Connect with us

Malappuram

അഗ്നിശമന സുരക്ഷ സേനയിലെ 1000 ഒഴിവുകള്‍ നികത്തും: തിരുവഞ്ചൂര്‍

Published

|

Last Updated

തിരൂര്‍: സംസ്ഥാന അഗ്നിശമന സേനയിലെ 1000 ഒഴിവുകളിലേക്ക് ഉടന്‍ നിയമനം നടത്തുമെന്ന് ആഭ്യന്തര വിജിലന്‍സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

തിരൂരില്‍ അഗ്നിശമന സുരക്ഷാ സേനയുടെ പുതിയ സ്റ്റേഷന്‍ കെട്ടിടത്തിന്റെയും സ്റ്റാഫ് ക്വട്ടേഴ്‌സിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഈ വര്‍ഷം തന്നെ സംസ്ഥാനത്ത് പുതിയ അഗ്നിശമന സുരക്ഷാ സേന സ്റ്റേഷനുകള്‍ തുടങ്ങുമെന്നും തിരൂരില്‍ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പൊലീസ് ടവര്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ആപത്ത് ഘട്ടങ്ങളില്‍ ജനത്തിന് തുണയാകുന്ന അഗ്നിശമനസുരക്ഷ സേനക്ക് മികച്ച പ്രോത്സാഹനവും പിന്തുണയും നല്‍കും. അഗ്നി ശമന രക്ഷാ സേന ശക്തിപ്പെടേണ്ടത് നാടിന്റെ ആവശ്യമാണ്. സംസ്ഥാനത്തെ എല്ലാ മേഖലകളിലും വികസന സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള പരിശ്രമത്തിലാണ് സര്‍ക്കാരെന്ന് മന്ത്രി പറഞ്ഞു.
ആഭ്യന്തര വകുപ്പ് തികച്ചും നീതി പൂര്‍വമായ നടപടിയാണ് സ്വീകരിക്കുന്നത്. പൊലീസിനെ മര്‍ദനോപകരണമായി കാണുന്ന പ്രാകൃത മനോഭാവം സര്‍ക്കാറിനില്ല. വികസന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ തിരൂര്‍ നിയോജകമണ്ഡലത്തില്‍ 498 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച സി മമ്മൂട്ടി എം എല്‍ എ പറഞ്ഞു.
തിരൂര്‍ റെയില്‍വെ സ്‌റ്റേഷന് സമീപം 74 സെന്റ് സ്ഥലത്ത് 3.72 കോടി ചെലവിലാണ് പുതിയ സ്റ്റേഷന്‍ കെട്ടിടം നിര്‍മിച്ചത്. നാല് ഫയര്‍ എഞ്ചിന്‍, ഒരു ജീപ്പ്, മറ്റ് ആധുനിക രക്ഷാ സംവിധാനങ്ങളും 45 ജീവനക്കാരും സ്റ്റേഷനിലുണ്ട്. താനൂര്‍, കുറ്റിപ്പുറം, വേങ്ങര, എടരിക്കോട്, പരപ്പനങ്ങാടി, വള്ളിക്കുന്ന് എന്നിവിടങ്ങളില്‍ തിരൂര്‍ സ്റ്റേഷന്റെ സേവനം ലഭിക്കും. പൊതുമരാമത്ത് കെട്ടിടവിഭാഗം എന്‍ജിനീയര്‍ കെ കെ ശൗക്കത്തലി, തിരൂര്‍ നഗര സഭാ ചെയര്‍ പേഴ്‌സന്‍ സഫിയ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം അബ്ദുല്ല കുട്ടി, നഗരസഭ വൈസ് ചെയര്‍മാന്‍ രാമന്‍കുട്ടി, നഗരസഭ കൗണ്‍സിലര്‍ കെ കെ അബ്ദുല്‍സലാം, കേരള ഫയര്‍ ഫോഴ്‌സ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അരുണ്‍ ഭാസ്‌ക്കര്‍, കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആര്‍ കെ മുകുന്ദന്‍, അഗ്നിശമന രക്ഷാ സേന കമാന്റന്റ് ജനറല്‍ പി ചന്ദ്രശേഖരന്‍ സംസാരിച്ചു.

 

Latest