ഡ്രൈവര്‍ക്ക് നേരെ കൈയേറ്റം; തലശ്ശേരിയില്‍ ബസുകളുടെ മിന്നല്‍ സമരം

Posted on: July 9, 2013 12:22 am | Last updated: July 9, 2013 at 12:22 am

തലശ്ശേരി: ബസ് ഡ്രൈവറെ വിദ്യാര്‍ഥികള്‍ കൈയേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് നഗരത്തില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തി. ഓര്‍ക്കാപ്പുറത്തുണ്ടായ സമരത്തെ തുടര്‍ന്ന് യാത്രക്കാര്‍ പലരും മണിക്കൂറുകളോളം നഗരത്തില്‍ നട്ടം തിരിഞ്ഞു. മര്‍ദനമേറ്റ ഡ്രൈവര്‍ വിജിത്തിന്റെ പരാതിയില്‍ ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥികളായ അഞ്ച് പേരെ പോലീസ് അറസ്റ്റു ചെയ്തു.
ഇന്നലെ ഉച്ച ഒന്നരയോടെയാണ് അനിഷ്ടസംഭവങ്ങള്‍ ആരംഭിച്ചത്. തലശ്ശേരി-കണ്ണൂര്‍ റൂട്ടിലോടാന്‍ പുതിയ ബസ് സ്റ്റാന്‍ഡിലെ ട്രാക്കിലെത്തിയ പത്മശ്രീ ബസിന്റെ ഡ്രൈവര്‍ ചാല സ്വദേശി വിജിത്തിനെ ഏതാനും വിദ്യാര്‍ഥികള്‍ ബസിനകത്ത് കയറി അടിച്ചുപരുക്കേല്‍പ്പിച്ചു. പരുക്കേറ്റ ഡ്രൈവറെ സഹപ്രവര്‍ത്തകര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചു. സംഭവമറിഞ്ഞ് പോലീസ് എത്തുന്നതിനിടയില്‍ കുഴപ്പം കാട്ടിയ വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടിരുന്നു.ജോലിക്കിടയില്‍ ഡ്രൈവറെ അക്രമിച്ചതില്‍ പ്രതിഷേധിച്ച് തലശ്ശേരിയില്‍ നിന്നും കണ്ണൂര്‍ റൂട്ടിലോടുന്ന സ്വകാര്യബസുകള്‍ ഒന്നാകെ മിന്നല്‍ പണിമുടക്കം നടത്തുകയായിരുന്നു. മറ്റ് റൂട്ടിലോടുന്ന ബസുകളും സമരത്തില്‍ പങ്കെടുത്തതോടെ സ്റ്റാന്‍ഡില്‍ അകപ്പെട്ട യാത്രക്കാര്‍ ലക്ഷ്യത്തിലെത്താനാവാതെ നട്ടം തിരിയുകയായിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ക്രൈസ്റ്റ് കോളജിലെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രവീഷിനെ ഒരു സംഘം ബസ് ജീവനക്കാര്‍ മര്‍ദിച്ചിരുന്നു. സഹപാഠികളുടെ യാത്രാപ്രശ്‌നത്തില്‍ ഇടപെട്ടതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം. പ്രവീഷിനെ അക്രമിച്ച പ്രതികളെ തിങ്കളാഴ്ചക്കുള്ളില്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രക്ഷോഭത്തിനിറങ്ങുമെന്ന് എസ് എഫ് ഐ മുന്നറിയിപ്പ് നല്‍കിയിരുന്നു.