ഐ എച്ച് ആര്‍ ഡി പണമിടപാടുകള്‍ സ്വകാര്യ ബേങ്കിലേക്ക് മാറ്റുന്നു

Posted on: July 8, 2013 7:49 am | Last updated: July 8, 2013 at 7:49 am

ihrdതിരുവനന്തപുരം: ഐ എച്ച് ആര്‍ ഡിയുടെ പണമിടപാടുകള്‍ സ്വകാര്യ ബേങ്കിലേക്ക് മാറ്റുന്നു. ഇതിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇടപാടുകളെല്ലാം സ്വകാര്യ ബേങ്ക് വഴിയാക്കാനാണ് നീക്കം. ജീവനക്കാരുടെ പി എഫ് തുകയില്‍ ഒരു ഭാഗം സ്വകാര്യ ബേങ്കില്‍ നിക്ഷേപിച്ച് കഴിഞ്ഞു. ഇതിനെതിരെ ജീവനക്കാര്‍ രംഗത്തുവന്നിട്ടുണ്ട്. ഡെപ്യൂട്ടേഷന്‍ കാലവധി കഴിഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരന്റെ നേതൃത്വത്തിലാണ് നീക്കങ്ങള്‍.
ഐ എച്ച് ആര്‍ ഡിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളജുകള്‍, പോളിടെക്‌നിക്കുകള്‍, ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ തുടങ്ങി തൊണ്ണൂറിലധികം സ്ഥാപനങ്ങളുടെ പണമിടപാടുകളാണ് സ്വകാര്യ ബേങ്കിലേക്ക് മാറ്റുന്നത്. ഇതുമായി ബന്ധപ്പെട്ട പദ്ധതി നിര്‍ദേശം നല്‍കാന്‍ ബേങ്കിന് കത്ത് നല്‍കിയിരുന്നു. ബേങ്കിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരില്‍ അക്കൗണ്ട് തുടങ്ങാന്‍ സന്നദ്ധത അറിയിച്ചിട്ടുമുണ്ട്.
സ്ഥാപനത്തിന്റെ പ്രധാന അക്കൗണ്ട്, ഡയറക്ടറുടെ പേരില്‍ ബേങ്കിന്റെ തിരുവനന്തപുരം പാളയത്തുള്ള ശാഖയില്‍ ആരംഭിക്കണമെന്നും രണ്ട് ലക്ഷം രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ എല്ലാം ഡയറക്ടറുടെ പേരിലുള്ള അക്കൗണ്ട് വഴിയാകും നടത്തുകയെന്നും എല്ലാ അക്കൗണ്ടുകളിലും നിക്ഷേപിക്കുന്ന പണം ഏഴ് ദിവസത്തിനു ശേഷമേ പിന്‍വലിക്കാന്‍ സാധിക്കൂവെന്നും കത്തിലുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പണമിടപാട് സ്വകാര്യ ബേങ്കിനെ ഏല്‍പ്പിക്കുന്നതിന് പിന്നില്‍ ഡയറക്ടറുടെ വ്യക്തിതാത്പര്യമാണെന്ന ആക്ഷേപം ശക്തമാണ്. പി എഫ് ഫണ്ട് സ്വകാര്യ ബേങ്കില്‍ നിക്ഷേപിച്ച ഡയറക്ടറുടെ ഏകപക്ഷീയമായ നടപടിയില്‍ ജീവനക്കാരില്‍ കടുത്ത എതിര്‍പ്പാണുള്ളത്.
എസ് ബി ടി, എസ് ബി ഐ, സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബേങ്ക് തുടങ്ങിയ ബേങ്കുകളിലാണ് നേരത്തെ പണം നിക്ഷേപിച്ചിരുന്നത്. അമ്പത് കോടിയോളം വരുന്ന പി എഫ് ഫണ്ടില്‍ നിന്ന് പതിമൂന്ന് കോടി രൂപയാണ് ആദ്യ ഘട്ടമെന്ന നിലയില്‍ സ്വകാര്യ ബേങ്കില്‍ നിക്ഷേപിച്ചത്.