ്ങനെ, 2009-12 കാലയളവില്‍ 106 പണികളുടെ ബില്ലുകളില്‍ ഓരോന്നില്‍ നിന്നും അഞ്ച് ശതമാനം നിരക്കില്‍ 9.03 കോടിയാണ് കെ എസ് സി സി അപ്ഫ്രണ്ട് ഫീസായി പിരിച്ചെടുത്തത്.
ഇതിനുപുറമെ, പി എസ് യുകള്‍ ചെയ്ത പണിയുടെ ഗുണനിലവാരം എന്‍ജിനീയറിംഗ് വകുപ്പ് പരിശോധിച്ചപ്പോള്‍ വളരെ കുറഞ്ഞ ഗുണനിലവാരം പുലര്‍ത്തുന്നതായും കണ്ടെത്തിയിരുന്നു.
കെ എസ് സി സി, കിറ്റ്‌കോ, സിഡ്‌കോ, കെ എസ് പി എച്ച് സി സി, ആര്‍ ബി സി സി കെ, കെ എസ് ഐ എന്‍ സി, കെ എസ് എം ഡി സി ടി സി എല്‍ തുടങ്ങിയവയാണ് ജോലികള്‍ ഏല്‍പ്പിക്കപ്പെട്ട പ്രധാന പൊതുമേഖലാ സ്ഥാപനങ്ങള്‍.

Latest