ഇന്ത്യയുടെ ആദ്യ ഗതിനിര്‍ണയ ഉപഗ്രഹം വിക്ഷേപിച്ചു

Posted on: July 1, 2013 11:55 pm | Last updated: July 2, 2013 at 8:49 am

IRNSS-1-Aശ്രീഹരിക്കോട്ട:ഇന്ത്യയുടെ ആദ്യ ഗതിനിര്‍ണയ ഉപഗ്രഹം ഐആര്‍എന്‍എസ്എസ്-1എ ( ഇന്ത്യന്‍ റീജിണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം) ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. ജിപിഎസ് ഉള്‍പ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങളില്‍ സ്വയംപര്യാപ്തത നേടുന്നതിന് സഹായകമാകുന്നതാണ് ഉപഗ്രഹം.

ശ്രീഹരിക്കോട്ടയില്‍ നിന്നും തിങ്കളാഴ്ച രാത്രി 11.41 നായിരുന്നു വിക്ഷേപണം. വിക്ഷേപണത്തിനായുള്ള അറുപത്തിനാലര മണിക്കൂര്‍ കൗണ്ട്് ഡൗണ്‍ വെള്ളിയാഴ്ച രാവിലെ 7.11 ന് ആരംഭിച്ചിരുന്നു. അര്‍ധരാത്രിയിലാണ് വിക്ഷേപണമെന്ന അപൂര്‍വമായ പ്രത്യേകതയും ഇതിനുണ്ടായിരുന്നു.

സ്വന്തമായി ഒരു നിരീക്ഷണ സംവിധാനം വികസിപ്പിച്ചെടുക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്കാണ് തിങ്കളാഴ്ച തുടക്കമായത്.6 മാസത്തിലൊന്ന് എന്ന കണക്കില്‍ ഏഴ് ഉപഗ്രഹങ്ങളാണ് ഐആര്‍എന്‍എസ്എസ് ശൃംഖലയില്‍

ഇന്ത്യ വിക്ഷേപിക്കുക.1420 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചിലവ്.

1425 കിലോ ഭാരമുള്ള ഐആര്‍എന്‍എസ്എസ്-1എയില്‍ രണ്ട് നാവിഗേഷന്‍, റേഞ്ചിംഗ് പേലോഡുകളാണുളളത്.പിഎസ്എല്‍വി സി22 റോക്കറ്റിലായിരുന്നു വിക്ഷേപണം.2015ലാണ് പദ്ധതി പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകുക.പിഎസ്എല്‍വിയുടെ ഇരുപത്തി നാലാമത്തെ ദൗത്യമാണിത്.