Connect with us

National

തമിഴ്‌നാട് രാജ്യസഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസില്‍ കടുത്ത ആശയക്കുഴപ്പം

Published

|

Last Updated

ചെന്നൈ: തമിഴ്‌നാട്ടില്‍ വെള്ളിയാഴ്ച രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ കടുത്ത ആശയക്കുഴപ്പം. അഞ്ച് എം എല്‍ എമാരുള്ള കോണ്‍ഗ്രസിന്റെ പിന്തുണ ഡി എം കെയും ഡി എം ഡി കെയും തേടിയിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ഇനിയും കഴിഞ്ഞിട്ടില്ല.
കരുണാനിധി നയിക്കുന്ന ഡി എം കെയെയും സിനിമാതാരം വിജയകാന്ത് നയിക്കുന്ന ഡി എം ഡി കെയെയും ഒന്നിച്ചു് കൊണ്ടുപോകാനാണ് ഹൈക്കമാന്‍ഡിന് താത്പര്യം. ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പ് തന്നെയാണ് കോണ്‍ഗ്രസിനെ കുഴക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ നിന്ന് പരമാവധി സീറ്റുകള്‍ നേടേണ്ടത് കോണ്‍ഗ്രസിന്റെ ആവശ്യമാണ്. ഡി എം ഡി കെയെ അപേക്ഷിച്ച് ഡി എം കെക്കാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനെ സഹായിക്കാനാകുക. ഈ സഖ്യം സാധ്യമാകണമെങ്കില്‍ രാജ്യസഭയിലേക്ക് ഡി എം കെക്ക് വോട്ട് നല്‍കണം. ഡി എം കെ സ്ഥാനാര്‍ഥി കരുണാനിധിയുടെ മകള്‍ കനിമൊഴിയാണെന്നത് ശ്രദ്ധേയമാണ്.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേരത്തെ പിന്തുണ വാഗ്ദാനം ചെയ്തതു കൊണ്ടാണ് ഡി എം ഡി കെ രാജ്യസഭാ തിരഞ്ഞെടുപ്പിലേക്ക് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തിയതെന്ന് വിജയകാന്ത് പ്രസ്താവിച്ചിട്ടുണ്ട്. ഈ വാഗ്ദാനമില്ലായിരുന്നെങ്കില്‍ മത്സരരംഗത്ത് വരില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ടി എന്‍ സി സിയാണ് ഇപ്പോള്‍ കടലിനും ചെകുത്താനുമിടയിലായത്.
കഴിഞ്ഞ ഒരാഴ്ചയായി ടി എന്‍ സി സി പ്രസിഡന്റ് ബി എസ് ജ്ഞാനദേശികന്‍ ഡല്‍ഹിയിലാണ്. ഹൈക്കമാന്‍ഡിന്റെ തീരുമാനം കാത്താണ് അവിടെ തങ്ങുന്നത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായി ഇദ്ദേഹം നിരന്തരം ബന്ധപ്പെടുന്നുവെങ്കിലും തീരുമാനം മാത്രമായില്ല. വാസ്‌നിക് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ഗുലാം നബി ആസാദുമായി ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും തീരുമാനമുണ്ടായില്ല.
ഈ അനിശ്ചിതത്വം കോണ്‍ഗ്രസ് എം എല്‍ എമാരെയാണ് ആശയക്കുഴപ്പത്തിലാക്കുന്നത്. കേന്ദ്രത്തില്‍ സഖ്യം ഇല്ലാത്ത പശ്ചാത്തലത്തില്‍ ഡി എം ഡി കെക്ക് പിന്തുണ നല്‍കുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് എം എല്‍ എമാരില്‍ ഭൂരിപക്ഷത്തിനുമുള്ളത്. പക്ഷേ ഹൈക്കമാന്‍ഡിന്റെ അന്തിമ നിലപാട് അറിയാതെ ഒന്നും പറയാനും വയ്യ.
തിരഞ്ഞെടുപ്പ് നടക്കുന്ന ആറ് സീറ്റുകളില്‍ അഞ്ചെണ്ണം ഭരണകക്ഷിയായ എ ഐ എ ഡി എം കെ ഉറപ്പാക്കിയിട്ടുണ്ട്. ഒരു സീറ്റില്‍ ഡി എം കെയും ഡി എം ഡി കെയും എ ഐ എ ഡി എം കെയുടെ പിന്തുണയുള്ള സി പി ഐയും മത്സരിക്കും.

Latest