വിംബിള്‍ഡണില്‍ പുതിയ വനിതാ ചാമ്പ്യനെ കാണാം

Posted on: July 4, 2013 8:02 am | Last updated: July 4, 2013 at 8:02 am

ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ പുതിയ ചാമ്പ്യനെ കാണാം. ജര്‍മനിയുടെ സബിനെ ലിസിക്കി, പോളണ്ടിന്റെ അഗ്നിയെസ്‌ക റവാന്‍സ്‌ക, ബെല്‍ജിയത്തിന്റെ കിര്‍സ്റ്റന്‍ ഫഌപ്‌കെന്‍സ്, ഫ്രാന്‍സിന്റെ മരിയന്‍ ബര്‍തോളി എന്നിങ്ങനെ സെമിഫൈനലിലെത്തിയവര്‍ കന്നി വിംബിള്‍ഡണിനരികെയാണ്. ഓപണിന്റെ ചരിത്രത്തില്‍ 45 വര്‍ഷത്തിനിടെ ഇതാദ്യമായിട്ടാണ് ഒരു മുന്‍ ചാമ്പ്യന്‍ പോലുമില്ലാതെ വനിതകളുടെ സെമിഫൈനല്‍ ലൈനപ്പ്.
കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യനായ സെറീന വില്യംസിനെ നാലാം റൗണ്ടില്‍ അട്ടിമറിച്ച ജര്‍മനിയുടെ ലിസിക്കിയാണ് ഇപ്പോള്‍ താരം. ക്വാര്‍ട്ടറില്‍ 6-3,6-3ന് എസ്‌തോണിയയുടെ കനേപിയെ അനായാസം തോല്‍പ്പിച്ച ലിസിക്കി സെറീനക്കെതിരെ നേരിടയത് ഭാഗ്യജയമല്ലെന്ന് തെളിയിച്ചു. രണ്ട് ജയങ്ങള്‍ കൂടി മതി ഇരുപത്തിമൂന്നാം സീഡുകാരിക്ക് ചരിത്രം സൃഷ്ടിക്കാന്‍. പോളണ്ടിന്റെ റവാന്‍സ്‌കയില്‍ നിന്ന് ലിസിക്കിക്ക് കടുത്ത വെല്ലുവിളിയുണ്ടാകും.
കഴിഞ്ഞ രണ്ട് വര്‍ഷവും ഡബ്ല്യു ടി എയുടെ ഇഷ്ടതാരത്തിനുള്ള വോട്ടിംഗില്‍ റവാന്‍സ്‌കയാണ് മുന്നില്‍. കഴിഞ്ഞ വര്‍ഷം വിംബിള്‍ഡണ്‍ ഫൈനലില്‍ സെറീന വില്യംസിന് മുന്നില്‍ കിരീടം അടിയറവെച്ച റവാന്‍സ്‌കക്ക് ആ നഷ്ടം നികത്തേണ്ടതുണ്ട്. 7-6(5), 4-6, 6-2ന് ചൈനയടെ സൂപ്പര്‍ താരം ലി നയെ തോല്‍പ്പിച്ചതാണ് റവാന്‍സ്‌കയുടെ സെമിപ്രവേശം. ബെല്‍ജിയത്തിന്റെ ഇരുപതാംസീഡ് കിര്‍സ്റ്റന്‍ ഫഌപ്‌കെന്‍സ് ശൂന്യതയില്‍ നിന്നാണ് വരുന്നത്. 2011 വിംബിള്‍ഡണ്‍ ചാമ്പ്യന്‍ പെട്ര വിറ്റോവയെ ക്വാര്‍ട്ടറില്‍ അട്ടിമറിച്ചതോടെ കിര്‍സ്റ്റന്റെ സാധ്യതകള്‍ ഉയര്‍ന്നിട്ടുണ്ട്. ആദ്യ സെറ്റ് 4-6ന് നഷ്ടമായ ശേഷം കിര്‍സ്റ്റന്‍ 6-3,6-4ന് നടത്തിയ തിരിച്ചുവരവ് അപ്രതീക്ഷിതം.
സെമിയില്‍ ഫ്രാന്‍സിന്റെ മരിയന്‍ ബര്‍തോളിയെ നേരിടുമ്പോള്‍ കാണികളുടെ പിന്തുണ കിര്‍സ്റ്റനായിരിക്കും. അമേരിക്കയുടെ പുതിയ സൂപ്പര്‍താരം സ്ലോനെ സ്റ്റീഫന്‍സിനെ ക്വാര്‍ട്ടറില്‍ വീഴ്ത്താന്‍ ബര്‍തോളി സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്ലാതെ പെരുമാറിയെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.