മഞ്ചേരിയില്‍ സിറ്റി ബസ് സര്‍വീസ് നടത്തും; പരിഷ്‌കരണം അടുത്തയാഴ്ച മുതല്‍

Posted on: July 4, 2013 12:45 am | Last updated: July 4, 2013 at 12:45 am

മലപ്പുറം: ട്രാഫിക് റഗുലേറ്ററി കമ്മറ്റിയുടേയും നഗരസഭയുടേയും ഗതാഗത പരിഷ്‌കരണ തീരുമാനം തളളി മഞ്ചേരി നഗരത്തില്‍ പുതിയ പരിഷ്‌കരണ നടപടികള്‍ക്ക് ജില്ലാ കലക്ടര്‍ കെ ബിജു അന്തിമനിര്‍ദ്ദേശം നല്‍കി. ഇതോടെ നഗരത്തില്‍ മാസങ്ങളായി തുടരുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാകുമെന്നാണ് കരുതുന്നത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നീണ്ട രണ്ടര മണിക്കൂര്‍ നീണ്ടുന്ന ചര്‍ച്ചയിലൂടെ നഗരസഭ ചെയര്‍മാന്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, ബസ് ഉമകള്‍, ബസ് തൊഴിലാളികള്‍, റഗുലേറ്റി കമ്മിറ്റി പ്രതിനിധികള്‍, ഓട്ടോറിക്ഷാ യൂണിയനുകള്‍, യാത്രക്കാര്‍, ജില്ലാ ഭരണകൂടം നിശ്ചയിച്ച പരിഷ്‌ക്കരണ കമ്മിറ്റി എന്നിവരുമായി കലക്ടര്‍ നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് പുതിയ തീരുമാനം അറിയിച്ചത്. അടുത്തയാഴ്ച മുതലായിരിക്കും പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുക. അതുവരെ നിലവിലെ രീതി തന്നെ തുടരും.

അടുത്തയാഴ്ച എം എല്‍ എ, നഗരസഭ ചെയര്‍മാന്‍, ആര്‍ ടി ഒ, ബസ് ഉടമാ തൊഴിലാളി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന അന്തിമ യോഗത്തിലാണ് കലക്ടര്‍ പുതിയ പരിഷ്‌ക്കാര തീരുമാനം പ്രഖ്യാപിക്കുന്നത്. നഗരത്തില്‍ ഐ ജി ബി ടി വികസനം മാത്രം ലക്ഷ്യവെച്ചുളള ഗതാഗത പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കണമെന്ന ഉറച്ച നിലപാടാണ് യോഗത്തില്‍ റഗുലേറ്ററി കമ്മറ്റിയും, നഗരസഭ ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദാലിയും ഉന്നയിച്ചിരുന്നത്.
പൊതുജനം, വിദ്യാര്‍ത്ഥികള്‍, ബസുകള്‍ എന്നിവരെ നിലവിലുളള പരിഷ്‌ക്കാരം ഒരുവിധത്തിലും ബാധിച്ചിട്ടില്ലെന്നും നഗരത്തില്‍ ഗതാഗത ഗുരിക്ക് നല്ലവിധം കുറക്കാന്‍ സാധിച്ചതിനാല്‍ നിലവിലെ സ്ഥിതി തുടരണമെന്നാണ് ഇവര്‍ അറിയിച്ചത്. എന്നാല്‍ ആര്‍ക്കും ഉപകാരമില്ലാത്തെ ഐ ജി ബി ടി ലേക്കു മാറ്റിയ കോഴിക്കോട് ബസുകളുടെ സര്‍വ്വീസ് സീതിഹാജി ബസ്റ്റാന്റിലേക്ക് മാറ്റാതെ ഒരു പരിഷ്‌ക്കാരങ്ങളേയും പിന്തുണക്കുകയില്ലെന്ന് ബസ് ഉടമകളും തൊഴിലാളികളും വ്യാപാരികളും ഉറച്ച നിലാപാട് സ്വീകരിച്ചതോടെ യോഗം വാഗ്വോദങ്ങളിലേക്കും പഴിചാരലുകളിലേക്കും നീണ്ടു.
തുടര്‍ന്ന് സി ഐ കെ കൃഷ്ണദാസ് നിലവിലെ പരിഷ്‌ക്കാരള്‍ക്ക് ആക്കം കുട്ടുന്ന റിപ്പോര്‍ട്ട് അവതിപ്പിച്ചതോടെ ബസ് ഉടമകളും ഒരുമാസത്തെ കലക്ഷന്‍ റിപ്പോര്‍ട്ടുകളും നഷ്ടകണക്കുകളും യോഗത്തില്‍ നിരത്തി. വ്യാപാരികളുടേയും ബസുകളുടേയും നഷ്ടങ്ങള്‍ക്ക് കാരണം കാലാവസ്ഥയാണെന്നും കനത്തമഴ തുടരുന്നതിനാലാണ് നഷ്ടം സംഭവിക്കുന്നതെന്നായിരുന്നു നഗരസഭാ ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദലിയുടെ വാദം. തര്‍ക്കം തടുര്‍ന്നതോടെ കലക്ടര്‍ നിലവിലെ സ്ഥിതി തുടരുന്നതില്‍ ആര്‍ക്കാണ് ഉപാകരമെന്ന് ചോദിച്ചു.
എന്നാല്‍ നഗരസഭ ചെയര്‍മാനും റഗുലേറ്ററി കമ്മിറ്റി ചെയര്‍മാന്‍ സി ഐ കെ കൃഷ്ണദാസിനും ഇതിന് മറുപടി നല്‍കാന്‍ സാധിച്ചില്ല. ഇതോടെയാണ് കോഴിക്കോട് ബസുകള്‍ സീതിഹാജി സ്റ്റാന്റില്‍ നിന്ന് മാറ്റേണ്ടതില്ലെന്നും പെരിന്തല്‍മണ്ണ ബസുകള്‍ ഐ ജി ബി ടി യിലേക്ക് മാറ്റിയുമുളള തീരുമാനമുണ്ടായത്.
എന്നാല്‍ പന്നീട് ബസ് ഉടമകളില്‍ നിന്നുളള ചിലരും പഴയ ബസ്റ്റാന്റിലെ ചില വ്യാപാരികളും പെരിന്തല്‍മണ്ണ ബസുകള്‍ മാറ്റാന്‍ പാടില്ലെന്ന് വാദിച്ച് രംഗത്തെത്തി. ഇതിനെ ബഹുഭൂരിപക്ഷം പേരും എത്തിര്‍ത്തതോടെ ചര്‍ച്ച വഴിമുട്ടുകയും ജില്ലാ കലക്ടര്‍ നഗരത്തില്‍ സിറ്റി ബസുകള്‍ നഗരത്തില്‍ ഇറക്കിയുളള പരിഷ്‌ക്കാരങ്ങള്‍ നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു.