Connect with us

Palakkad

നെല്‍പാടങ്ങള്‍ ഇഞ്ചിക്ക് വഴിമാറുന്നു

Published

|

Last Updated

പാലക്കാട്: നെല്‍കൃഷി ഉപേക്ഷിച്ച് ചിറ്റൂരിലെ കര്‍ഷകര്‍ ഇഞ്ചികൃഷിയിലേക്ക് മാറുന്നു. കഴിഞ്ഞ വര്‍ഷം തുലാമഴ ലഭിക്കാത്തതും ആളിയാറില്‍ ഡാമില്‍ നിന്ന് വെള്ളം ലഭ്യമാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയാതെ വന്നതും വ്യാപക കൃഷിനാശത്തിന് കാരണമായിരുന്നു. 
ഇത് കര്‍ഷകരെ വലിയ സാമ്പത്തിക ബാധ്യതയിലേക്കാണ് തള്ളിവിട്ടത്. ഇക്കാരണത്താല്‍ മേഖലയിലെ കര്‍ഷകര്‍ ഇരുപൂവല്‍ നെല്‍പാടങ്ങള്‍ ഇഞ്ചികൃഷിക്കായി പാട്ടത്തിന് നല്‍കുകയാണ്.—കഴിഞ്ഞ വര്‍ഷങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാത്തതും എന്നാല്‍, ആവശ്യത്തിന് വെള്ളം ലഭിക്കുന്നതുമായ പാടങ്ങളാണ് ഇഞ്ചിക്ക് തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍, ഇത്തവണ പുന്തല്‍ പാടങ്ങളൊഴികെയുള്ള ഭൂരിഭാഗം നെല്‍പാടങ്ങളും ഇഞ്ചികൃഷിക്കായി നല്‍കിയിരിക്കുകയാണ്.
തെക്കന്‍ ജില്ലകളില്‍ നിന്നുള്ള കര്‍ഷകരാണ് കൃഷിസ്ഥലം പാട്ടത്തിനെടുത്തിരിക്കുന്നത്. ഏക്കറിന് 30,000 മുതല്‍ 35,000 രൂപ വരെ ലഭിക്കുമെന്നതാണ് കര്‍ഷകരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ഇരുപൂവല്‍ നെല്‍പാടങ്ങളില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ചാല്‍കീറി തമിഴ്‌നാട്ടില്‍ നിന്ന് ചകിരിച്ചോറ് നിറക്കുന്ന ജോലികള്‍ ഇതിനകം പൂര്‍ത്തിയായി.
ഇഞ്ചികൃഷിക്കായി മെര്‍ക്കുറി കലര്‍ന്ന കുമിള്‍നാശിനികള്‍, ആന്റിബയോട്ടിക് സിന്തറ്റിക് ഫൈത്രേയ്‌സ്, ഫുരിഡാന്‍ എന്നിവ ഉള്‍പ്പെടെ നിരോധിത കിടനാശിനികള്‍ വ്യാപകമായി ഉപയോഗിക്കുന്നതിനാല്‍ മണ്ണിന്റെ ജൈവാംശം നശിച്ച് അടുത്ത മൂന്ന് വര്‍ഷത്തേക്ക് നെല്‍കൃഷി ചെയ്യാനാവില്ലെന്ന് കൃഷിവകുപ്പ് അധികൃതര്‍ പറയുന്നു.—ഇഞ്ചിപാടങ്ങളില്‍ മാരകമായ കീടനാശിനി പ്രയോഗം മൂലം പാടങ്ങളില്‍ നിന്ന് ഒലിച്ചിറങ്ങുന്ന വെള്ളം സമീപത്തെ കുളങ്ങളില്‍ എത്തിയാല്‍ മീനുകള്‍ ചത്തൊടുങ്ങുമെന്നും സമീപത്തെ കിണറുകളിലെ വെള്ളത്തില്‍ വിഷാംശം കലരാന്‍ ഇടവരുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം വരള്‍ച്ചമൂലം കൃഷിനാശം സംഭവിച്ച ന്‍െല്‍കര്‍ഷകരെ കൃഷിവകുപ്പ് കൈവെടിഞ്ഞപ്പോള്‍ ഇഞ്ചികര്‍ഷകര്‍ക്ക് ഏക്കറിന് 15,000 രൂപ നല്‍കുകയും ചെയ്തിരുന്നു.