കാലവര്‍ഷക്കെടുതി: സാമ്പത്തിക സഹായം ഉടന്‍ നല്‍കും- മന്ത്രി അനില്‍കുമാര്‍

Posted on: June 23, 2013 7:28 am | Last updated: June 23, 2013 at 7:28 am
SHARE

പാലക്കാട്: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തിരമായി സാമ്പത്തിക സഹായം നല്‍കുമെന്ന് ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കാലവര്‍ഷക്കടുതിയുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇത്തരത്തില്‍ യോഗം നടത്തിവരുന്നതായും മന്ത്രി പറഞ്ഞു. പ്രശ്‌നബാധിത മേഖലകള്‍ കണ്ടെത്തി ആവശ്യമായ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ മന്ത്രി ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎമ്മിന് നിര്‍ദേശം നല്‍കി.
ട്രൈബല്‍ മേഖലകളില്‍ രണ്ടാഴ്ച സൗജന്യ റേഷന്‍ നല്‍കും.കാലവര്‍ഷക്കെടുതിക്ക് ഉപയോഗിക്കുവാനായി ആവശ്യമായ തുക ജില്ലാ’ഭരണകൂടത്തിന്റെ കൈയിലുണ്ട്. കൂടുതല്‍ വരുന്ന പക്ഷം അത് ് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ചിറ്റൂരിലെ മൂന്ന് പഞ്ചായത്തുകളില്‍ രൂക്ഷമായ കുടിവെള്ള പ്രശ്‌നം അനുഭവിക്കുന്നതായി എം എല്‍ എ കെ അച്യുതന്‍ പറഞ്ഞു. ഇപ്പോള്‍ ചിറ്റൂരില്‍ നടക്കുന്ന വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അതെരീതിയില്‍ തുടരാന്‍ മന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. നല്ലേപ്പിള്ളിയില്‍ ഡെങ്കിപ്പനി പടരുന്നതായും എംഎല്‍എ പറഞ്ഞു. എന്നാല്‍ വരള്‍ച്ചയെ തുടര്‍ന്ന് ഏറെക്കാലം ശേഖരിച്ചുവെക്കുന്ന കുടിവെള്ളമാണ് ഡെങ്കിപ്പനി പടരുന്നതിന് കാരണമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. .റോഡുകളിലെ കുഴികള്‍ അപകടം വരുത്തുന്നുവെന്നും ഇത് ഇപ്പോള്‍ നികത്തിയില്ലെങ്കില്‍ ‘ഭാവിയില്‍ കൂടുതല്‍ രൂക്ഷമാകുമെന്നും അതിനാല്‍ നടപടി സ്വീകരിക്കണമെന്നും ഷാഫി പറമ്പില്‍ എംഎല്‍എ ആവശ്യപ്പെട്ടു. നഗരത്തിലെ ഓടകള്‍ ശുചിയാക്കാത്തതും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ധോണിയുള്‍പ്പെടെയുള്ള വിനോദസഞ്ചാരമേഖലകളില്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് എം എല്‍ എ നിര്‍ദേശിച്ചു. ഇതിനാവശ്യമായ പ്രചരണം നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. എന്‍ ആര്‍ എച്ച് എം ന്റെ ഫണ്ടുകള്‍ പഞ്ചായത്തുകള്‍ ഫലപ്രദമായി വിനിയോഗിക്കണമെന്ന് എ കെ ബാലന്‍ എം എ ല്‍ എ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പ്രധാന പാതകള്‍ എന്നിവയുടെ സമീപത്ത് അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റാന്‍യോഗത്തില്‍ പങ്കെടുത്ത എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.