മഴക്കെടുതി തുടരുന്നു

Posted on: July 7, 2013 7:03 am | Last updated: July 7, 2013 at 7:03 am

താമരശ്ശേരി: തുടര്‍ച്ചായി പെയ്യുന്ന കനത്ത മഴയില്‍ മലയോരത്ത് നാശനഷ്ടം തുടരുന്നു. പുതുപ്പാടി പഞ്ചായത്തില്‍ മണ്ണിടിഞ്ഞ് രണ്ട് വീടുകള്‍ തകര്‍ന്നു. മൂന്നാഴ്ച മുമ്പ് കോണ്‍ക്രീറ്റ് കഴിഞ്ഞ പുതുപ്പാടി കാക്കവയല്‍ പാത്തിപ്പാറ പെരോത്ത് തറമ്മല്‍ നഫീസ ഇബ്‌റാമിന്റെ വീട് ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് നിലം പൊത്തിയത്.
പിന്‍വശത്ത് ഏറെ ഉയരത്തിലുള്ള മതില്‍ ഇടിഞ്ഞ് വീടിന് മുകളില്‍ പതിക്കുകയായിരുന്നു. വീടിന്റെ ചുമരുകളും സ്ലാബുകളും ഉള്‍പ്പെടെ പൂര്‍ണമായും തകര്‍ന്നു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഈങ്ങാപ്പുഴ കുഞ്ഞുകുളം പാലക്കാമറ്റത്തില്‍ ജോസഫിന്റെ വീടിനുമുകളിലേക്ക് സ്‌കൂളിന്റെ ചുറ്റുമതില്‍ പതിച്ച് വീടിന്റെ പിന്‍ഭാഗം തകര്‍ന്നു. വെള്ളിയാഴ്ച അര്‍ധരാത്രി ജോസഫും ഭാര്യയും മകനും ഉറങ്ങുന്നതിനിടെയായിരുന്നു സംഭവം. മാര്‍ ബസേലിയസ് സ്‌കൂളിന്റെ ഏറെ ഉയരത്തിലുള്ള മതിലാണ് നിലം പൊത്തിയത്.
കോണ്‍ക്രീറ്റ് ഉള്‍പ്പെടെയുള്ളവ പതിച്ച് വീടിന്റെ മുകള്‍ ഭാഗവും പിന്‍വശത്തെ ചുമരും തകര്‍ന്നു. കല്ലും മണ്ണും വീട്ടിലെ കിടപ്പുമുറി വരെ എത്തിയെങ്കിലും മൂന്ന് പേരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മതിലിടിഞ്ഞത് സ്‌കൂള്‍ കെട്ടിടത്തിനും ഭീഷണിയായി. പ്രദേശങ്ങള്‍ സി മോയിന്‍കുട്ടി എം എല്‍ എ, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആഇശക്കുട്ടി സുല്‍ത്താന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
മഴക്കൊപ്പം വനപ്രദേശങ്ങളിലുണ്ടാകുന്ന ചെറിയ ഉരുള്‍പൊട്ടലുകള്‍ കാരണമായി ഇടക്കിടെയുണ്ടാകുന്ന ശക്തമായ മലവെള്ളപ്പാച്ചില്‍ ഭീതിയോടെയാണ് പ്രദേശവാസികള്‍ നോക്കിക്കാണുന്നത്. വയനാട് ചുരം ഉള്‍പ്പെടെയുള്ള പുതുപ്പാടി പഞ്ചായത്തിലെ വന പ്രദേശങ്ങളില്‍നിന്നും കട്ടിപ്പാറ പഞ്ചായത്തിലെ കൊളമല ഭാഗത്തുനിന്നുമാണ് മലവെള്ളപ്പാച്ചില്‍ രൂപപ്പെടുന്നത്. പ്രദേശത്തെ തോടുകളും പുഴകളും കരകവിഞ്ഞൊഴുകുന്നതിനാല്‍ പരിസരവാസികള്‍ ഭീതിയിലാണ്. ഇരുതുള്ളി പുഴയില്‍ വെള്ളം കയറി കൂടത്തായി കരിങ്ങമണ്ണ പമ്പ് ഹൗസും തൂക്കുപാലവും ഭാഗികമായി വെള്ളത്തിനടിയിലായി. പുഴയോരത്തെ സ്‌പോര്‍ട്‌സ് ഗ്രൗണ്ടും റോഡും വെള്ളത്തിനിടിയിലാണ്.