അഭയം നല്‍കാന്‍ 19 രാജ്യങ്ങളോട് സ്‌നോഡന്‍

Posted on: July 2, 2013 11:41 pm | Last updated: July 2, 2013 at 11:41 pm

snowdenവാഷിംഗ്ടണ്‍: അമേരിക്ക വ്യാപകമായി ഫോണ്‍ ചോര്‍ത്തലുകള്‍ നടത്തിയെന്ന വിവരം പുറത്തുവിട്ട യു എസ് ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ എസ് എ) മുന്‍ ഉദ്യോഗസ്ഥനായ എഡ്വേര്‍ഡ് സ്‌നോഡെന്‍ ഇന്ത്യയുള്‍പ്പെടെ പത്തൊമ്പത് രാജ്യങ്ങളോട് അഭയം നല്‍കണമെന്ന് അഭ്യര്‍ഥിച്ചു. വിക്കിലീക്‌സ് നിയമോപദേഷ്ടാവ് സാറാ ഹാരിസണ്‍ ആണ് സ്‌നോഡെന് വേണ്ടി രാജ്യങ്ങളോട് അഭയം നല്‍കണമെന്ന് അഭ്യര്‍ഥിച്ച് അപേക്ഷ നല്‍കിയത്. ഫോണ്‍ ചോര്‍ത്തലുള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് യു എസ് രാജ്യദ്രോഹമുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയ സ്‌നോഡെന്‍ റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിലെ വിമാനത്താവളത്തിലാണുള്ളത്. മോസ്‌കോയിലെ ഷെര്‍മെതിയോവോ വിമാനത്താവളത്തില്‍ നിന്നാണ് അപേക്ഷ നല്‍കിയത്.
ഇന്ത്യയെ കൂടാതെ ഓസ്ട്രിയ, ബൊളീവിയ, ബ്രസീല്‍, ചൈന, ക്യൂബ, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, അയര്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്, നിക്ക്വരാഗ്വേ, നോര്‍വേ, പോളണ്ട്, റഷ്യ, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, വെനിസ്വേല എന്നീ രാജ്യങ്ങളോടാണ് അഭയം നല്‍കണമെന്നാവശ്യപ്പെട്ടത്. ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറിനോടും ഐസ്‌ലാന്‍ഡിനോടും നേരത്തെ സ്‌നോഡെന്‍ അഭയം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ അഭയം നല്‍കാനാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. യു എസിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നത് വരെ സ്‌നോഡെനെ സ്വാഗതം ചെയ്യാനാകില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വഌഡമിര്‍ പുടിന്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് റഷ്യ അഭയം നല്‍കണമെന്ന ആവശ്യം സ്‌നോഡെന്‍ പിന്‍വലിച്ചതായി റഷ്യന്‍ സര്‍ക്കാര്‍ വക്താവ് പറഞ്ഞു. അഭയം നല്‍കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷ ലഭിച്ചിട്ടില്ലെന്നും സ്‌നോഡെന്‍ സംരക്ഷണം അര്‍ഹിക്കുന്നുണ്ടെന്നുമാണ് വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മഡുറോ പറഞ്ഞത്.
നോര്‍വേ, ഫിന്‍ലാന്‍ഡ്, ഓസ്ട്രിയ, പോളണ്ട് എന്നീ രാജ്യങ്ങള്‍ അപേക്ഷ ലഭിച്ചതായി സ്ഥിരീകരിച്ചു. രഹസ്യങ്ങള്‍ ചോര്‍ത്തിയ സ്‌നോഡെന് അഭയം നല്‍കാതിരിക്കാന്‍ അമേരിക്ക വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ ശക്തമായ സമ്മര്‍ദം ചെലുത്തുന്നുണ്ട്.

അഭയം നല്‍കില്ലെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: എഡ്വേര്‍ഡ് സ്‌നോഡെന് അഭയം നല്‍കാനാകില്ലെന്ന് ഇന്ത്യ. അഭയം നല്‍കണമെന്നാവശ്യപ്പെട്ടുള്ള സ്‌നോഡെന്റെ അപേക്ഷ മോസ്‌കോയിലെ ഇന്ത്യന്‍ എംബസിക്ക് ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. അപേക്ഷ സ്വീകരിക്കാന്‍ കാരണങ്ങളൊന്നും കാണുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു. ഇന്ത്യയുള്‍പ്പെടെ പത്തൊമ്പത് രാജ്യങ്ങളോട് അഭയം നല്‍കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷ മോസ്‌കോ വിമാനത്താവളത്തില്‍ നിന്ന് സ്‌നോഡെന്‍ നല്‍കിയിരുന്നു.
സ്വദേശികളുടെ ഫോണുകള്‍ വ്യാപകമായി ചോര്‍ത്തിയതിനു പിന്നാലെ യു എസിലെ ഇന്ത്യന്‍ എംബസി ഉള്‍പ്പെടെ 38 കാര്യാലയങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തിയതായി സ്‌നോഡന്‍ വെളിപ്പെടുത്തിയിരുന്നു. യൂറോപ്യന്‍ യൂനിയന്റെ ഓഫീസുകളിലെ രേഖകളും ചോര്‍ത്തിയവയില്‍ ഉള്‍പ്പെടും.