ശസ്ത്രക്രിയയിലൂടെ മനുഷ്യ തലയും മാറ്റിവെക്കാം

Posted on: July 4, 2013 6:02 pm | Last updated: July 4, 2013 at 6:02 pm

headലണ്ടന്‍: ആധുനിക കോശ സാങ്കേതിക വിദ്യയിലൂടെ മനുഷ്യന്റെ തലയും മാറ്റിവെക്കാമെന്ന് ഇറ്റാലിയന്‍ ശാസ്ത്രജ്ഞന്റെ അവകാശവാദം. പ്രയാസകരമായ ഈ ശസ്ത്രക്രിയ രണ്ട് വര്‍ഷത്തിനകം നടത്താനാകുമെന്നും ഇറ്റലിയിലെ ആധുനിക ന്യൂറോ മോഡുലേഷന്‍ ഗ്രൂപ്പിലെ ഡോ. സെര്‍ജിയോ കാനാവെറോ പറഞ്ഞു.

സര്‍ജിക്കല്‍ ന്യൂറോളജി ഇന്റര്‍നാഷനല്‍ എന്ന മെഡിക്കല്‍ ജേര്‍ണലിലാണ് പുതിയ സാങ്കേതിക വിദ്യയെ കുറിച്ചുള്ള പ്രൊജക്ട് പ്രസിദ്ധീകരിച്ചത്. മൂര്‍ച്ചയേറിയ ബ്ലേഡ് കൊണ്ട് രണ്ട് പേരുടെ തലയറുത്ത് പരസ്പരം തുന്നി ചേര്‍ക്കുകയാണ് ചെയ്യുന്നത്. ആധൂനിക സംവിധാനങ്ങളോടെ വികസിപ്പിച്ചെടുത്ത പോളിമര്‍ പശ ഉപയോഗിച്ച് അറുത്തു മാറ്റിയ തല കഴുകി വൃത്തിയാക്കും. തുടര്‍ന്ന് ഇത് ശീതീകരിക്കുകയും ചെയ്യും. രണ്ട് പ്രവൃത്തികള്‍ക്കും ഉപയോഗിക്കുന്നത് പോളിമര്‍ പശയാണ്. ഇലക്‌ട്രോഫ്യൂഷന്‍ നടത്തിയ ശേഷമാണ് തുന്നിച്ചേര്‍ക്കുക.

18ാം നൂറ്റാണ്ടിലെ മേരി ഷെല്ലിയുടെ നോവലില്‍ മനുഷ്യരുടെ തലകള്‍ മാറ്റിപ്പിടിപ്പിക്കുന്നത് പറയുന്നുണ്ട്. റിഷ്യസ് വിഭാഗത്തില്‍പ്പെടുന്ന കുരങ്ങുകളില്‍ 1970 ല്‍ ഈ രീതി ഉപയോഗിച്ച് പരീക്ഷണം നടത്തിയിരുന്നു. എട്ട് ദിവസത്തിനു ശേഷം കുരങ്ങ് ചത്തു. ജെമിനി എന്നറിയപ്പെടുന്ന പോളിമര്‍ പശ അണുവിമുക്തമാക്കിയാല്‍ മനുഷ്യരിലും തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയിക്കുമെന്നാണ് ഡോ. കനാവറോ പറയുന്നത്.

മനുഷ്യനില്‍ പത്ത് ശതമാനം സുഷുമ്‌ന നാഡികള്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ ഐച്ഛിക പ്രവര്‍ത്തനങ്ങളും ചലന ശേഷിയും സാധ്യമാണ്. നേരത്തെ നടത്തിയ പരീക്ഷണങ്ങളില്‍ പൂര്‍ണ പ്രവര്‍ത്തനസജ്ജമായ മസ്തിഷ്‌കവും ഇത്തരം ശസ്ത്രക്രിയയിലൂടെ സാധ്യമാണെന്ന് കണ്ടെത്തി.