Connect with us

International

സാന്‍ഫ്രാന്‍സിസ്‌കോ വിമാന അപകടം: രണ്ട് ചൈനീസ് പെണ്‍കുട്ടികള്‍ മരിച്ചു

Published

|

Last Updated

സാന്‍ഫ്രാന്‍സിസ്‌കോ: അടിയന്തര ലാന്‍ഡിംഗിനിടെ സാന്‍ഫ്രാന്‍സിസ്‌കോ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. പരുക്കേറ്റ 181 പേരില്‍ മൂന്ന് പേര്‍ ഇന്ത്യക്കാരാണെന്നും വ്യക്തമായിട്ടുണ്ട്. ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയൂളില്‍ നിന്നും പുറപ്പെട്ട ഏഷ്യാന എയര്‍ലൈന്‍സിന്റെ ബോയിംഗ് 777 എന്ന വിമാനം കഴിഞ്ഞ ദിവസം രാത്രിയാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവര്‍ രണ്ട് പേര്‍ ചൈനീസ് പെണ്‍കുട്ടികളാണെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, വിമാനം അപകടത്തില്‍പെടാനുണ്ടായ കാരണവുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ ഏറുകയാണ്. എന്‍ജിന്റെയോ മറ്റ് സാങ്കേതിക പിഴവ് കൊണ്ടോ അല്ല അപകടം ഉണ്ടായതെന്ന് ഏഷ്യാന എയര്‍ലൈന്‍സ് മേധാവി യൂണ്‍ യോംഗ് ഡൂ സിയൂളില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ ദേശീയ ഗതാഗത സുരക്ഷാ വിഭാഗത്തിന്റെ (എന്‍ ടി എസ് ബി) വിദഗ്ധ സംഘം സാന്‍ഫ്രാന്‍സികോയിലെത്തിയിട്ടുണ്ട്. പരുക്കേറ്റവരില്‍ രണ്ട് കുട്ടികളടക്കം പത്ത് പേരുടെ നില ഗുരുതരമാണ്. ഇവര്‍ സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തില്‍ വിദഗ്ധ ചികിത്സയിലാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടം നടക്കുമ്പോള്‍ വിമാനത്തില്‍ 291 യാത്രക്കാരും 16 ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്.
പരുക്കേറ്റ ഇന്ത്യക്കാരുടെ നില ഗുരുതരമല്ലെന്ന് ദക്ഷിണ കൊറിയയിലെ ഇന്ത്യന്‍ അംബാസഡര്‍ വിഷ്ണു പ്രകാശ് പറഞ്ഞു. വിമാനത്തില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് പുറമെ 141 ചൈനീസ് പൗരന്‍മാര്‍, 77 കൊറിയന്‍ പൗരന്‍മാര്‍, 61 യു എസ് പൗരന്‍മാര്‍ എന്നിവര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്.