ആംവേയുടെ വിതരണക്കാരെയും പ്രതിചേര്‍ക്കാം

Posted on: July 6, 2013 6:00 am | Last updated: July 5, 2013 at 11:47 pm

കോഴിക്കോട്:മണിചെയിന്‍ തട്ടിപ്പ് കേസില്‍ ആംവേയുടെ വിതരണക്കാരെയും പ്രതിചേര്‍ക്കുമെന്ന് ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം. ആംവേയുടെ നൂറോളം വിതരണക്കാരെ ചോദ്യം ചെയ്തതില്‍ നിന്നാണ് 34 വിതരണക്കാരെ കേസില്‍ പ്രതികളാക്കാന്‍ അന്വേഷണ വിഭാഗം തീരുമാനിച്ചതെന്നാണ് വിവരം. ചട്ടവിരുദ്ധമായി മണിചെയിന്‍ ബിസിനസ് നടത്തിയെന്നാണ് ഇവര്‍ക്കെതിരെയുളള കുറ്റം. കമ്മീഷന്‍ വകയില്‍ കൂടുതല്‍ ലാഭം കൈപ്പറ്റിയ വിതരണക്കാരാണ് പ്രതികളാവുക. വിതരണക്കാര്‍ക്ക് നല്‍കിയ കമ്മീഷന്‍ തുകയുടെ വിശദാംശങ്ങള്‍ ആംവേ ഇന്ത്യയോട് ക്രൈം ബ്രാഞ്ച് തേടി. കേസന്വേഷിച്ച ക്രൈം ബ്രാഞ്ച് എസ് പി വല്‍സന്‍ വിരമിച്ചതിനാല്‍ അന്വേഷണച്ചുമതല ഡി വൈ എസ് പി. ടി സി വേണുഗോപാലിനാണ്.

ഡിസ്ട്രിബ്യൂട്ടര്‍മാരെ വിളിച്ചുവരുത്തി ബേങ്ക് അക്കൗണ്ട് രേഖകള്‍ സ്വരൂപിച്ചിരുന്നു. കമ്മീഷന്‍ നല്‍കിയതിന്റെ വിശദാംശങ്ങളുമായി കോഴിക്കോട്ട് ഹാജരാകാന്‍ ഡല്‍ഹിയിലെ ആംവേ ഫിനാന്‍സ് ഓഫീസര്‍ക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്. രേഖകളുമായി എത്താമെന്ന് ആംവേ കമ്പനി മറുപടി നല്‍കിയതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. ബേങ്ക് അക്കൗണ്ടുകളും കമ്മീഷന്‍ രേഖകളും ലഭിച്ച ശേഷമായിരിക്കും വിതരണക്കാരെ പ്രതികളാക്കുക. കോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഈ രേഖകള്‍ തെളിവായി നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അടിസ്ഥാന വിലയേക്കാള്‍ അഞ്ചിരട്ടി വില ചുമത്തി ഉത്പന്നങ്ങള്‍ വിറ്റഴിച്ചതിന്റെ പേരിലാണ് ആംവേക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേസെടുത്തിരിക്കുന്നത്.
അതേസമയം, ആംവേ ഇന്ത്യയുടെ വെബ്‌സൈറ്റ് നിരോധിക്കണമെന്ന ക്രൈം ബ്രാഞ്ചിന്റെ നിര്‍ദേശം തള്ളി. മൂന്ന് മാസം മുമ്പാണ് വെബ്‌സൈറ്റ് നിരോധിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നത്. വെബ്‌സൈറ്റ് ഡിസൈന്‍ ചെയ്ത ചെന്നൈയിലെ സിഫി ടെക്‌നോളജീസിന് ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചെങ്കിലും സാധ്യമല്ലെന്നാണ് മറുപടി നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സിഫി ടെക്‌നോളജീസ് സി ഇ ഒ കമല്‍നാഥിനെ പ്രതിചേര്‍ത്തു. ആംവേയുടെ കരാര്‍ ലംഘിച്ച് വെബ്‌സൈറ്റ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് പ്രതിചേര്‍ക്കാന്‍ കാരണം. ആംവേയുടെ വെബ്‌സൈറ്റ് നിരോധിച്ചില്ലെങ്കില്‍ മണിചെയിന്‍ മാര്‍ക്കറ്റിംഗ് തുടരുമെന്നാണ് വിലയിരുത്തല്‍. ബേങ്ക് അക്കൗണ്ടുകളും ആംവേയുടെ കമ്മീഷന്‍ രേഖകളും ലഭിച്ച ശേഷം ഡിസ്ട്രിബ്യൂട്ടര്‍മാരെ പ്രതികളാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
മണിചെയിന്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് എസ് പിയുടെ കീഴില്‍ മൊണാവി, ടൈക്കൂണ്‍, പേള്‍സ്, പി എ സി എല്‍, നാനോ എക്‌സല്‍, ബിസയര്‍ തുടങ്ങി 26 കമ്പനിക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. െ്രെപസ് ചിറ്റ്‌സ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ ആക്ട് പ്രകാരം വിശ്വാസവഞ്ചന, സാമ്പത്തിക ക്രമക്കേട്, ചട്ടവിരുദ്ധമായി മണിചെയിന്‍ നടത്തുക തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ആംവേ സി ഇ ഒ വില്യം സ്‌കോട്ട്, ആംവേ ഡയറക്ടര്‍മാരായ സഞ്ജയ് മല്‍ഹോത്ര, അംശു ബുദ്ധരാജ എന്നിവരെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നത്. ആംവെ കമ്പനിക്കെതിരെ കോഴിക്കോട്ട് രണ്ടും വയനാട്ടില്‍ മൂന്നും കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ ഓരോന്നും കേസുകളാണ് എടുത്തിട്ടുള്ളത്. സാമ്പത്തിക തട്ടിപ്പ് കേസായതിനാല്‍ മൊത്തം കേസുകളുടെ അന്വേഷണം ക്രൈം ബ്രാഞ്ച് എസ് പിക്കായിരുന്നു.