ഗ്രോസറികളിലെ മോഷണം:കൗമാര സംഘം പിടിയില്‍

Posted on: July 5, 2013 10:00 pm | Last updated: July 5, 2013 at 10:39 pm

GROSSERYഅബുദാബി:ഗ്രോസറികളിലും മറ്റു ചില വ്യാപാര സ്ഥാപനങ്ങളിലും മോഷണം പതിവാക്കിയ കൗമാരക്കാരുടെ സംഘത്തെ പോലീസ് പിടികൂടി. 15നും 18നും ഇടയില്‍ പ്രായമുള്ള ഏഴംഗ വിദ്യാര്‍ഥി സംഘമാണ് പിടിയിലായത്. അബുദാബിയിലും മുസഫ്ഫയിലുമുള്ള ഗ്രോസറികളിലും മറ്റു സ്ഥാപനങ്ങളിലുമാണ് ഇവര്‍ മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. അര്‍ധ രാത്രിക്കു ശേഷം സ്ഥാപനങ്ങളുടെ ചില്ലുകള്‍ തകര്‍ത്തും പൂട്ട് പൊളിച്ചുമാണ് സംഘം മോഷണം നടത്തിയിരുന്നത്.
രാവിലെ കട തുറക്കാന്‍ എത്തിയ സമയത്ത് മോഷണം നടന്നതായി ബോധ്യപ്പെട്ട ഉടമസ്ഥര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. സമാനമായ പരാതികള്‍ ലഭിച്ച പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു.
ആറ് സ്വദേശികളും ഒരു ഈജിപ്തുകാരനുമുള്‍പ്പെടുന്ന സംഘത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നായി പോലീസ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതികളില്‍ നിന്ന് മോഷണ മുതലുകളില്‍ ചിലത് പോലീസ് കണ്ടെടുത്തു.