എസ് എസ് എ: ജില്ലയില്‍ 6448.76 ലക്ഷം രൂപ ചെലവഴിച്ചു

Posted on: July 3, 2013 1:14 pm | Last updated: July 3, 2013 at 1:14 pm

കോഴിക്കോട്: വിദ്യാഭ്യാസ രംഗത്ത് സമഗ്ര നേട്ടം കൈവരിക്കാനായി സര്‍വശിക്ഷാ അഭിയാന്‍ രണ്ട് വര്‍ഷം കൊണ്ട് ജില്ലയില്‍ നടപ്പാക്കിയത് 6448.76 ലക്ഷം രൂപയുടെ പദ്ധതികള്‍. 2012-13 വര്‍ഷത്തില്‍ മാത്രം 3732.04 ലക്ഷം രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കിയത്. 2011-12 അധ്യയന വര്‍ഷം 2716.72 ലക്ഷം രൂപയും ചെലവഴിച്ചു.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ സൗജന്യ പാഠപുസ്തക വിതരണത്തിലും യൂണിഫോം വിതരണത്തിലും പൂര്‍ണ നേട്ടമാണ് കൈവരിക്കാന്‍ സാധിച്ചത്. പിന്നാക്ക വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെയും പ്രീപ്രൈമറി കുട്ടികളുടെയും വിദ്യാഭ്യാസത്തിനും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി വകയിരുത്തിയ 1293 ലക്ഷം രൂപ യും പൂര്‍ണമായി ഉപയോഗപ്പെടുത്താനായതായി ജില്ലാ പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.
സമൂഹത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി രണ്ട് വര്‍ഷം കൊണ്ട് 475 ലക്ഷം രൂപയാണ് ചെലവഴിച്ചത്. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 29.40 ലക്ഷം രൂപ വകയിരുത്തുകയും ഇതിന്റെ 98 ശതമാനവും ഉപയോഗപ്പെടുത്തുകയും ചെയ്തു.