‘ബുദ്ധമത തീവ്രവാദം’ ടൈം മാഗസിന്റെ കവര്‍ സ്റ്റോറി

Posted on: June 25, 2013 6:00 am | Last updated: June 24, 2013 at 11:56 pm

TIMEയാംഗൂണ്‍: മ്യന്‍മറിലെ മുസ്‌ലിംകള്‍ക്കെതിരെ ബുദ്ധമത തീവ്രവാദികള്‍ നടത്തിയ ആക്രമണത്തെ ‘ബുദ്ധ ഭീകരത’ എന്ന് തലക്കെട്ടോടെ ടൈം മാഗസിന്‍ കവര്‍ സ്റ്റോറിയാക്കി. ജുലൈ ഒന്നിലെ പതിപ്പിലാണ് ബുദ്ധ ഭീകരത പ്രധാന വിഷയമാക്കിയത്. റോഹിംഗ്യാ മുസ്‌ലികള്‍ക്കെതിരെ നടന്ന വംശഹത്യക്ക് നേതൃത്വം നല്‍കിയ വിരാദു എന്ന ബുദ്ധസന്യാസിയുടെ ചിത്രമാണ് മാഗസിന്റെ കവറില്‍.
‘ദ ഫെയ്‌സ് ഓഫ് ബുദ്ധിസ്റ്റ് ടെറര്‍’ എന്നാണ് തലക്കെട്ട് ഇട്ടിരിക്കുന്നത്. മുസ്‌ലിംകള്‍ വംശവര്‍ധന നടത്തുന്നവരാണെന്നും സ്വന്തം സമൂഹത്തെ കൊന്നൊടുക്കുന്നവരാണെന്നുമുള്ള വിവാദമായ പ്രസ്താവനയിറക്കി കലാപത്തിന് ആക്കം കൂട്ടിയ സന്യാസിയാണ് വിരാദു. ആക്രമണത്തിന് നേതൃത്വം നല്‍കിയ 969 എന്ന വര്‍ഗീയ സംഘടനയുടെ നേതാക്കളില്‍ പ്രധാനിയാണ് ഇയാള്‍. ബുദ്ധസന്യാസി വേഷത്തില്‍ അക്രമം നടത്തുന്ന ദൃശ്യങ്ങളും ദൃക്‌സാക്ഷികളുടെ ഞെട്ടിക്കുന്ന മൊഴികളും ഉള്‍പ്പെടുന്നതാണ് ടൈം റിപ്പോര്‍ട്ട്. റോഹിംഗ്യ മുസ്‌ലിംകള്‍ അനുഭവിക്കുന്ന കൊടുംക്രൂരതകളിലേക്കും ആട്ടിയോടിക്കലുകളിലേക്കും റിപ്പോര്‍ട്ട് വെളിച്ചം വീശുന്നു.
അതേ സമയം, ടൈം മാഗസിനിലെ റിപ്പോര്‍ട്ടിനെതിരെ മ്യാന്‍മര്‍ സര്‍ക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ബുദ്ധമത വിശ്വാസികളെ അവഹേളിക്കുകയാണ് ടൈം മാഗസിന്‍ ചെയ്യുന്നതെന്ന് പ്രസിഡന്റിന്റെ ഓഫീസ് വക്താക്കള്‍ അറിയിച്ചു. മാഗസിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
മാഗസിനെതിരെ ഓണ്‍ലൈന്‍ പരാതി തയ്യാറാക്കി വ്യാപക ഒപ്പു ശേഖരണവും നടക്കുന്നുണ്ട്. ഇതിനകം 40,000 ബുദ്ധമതക്കാര്‍ ഇതില്‍ ഒപ്പുവെച്ചിട്ടുണ്ട്. ബുദ്ധ ഭീകരവാദം എന്ന പദമാണ് അവരെ പ്രകോപിപ്പിച്ചിരിക്കുന്നത്.