ബീഹാര്‍ മുന്‍ ഡി ജി പിയുടെ കണ്ടുകെട്ടിയ വീട് സ്‌പെഷ്യല്‍ സ്‌കൂളാക്കി

Posted on: July 4, 2013 5:59 am | Last updated: July 4, 2013 at 8:55 am

പാറ്റ്‌ന: അവിഹിത സ്വത്ത് സമ്പാദനത്തിന് പിടിയിലായ പോലീസ് മേധാവിയില്‍ നിന്ന് കണ്ടുകെട്ടിയ വസതി മനോവൈകല്യമുള്ള കുട്ടികള്‍ക്കുള്ള വിദ്യാലയമാക്കി. ബീഹാറിലെ മുന്‍ ഡി ജി പി നാരായണ്‍ മിശ്രയുടെ കൊട്ടാര സമാന വസതിയാണ് നിതീഷ് കുമാര്‍ സര്‍ക്കാര്‍ കണ്ടുകെട്ടിയത്. ‘പൂങ്കാവന’മെന്നാണ് സ്‌കൂളിന് പേരിട്ടിരിക്കുന്നത്. അമ്പതിലേറെ കുട്ടികള്‍ക്ക് സ്‌കൂളില്‍ പ്രവേശനം നല്‍കും. കുട്ടികള്‍ക്ക് മികച്ച പരിശീലനം നല്‍കാന്‍ വേണ്ട സജ്ജീകരണങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അവിഹിത സ്വത്ത് സമ്പാദനത്തിന് കുറ്റക്കാരനെന്ന് കണ്ടെത്തിയ മിശ്രയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ 2012ല്‍ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. സ്വത്ത് കണ്ടുകെട്ടാനുള്ള വിജിലന്‍സ് കോടതി ഉത്തരവ് മിശ്ര, പാറ്റ്‌നാ ഹൈക്കോടതിയില്‍ ചോദ്യം ചെയ്‌തെങ്കിലും തള്ളുകയായിരുന്നു. സംസ്ഥാന പോലീസ് സേനയുടെ മേധാവിയായിരുന്ന ഒരു ഉദ്യോഗസ്ഥന്‍, ബീഹാര്‍ പ്രത്യേക കോടതി നിയമമനുസരിച്ച് വിചാരണ ചെയ്യപ്പെടുന്നത് ആദ്യ സംഭവമാണ്. 1.40 കോടി രൂപയുടെ അവിഹിത സ്വത്ത് സമ്പാദന കുറ്റമാണ് മിശ്രക്കെതിരെ ചുമത്തിയിരുന്നത്.