Connect with us

Kerala

മുക്കിയ ഫയല്‍ വരാന്തയില്‍; സെക്രട്ടേറിയറ്റ് ജീവനക്കാരന് സസ്‌പെന്‍ഷന്‍

Published

|

Last Updated

kerala-secretariat

തിരുവനന്തപുരം: പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ എ ഫിറോസ് ടീം സോളാര്‍ തട്ടിപ്പുകാരോടൊപ്പം പ്രതിയായ കേസിന്റെ ഫയല്‍ സെക്രട്ടേറിയറ്റില്‍ നിന്ന് മുക്കിയ സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റ് ജി ബൈജുവിനെ സസ്‌പെന്‍ഡ് ചെയ്തു. ദീര്‍ഘമായ തിരച്ചിലിനു ശേഷം വകുപ്പിന്റെ വരാന്തയില്‍ നിന്ന് ഫയല്‍ കണ്ടെത്തി. നേരത്തേ പൊതുഭരണ വകുപ്പിലായിരുന്ന ബൈജു ഇപ്പോള്‍ വ്യവസായ വകുപ്പിലാണ്. സംഭവത്തെക്കുറിച്ച് വിശദമായ അനേ്വഷണവും ആരംഭിച്ചു.
വായ്പ സംഘടിപ്പിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സരിത എസ് നായരും ബിജു രാധാകൃഷ്ണനും എ ഫിറോസും ചേര്‍ന്ന് 40,20,000 രൂപ തട്ടിയെടുത്തെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ 2009ല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സരിതയെയും ബിജുവിനെയും അറസ്റ്റ് ചെയ്തു. ഫിറോസിനെതിരെ നടപടി എടുക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ പൊതുഭരണ വകുപ്പ് സെക്രട്ടറിക്ക് 2010 നവംബര്‍ 25ന് കത്തയക്കുകയും ചെയ്തു. ഇതിന്മേല്‍ നടപടി ഉണ്ടായില്ല. 2011 ഫെബ്രുവരി രണ്ടിന് ഇതുസംബന്ധിച്ച് ഡി ജി പിയില്‍ നിന്ന് മറ്റൊരു കത്ത് പൊതുഭരണ വകുപ്പിനു വന്നെങ്കിലും നടപടിയെടുക്കുന്നതിനു പകരം വീണ്ടും ഡി ജി പിയുടെ പരിഗണനക്ക് വിട്ടു.
2011 ജൂണ്‍ എട്ടിന് ബൈജുവിനു പകരം പുതിയ അസിസ്റ്റന്റ് ചുമതലയേറ്റെങ്കിലും ബന്ധപ്പെട്ട ഫയല്‍ മുക്കിയതിനെ തുടര്‍ന്ന് പൊതുഭരണ വകുപ്പിന് നടപടിയുമായി മുന്നോട്ടുപോകാന്‍ സാധിച്ചില്ല. ഫിറോസിന്റെ ഫയലാണിതെന്ന് പേഴ്‌സനല്‍ രജിസ്റ്ററില്‍ പരാമര്‍ശിച്ചിരുന്നുമില്ല. തുടര്‍ന്നു നടത്തിയ വിപുലമായ തിരച്ചിലിലാണ് വരാന്തയില്‍ കൂട്ടിയിട്ടിരുന്ന പഴയ ഫയല്‍ കൂമ്പാരത്തില്‍ നിന്ന് ബന്ധപ്പെട്ട ഫയല്‍ കണ്ടെടുത്തത്.
പൊതുഭരണ വകുപ്പിലെ സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റ് ജി ബൈജുവിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണിതെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊതുഭരണ സെക്രട്ടറി ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്. ഫയല്‍ അപ്രത്യക്ഷമായ സാഹചര്യത്തില്‍ കേസിന്റെ വിശദാംശങ്ങള്‍ അറിയാതെയാണ് ഫിറോസിനെ പി ആ ര്‍ഡി ഡയറക്ടറായി നിയമിച്ചതെന്നും സീനിയറായ എ ഡി പി ആര്‍ എന്ന നിലയിലാണ് അദ്ദേഹത്തെ സര്‍ക്കാര്‍ പ്രൊമോട്ട് ചെയ്തതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

 

Latest