റിലയന്‍സ് ഡി ടി എച്ച് സണ്ണിന് വില്‍ക്കുന്നു

Posted on: July 3, 2013 10:28 pm | Last updated: July 3, 2013 at 10:28 pm

reliance dthന്യൂഡല്‍ഹി: അനില്‍ അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ ഡി ടി എച്ച് (ഡയറ്ക്ട് ടു ഹോം) സംവിധാനമായ റിലയന്‍സ് ഡിജിറ്റല്‍ ടിവി സണ്‍ ടി വിക്ക് വില്‍ക്കുന്നു. 80 ശതമാനം ഓഹരികളാണ് വില്‍ക്കുന്നത്. 2500 കോടി രൂപയുടെ ഈ ഇടപാടുമായി ബന്ധപ്പെട്ട കരാര്‍ അടുത്ത ദിവസം തന്നെ ഒപ്പുവെക്കും.

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റ കടബാധ്യതക്ക് ആശ്വാസമേകാനാണ് ഓഹരി കലാനിധി മാരന്റെ സണ്‍ നെറ്റ് വര്‍ക്കിന് വില്‍ക്കുന്നത്. 38,864 കോടിയുടെ കട ബാധ്യതയാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനുള്ളത്. നിലവില്‍ റിലയന്‍സ് ഡി ടി എച്ചിന് 46 ലക്ഷം വരിക്കാരുണ്ട്. സണ്‍ ടി വിക്ക് 85 ലക്ഷവും. റിലയന്‍സ് ഡി ടി എച് ഏറ്റെടുക്കുന്നതോടെ സണ്‍ ടി വിയുടെ ശക്തി 1.31 കോടിയാകും. ഇതോടെ ഇന്ത്യയില്‍ കൂടുതല്‍ വരിക്കാരുള്ള ഡി ടി എച്ച് സേവനവും സണ്ണിന് സ്വന്തമാകും.