മുളക്‌പൊടിയെറിഞ്ഞ് വ്യാപാരിയുടെ 15 ലക്ഷം രൂപയും ബൈക്കും കവര്‍ന്നു

Posted on: June 27, 2013 12:09 am | Last updated: June 27, 2013 at 12:09 am

കോഴിക്കോട്: ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് വരികയായിരുന്ന വിദേശ നാണയ വിനിമയ സ്ഥാപന ഉടമയുടെ കണ്ണില്‍ മുളക്‌പൊടിയെറിഞ്ഞ് ഡോളറുകളടക്കം 15 ലക്ഷം രൂപയും ബൈക്കും രണ്ടംഗ സംഘം തട്ടിയെടുത്തു. തിരുവണ്ണൂര്‍ ശ്രീകൃഷ്ണപുരം റോഡിലെ ഉദയമംഗലം പറമ്പില്‍ സുന്ദര(66)ത്തിന്റെ 15 ലക്ഷം രൂപ വിലമതിക്കുന്ന ഡോളറുകളും വസ്തുക്കളുമാണ് സംഘം കവര്‍ന്നത്. ചൊവ്വാഴ്ച രാത്രി 8.30നാണ് സംഭവം.

സില്‍ക്ക് സ്ട്രീറ്റിലെ എന്‍ എസ് കലക്ഷന്‍സിന്റെ ഉടമയാണ് സുന്ദരം. വിദേശനാണയ വിനിമയവും വിദേശ സാധനങ്ങളുടെ ബിസിനസ്സും നടക്കുന്ന കടയാണ് എന്‍ എസ് കലക്ഷന്‍സ്. ഇരുചക്രവാഹനത്തില്‍ ചൊവാഴ്ച രാത്രി എട്ടിന് കട അടച്ച ശേഷം തിരുവണ്ണൂര്‍ ശ്രീകൃഷ്ണപുരം റോഡിലുടെ വീട്ടിലേക്ക് വരുമ്പോഴാണ് കവര്‍ച്ച നടന്നത്. വാഹനത്തിന്റെ സീറ്റിന്റെ അടിയിലെ ഡിക്കിയിലാണ് ഡോളറുകളും പണവും സൂക്ഷിച്ചിരുന്നത്. അമേരിക്ക, ആസ്‌ട്രേലിയ, മലേഷ്യ എന്നീ രാജ്യങ്ങളുടെ ഡോളറും ദിര്‍ഹവും രണ്ടര ലക്ഷം രൂപയും ഒരു റോളക്‌സും രണ്ട് റാഡോ വാച്ചുമാണ് കവര്‍ന്നത്. 15,30,000 രൂപക്കുള്ള മൂല്യമാണ് മോഷണം പോയ മുതലിനുള്ളതെന്ന് പോലീസ് പറഞ്ഞു.
വീട്ടിലെത്തുന്നതിന് നൂറുമീറ്റര്‍ മുമ്പില്‍ പന്നിയങ്കര കുറ്റിയില്‍താടി റോഡില്‍ വെച്ച് രണ്ട് പേര്‍ റോഡിലേക്ക് ഇറങ്ങി വന്ന് വണ്ടി നിര്‍ത്തിച്ച് സുന്ദരത്തെ അടിച്ചുവീഴ്ത്തി മുളക് പൊടി എറിഞ്ഞ്് ഡോളറടങ്ങിയ ബൈക്കുമായി കടന്നുകളയുകയായിരുന്നു. പോലീസ് കണ്‍ട്രോള്‍ റൂമില്‍ സുന്ദരം വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫ്‌ളൈയിംഗ് സ്‌ക്വാഡും പോലീസും അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.
പരുക്കേറ്റ സുന്ദരത്തെ ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുന്ദരം നല്‍കിയ പരാതിയില്‍ പന്നിയങ്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കസബ സി ഐ ബിശ്വാസിനാണ് അന്വേഷണ ചുമതല. സുന്ദരത്തെ പരിചയമുള്ളവരോ അല്ലെങ്കില്‍ കടയില്‍ നിന്നിറങ്ങുമ്പോള്‍ മുതല്‍ പിന്തുടര്‍ന്ന് വന്നവരോ ആണ് കവര്‍ച്ച നടത്തിയതെന്ന സംശയമുണ്ടെന്ന് സി ഐ ബിശ്വാസ് പറഞ്ഞു.