ബൊളീവിയന്‍ പ്രസിഡന്റിന്റെ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി

Posted on: July 4, 2013 12:33 am | Last updated: July 4, 2013 at 12:33 am

boleviaവിയന്ന / സുക്രെ: അമേരിക്കയുടെ ‘ചാരക്കഥ’ പുറത്തുക്കൊണ്ടുവന്ന മുന്‍ സി ഐ എ ഉദ്യോഗസ്ഥന്‍ എഡ്വാര്‍ഡ് സ്‌നോഡന്‍ ഉണ്ടെന്ന് കരുതി ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാല്‍സ് സഞ്ചരിച്ച വിമാനം ആസ്ത്രിയയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. ഫ്രാന്‍സിന്റെയും പോര്‍ച്ചുഗലിന്റെയും ആവശ്യപ്രകാരമാണ് ലാന്‍ഡിംഗ് നടന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ ബൊളീവിയ ശക്തമായ പ്രതിഷേധം അറിയിച്ചു.
റഷ്യന്‍ സന്ദര്‍ശനത്തിന് ശേഷം ബൊളിവിയയിലേക്ക് പോകുകയായിരുന്ന പ്രസിഡന്റ് ആസ്ത്രിയയില്‍ ഇറങ്ങേണ്ടിവന്നു. പ്രസിഡന്റിനൊപ്പം സ്‌നോഡനുണ്ടെന്ന ‘രഹസ്യ’ വാര്‍ത്ത ലഭിച്ചതിനെ തുടര്‍ന്ന് വിമാനത്തിന്റെ പെര്‍മിറ്റ് ഫ്രാന്‍സും പോര്‍ച്ചുഗലും റദ്ദാക്കുകയായിരുന്നു. അമേരിക്കയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ അധികൃതര്‍ നിയമവിരുദ്ധമായ നടപടി സ്വീകരിച്ചതെന്ന് ബൊളീവിയന്‍ പ്രതിരോധ മന്ത്രി സാവേദ്ര കുറ്റപ്പെടുത്തി. വിമാനത്താവളത്തിലേ ഉദ്യോഗസ്ഥര്‍ വിമാനം പരിശോധിച്ച ശേഷമാണ് പിന്നീട് പറക്കാന്‍ അനുമതി നല്‍കിയതെന്ന് ബൊളിവീയന്‍ ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണം ചുമത്തി സ്‌നോഡനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയിരിക്കുകയാണ് അമേരിക്ക. റഷ്യയില്‍ അജ്ഞാത കേന്ദ്രത്തില്‍ കഴിയുന്ന സ്‌നോഡന്‍ അഭയം നല്‍കണമെന്നാവശ്യപ്പെട്ട് ബോളീവിയയടക്കമുള്ള 21 രാഷ്ട്രങ്ങള്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. അപേക്ഷ പരിഗണിച്ച് സ്‌നോഡന് അഭയം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ബൊളീവിയ വ്യക്തമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ബൊളീവിയന്‍ പ്രസിഡന്റിന്റെ വിമാനം തടഞ്ഞതെന്നത് ശ്രദ്ധേയമാണ്.
പ്രസിഡന്റിനോട് ചെയ്തത് തികച്ചും അനീതിയാണെന്നും ഇതിനെ കുറിച്ച് അന്വേഷണം നടത്താന്‍ ആവശ്യപ്പെടുമെന്നും ബൊളീവിയയുടെ യു എന്‍ പ്രതിനിധി വ്യക്തമാക്കി. ഇതു സംബന്ധിച്ച പരാതി യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണിന് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തിയ നടപടിക്കെതിരെ വെനിസ്വേല, റഷ്യ, ചൈനയടക്കമുള്ള രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.