മുജാഹിദ് പള്ളിയില്‍ സംഘര്‍ഷം

Posted on: July 2, 2013 7:51 am | Last updated: July 2, 2013 at 7:51 am

എടക്കര: കരുനെച്ചിയിലെ മുജാഹിദ് പള്ളിയില്‍ സംഘര്‍ഷാവസ്ഥ. റമസാന് മുന്നോടിയായി ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തത് ഒരു വിഭാഗം തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ഇന്നലെ വൈകുന്നേരം എഴ് മണിയോടെയാണ് സംഭവം.
കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ കീഴിലായിരുന്നു ഒരു മാസം മുന്‍പുവരെ പള്ളി പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഒരു വിഭാഗം ആളുകള്‍ ചേര്‍ന്ന് ഒരു മാസം മുന്‍പ് ട്രസ്റ്റ് രൂപവത്കരിക്കുകയും പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയുമായിരുന്നു. അന്നുമുതല്‍ നേരിയ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നതായി പറയപ്പെടുന്നു.
കെ എന്‍ എമ്മിന് കീഴിലുള്ള തണല്‍ എന്ന സംഘടനയാണ് നോമ്പുകാലത്തേക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണത്തിനെത്തിച്ചത്. വൈകിട്ട് കിറ്റുകള്‍ വിതരണം ചെയ്യാനാരംഭിച്ചപ്പോള്‍ പള്ളിയുടെ ചുമതലയുള്ള ട്രസ്റ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ തടയുകയും സഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.
എടക്കര എസ് ഐ ജ്യോതീന്ദ്രര്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. പിന്നീട് പോലീസിന്റെ സാന്നിധ്യത്തിലാണ് കിറ്റുകള്‍ വിതരണം ചെയ്തത്.