സ്‌നോഡന് അഭയം നല്‍കിയാല്‍ ഇന്ത്യക്ക് എന്താണ് ചേതം?

Posted on: July 6, 2013 6:19 am | Last updated: July 5, 2013 at 11:47 pm

“ലോകത്തെ തങ്ങളുടെ നിരീക്ഷണത്തിലാക്കുകയും രാഷ്ട്രങ്ങളുടെയും വ്യക്തികളുടെയും സ്വകാര്യതക്ക് ഭീഷണി ഉയര്‍ത്തുകയും ചെയ്ത അമേരിക്കന്‍ ഭരണകൂടത്തിന്റെ ചാരപ്പണിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചുകൊണ്ടാണ് സ്‌നോഡന്‍ അമേരിക്ക വിട്ടിറങ്ങിയത്. ‘നമ്മള്‍ ചെയ്യുന്നതും സംസാരിക്കുന്നതുമായ എല്ലാം റെക്കോര്‍ഡ് ചെയ്യപ്പെടുന്ന ഒരു ലോകത്ത് ജീവിക്കാന്‍ എന്റെ സ്വാതന്ത്ര്യബോധം എന്നെ അനുവദിക്കുന്നില്ലെ’ന്ന് അറിയിച്ചുകൊണ്ട് അദ്ദേഹം ഹോംഗ്‌കോംഗില്‍ രാഷ്ട്രീയ 
അഭയം തേടി. ഇക്വഡോറില്‍ എത്തിപ്പെട്ടാല്‍ അമേരിക്കന്‍ ചാരപ്പണിയുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന സ്‌നോഡന്റെ മുന്നറിയിപ്പ് ഒബാമ ഭരണകൂടത്തിന്റെ ഉറക്കം കെടുത്തുകയാണ്.”

snowden രാഷ്ട്രങ്ങളുടെയും വ്യക്തികളുടെയും സ്വകാര്യതയും രഹസ്യങ്ങളും ചോര്‍ത്തി ലോകത്തെയാകെ തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാനുള്ള അമേരിക്കന്‍ ചാരപ്പണിക്കെതിരെ പോരാടുന്ന എഡ്വേര്‍ഡ് സ്‌നോഡന് രാഷ്ട്രീയ അഭയം നല്‍കാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കിക്കഴിഞ്ഞിരിക്കയാണ്. ഇന്ത്യന്‍ എംബസിയിലെ വിവരങ്ങള്‍ പോലും അമേരിക്ക ചോര്‍ത്തിയെന്ന് ലോകത്തെ അറിയിച്ച സ്‌നോഡന് അഭയം നല്‍കാനുള്ള ധാര്‍മിക ബാധ്യത നിരസിക്കുക മാത്രമല്ല, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ചെയ്തത്; അമേരിക്കയുടെ അധാര്‍മികവും അപരാധപൂര്‍ണവുമായ ചാരപ്പണിയെ ന്യായീകരിക്കുക കൂടിയാണ്. വാഷിംഗ്ടണിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ അമേരിക്ക നടത്തിയ ചാരപ്പണിയെ ന്യായീകരിക്കുക വഴി ഇന്ത്യയുടെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും ഭീഷണി ഉയര്‍ത്തുന്ന അമേരിക്കന്‍ നയങ്ങള്‍ക്ക് ലജ്ജയേതുമില്ലാതെ വിടുവേല ചെയ്യുന്ന രാജ്യദ്രോഹികളായി മാറുകയാണ് ഇന്ത്യന്‍ ഭരണാധികാരികള്‍.

വര്‍ഷങ്ങളായി തുടരുന്ന അമേരിക്കയുടെ ‘പ്രിസം’ വിവര ചോരണ പദ്ധതി ലോകത്തെ അറിയിച്ചതിന്റെ പേരിലാണ് സ്‌നേഡനെ അമേരിക്കന്‍ ഭരണകൂടം വേട്ടയാടുന്നത്. വിക്കീലീക്‌സ് നിയമോപദേശകന്‍ സാറ ഹാരിസന്‍ വഴിയാണ് ഇന്ത്യ ഉള്‍പ്പെടെ ഇരുപതോളം രാജ്യങ്ങളോട് സ്‌നോഡന്‍ രാഷ്ട്രീയ അഭയം ആവശ്യപ്പെട്ടത്. ഈയൊരു സാഹചര്യത്തിലാണ് ചാരക്കുറ്റത്തിന് അമേരിക്കയില്‍ കേസ് നേരിടുന്ന സ്‌നോഡന് അഭയം നല്‍കരുതെന്ന് അമേരിക്കന്‍ ഭരണകൂടം ലോകത്തോട് കല്‍പ്പിക്കുന്നത്. സ്‌നോഡന്റെ അഭ്യര്‍ഥന പരിഗണിക്കേണ്ടതില്ലെന്ന് ഇന്ത്യന്‍ എംബസിയിലെ വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ അറിയിക്കുകയും ഇന്ത്യയുടെ വിവരങ്ങള്‍ ചോര്‍ത്തിയത് കുറ്റമായി കാണേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രി ഖുര്‍ഷിദ് വ്യക്തമാക്കുകയുമായിരുന്നു.
ലോകത്തെ തങ്ങളുടെ നിരീക്ഷണത്തിലാക്കുകയും രാഷ്ട്രങ്ങളുടെയും വ്യക്തികളുടെയും സ്വകാര്യതക്ക് ഭീഷണി ഉയര്‍ത്തുകയും ചെയ്ത അമേരിക്കന്‍ ഭരണകൂടത്തിന്റെ ചാരപ്പണിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചുകൊണ്ടാണ് സ്‌നോഡന്‍ അമേരിക്ക വിട്ടിറങ്ങിയത്. ‘നമ്മള്‍ ചെയ്യുന്നതും സംസാരിക്കുന്നതുമായ എല്ലാം റെക്കോര്‍ഡ് ചെയ്യപ്പെടുന്ന ഒരു ലോകത്ത് ജീവിക്കാന്‍ എന്റെ സ്വാതന്ത്ര്യബോധം എന്നെ അനുവദിക്കുന്നില്ലെ’ന്ന് അറിയിച്ചുകൊണ്ടാണ് മുപ്പതുകാരനായ സ്‌നോഡന്‍ ഹോംഗ്‌കോംഗില്‍ രാഷ്ട്രീയ അഭയം തേടിയത്. വ്യക്തികളുടെയും വിദേശികളുടെയം ഇ മെയിലും ഫോണും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളുടെ അക്കൗണ്ടും ചോര്‍ത്തുന്ന എഫ് ബി ഐയുടെയും എന്‍ എസ് എയുടെയും നടപടി, മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു സ്‌നോഡന്‍. 2007 മുതല്‍ ടെലിഫോണ്‍ ഇന്റര്‍നെറ്റ് വിവരവിനിമയങ്ങള്‍ അമേരിക്ക ചോര്‍ത്തിക്കൊണ്ടിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരം വാഷിംഗടണ്‍ പോസ്റ്റും ഗാര്‍ഡിയന്‍ പത്രവും പുറത്തുവിട്ടതിനെ തുടര്‍ന്നാണ് അമേരിക്കയുടെ ചാരപ്പണി ഒരിക്കല്‍ കൂടി ചര്‍ച്ചയാകുന്നത്.
അമേരിക്കന്‍ ചാരസംഘടനയായ സി ഐ എയുടെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥനായ സ്‌നോഡന്‍ എഫ് ബി ഐയും എന്‍ എസ് എയും ചേര്‍ന്ന് ഇന്റര്‍നെറ്റ്, ലാന്‍ഡ്‌ഫോണ്‍, മൊബൈല്‍ ഫോണ്‍ എന്നിവ വഴിയുള്ള വിവര വിനിമയങ്ങളെല്ലാം ഓഡിയോ, വീഡിയോ, ഇ മെയില്‍, ഫോട്ടോഗ്രാഫ്, ഇതര ഡോക്യുമെന്റുകള്‍ ചോര്‍ത്തുന്ന ‘പ്രിസം’ എന്ന പദ്ധിയുടെ മാധ്യമങ്ങളിലൂടെ പുറത്തറിയിക്കുകയായിരുന്നു. വിവരവിനിമയ രംഗത്തെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളായ മൈക്രോസോഫ്റ്റ്, യാഹൂ, ഗൂഗിള്‍, ഫെയിസ് ബുക്, ആപ്പിള്‍, സ്‌കൈപ്പ് തുടങ്ങിയവ ഈ വിവര ചോരണ പദ്ധതിയില്‍ പങ്കാളികളായിരുന്നു. ദേശീയ സുരക്ഷയുടെ മറവില്‍ തങ്ങളുടെ വിധ്വംസകമായ രാഷ്ട്രീയ പദ്ധതികള്‍ ലോകരാഷട്രങ്ങള്‍ക്ക് നേരെ അടിച്ചേല്‍പ്പിക്കുന്ന അമേരിക്കയുടെ അധാര്‍മിക വൃത്തികളിലേക്കാണ് സ്‌നോഡന്‍ വെളിച്ചം വീശിയത്. അമേരിക്കയുടെ ദേശീയ രഹസ്യങ്ങള്‍ ചോര്‍ത്തിയ കുറ്റത്തിന് സ്‌നോഡനെ പിടികൂടി ജയിലിലടക്കാനുള്ള ശ്രമത്തിലാണ് ഒബാമ ഭരണകൂടം. ഹോംഗ്‌കോംഗില്‍ നിന്നും റഷ്യയിലേക്കാണ് സ്‌നോഡന്‍ രാഷ്ട്രീയ അഭയം തേടിപ്പോയത്. മോസ്‌കോ വിമാനത്താവളത്തില്‍ കഴിയുന്ന സ്‌നോഡന് രാഷ്ട്രീയ അഭയം നല്‍കരുതെന്ന അമേരിക്കയുടെ സമ്മര്‍ദത്തിന്റെയും ഭീഷണിപ്പെടുത്തലിന്റെയും അദ്ദേഹം പശ്ചാത്തലത്തിലാണ് ഇക്വഡോറില്‍ അഭയം തേടാന്‍ ഒരുങ്ങുന്നത്. ഇക്വഡോറിലെ ഇടതു ഭരണകൂടം അദ്ദേഹത്തിന് സ്വാഗതം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ, ചൈന, ക്യൂബ, വെനിസ്വേല, ബ്രസീല്‍, ബോളീവിയ തുടങ്ങിയ 21 രാജ്യങ്ങളില്‍ സ്‌നോഡന്‍ രാഷ്ട്രീയ അഭയം അഭ്യര്‍ഥിച്ചിരുന്നു. സ്‌നോഡനെ സഹായിക്കുന്ന വിക്കീലീക്‌സ് പ്രതിനിധിയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. റഷ്യക്ക് നല്‍കിയ അഭയാഭ്യര്‍ഥന സ്‌നോഡന്‍ പിന്‍വലിക്കുകയായിരുന്നു. പ്രസിഡന്റ് വഌദിമര്‍ പുട്ടിന്‍ മുന്നോട്ടുവെച്ച ഉപാധികള്‍ അംഗീകരിക്കാനാകാത്തതിനാലാണ് ഇങ്ങനെ ചെയ്തത്. എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ അമേരിക്കന്‍ സമ്മര്‍ദത്തെ തുടര്‍ന്നാണ് സ്‌നോഡന് അഭയം നല്‍കുന്നതിന്് വിസമ്മതിച്ചത്.
റഷ്യ ഉപാധികള്‍ വെച്ച സാഹചര്യത്തിലാണ് വിക്കീ ലീക്‌സ് തലവന്‍ അസാഞ്ചെ വഴി ഇക്വഡോര്‍ ഭരണകൂടത്തോട് സ്‌നോഡന്‍ അഭയം അഭ്യര്‍ഥിച്ചത്. ഈ അപേക്ഷ പരിഗണിക്കരുതെന്നാണ് ഇക്വഡോര്‍ പ്രസിഡന്റ് റാഫേല്‍ കൊറിയയോട് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്. പക്ഷേ, അദ്ദേഹം അമേരിക്കന്‍ ആവശ്യത്തിന് വഴങ്ങിയില്ല. സ്‌നോഡന്‍ ഇക്വഡോറില്‍ എത്തിയാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം തങ്ങളുടെത് മാത്രമായിരിക്കുമെന്നാണ് റാഫേല്‍ കൊറി വ്യക്തമാക്കിയത്.
ഇക്വഡോര്‍ എന്ന കൊച്ചു രാജ്യം അമേരിക്കന്‍ സമ്മര്‍ദത്തെ ധീരമായി നിരസിക്കുമ്പോള്‍ ഇന്ത്യയെന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം അമേരിക്കന്‍ ആവശ്യത്തിന് ലജ്ജാകരമായി കീഴടങ്ങുന്നു. ബോളീവിയന്‍ പ്രസിഡന്റ് ഇവാ മൊറാലാസിനെ ബന്ദിയാക്കിക്കൊണ്ട് ജൂണ്‍ മൂന്നിന് അമേരിക്ക നടത്തിയ സ്‌നോഡന്‍ വേട്ട അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതിഷേധത്തിനിടയാക്കിയിരിക്കയാണ്. മോസ്‌കോവില്‍ നിന്ന് പുറപ്പെട്ട മൊറാലിസിന്റെ വിമാനത്തില്‍ സ്‌നോഡന്‍ ഒളിച്ചുകടക്കുന്നുവെന്ന് സംശയിച്ചാണ് ഈ വേട്ട നടത്തിയത്.
മോസ്‌കോയില്‍ നിന്ന് മടങ്ങുകയായിരുന്ന മൊറാലിസിന്റെ വിമാനത്തില്‍ സ്‌നോഡനുണ്ടെന്ന അമേരിക്കയുടെ സംശയമാണ് ഒരു രാഷ്ട്രത്തലവനെ വട്ടം കറക്കുന്നതിലേക്ക് യൂറോപ്യന്‍ രാജ്യങ്ങളെ എത്തിച്ചത്. ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ മെറാലിസിന്റെ വിമാനത്തിന് പ്രവേശം നിഷേധിക്കുകയായിരുന്നു. ഒരു രാഷ്ട്രത്തലവന്റെ വഴി മുടക്കി അദ്ദേഹത്തെ അപമാനിക്കുകയായിരുന്നു. ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ ഇറങ്ങിയ മൊറാലസിന് മണിക്കൂറുകളോളം അവിടെ തങ്ങേണ്ടിവുന്നു. ഇതിനിടെ വിയന്നയിലെ സ്പാനീഷ് സ്ഥാനപതി മൊറാലിസിനൊപ്പം ചായ കുടിക്കാനെന്ന വ്യാജേന പരിശോധന നടത്തി സ്‌നോഡന്‍ ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് വിമാനത്തെ വിയന്നവിടാന്‍ അനുവദിച്ചത്. ചാരവലയങ്ങളും വിവരം ചോര്‍ത്തലും വഴി ലോകത്തെ തങ്ങളുടെ വലയത്തിലാക്കി നിര്‍ത്തുന്ന അമേരിക്കന്‍ ഭരണകൂടം സ്‌നോഡനെ ഭയപ്പെടുകയാണ്.
ഇക്വഡോറില്‍ എത്തിപ്പെട്ടാല്‍ അമേരിക്കന്‍ ചാരപ്പണിയുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന സ്‌നോഡന്റെ മുന്നറിയിപ്പ് ഒബാമ ഭരണകൂടത്തിന്റെ ഉറക്കം കെടുത്തുകയാണ്. സ്‌നോഡന്റെ പാസ്‌പോര്‍ട്ടും മറ്റു പൗരസ്ത്യ രേഖകളും റദ്ദാക്കിയ അമേരിക്ക ലോകമാകെ സ്‌നോഡായി വലി വിരിച്ചിരിക്കുന്നു. അമേരിക്കയുടെ ഈ നടപടിയില്‍ പ്രതികരിച്ചുകൊണ്ട് സ്‌നോഡന്‍ പറഞ്ഞത് ‘അവരെന്ന രാജ്യമില്ലാത്തവനാക്കി’ എന്നാണ്.
്.