വേങ്ങരയിലെ കോളജ് വിവാദം; ലീഗ് നേതൃത്വം പ്രതിക്കൂട്ടില്‍

Posted on: June 22, 2013 6:00 am | Last updated: June 22, 2013 at 12:36 am

വേങ്ങര: മണ്ഡലത്തിലേക്ക് സര്‍ക്കാര്‍ അനുവദിച്ച കോളജ് സ്വകാര്യ ട്രസ്റ്റിന് നല്‍കിയതില്‍ ലീഗ് മണ്ഡലം നേതൃത്വം പ്രതിക്കൂട്ടില്‍. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരിക്കെ വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ കോളജിന് തുരങ്കം വെച്ച് ലീഗ് നേതൃത്വം എയ്ഡഡ് മേഖലയില്‍ അനുവദിച്ചതാണ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്നത്.
മണ്ഡലത്തില്‍ സര്‍ക്കാര്‍ ഭൂമി ഉണ്ടായിട്ടും ഇല്ലെന്ന് പ്രചാരണം നടത്തിയാണ് എയ്ഡഡ് കോളജ് ട്രസ്റ്റിന്റെ പേരില്‍ ലഭ്യമാക്കിയത്. സംഭവത്തോടെ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ വികസന കാഴ്ചപ്പാടിന് മങ്ങലേറ്റതായാണ് വിലയിരുത്തല്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു മണ്ഡലത്തില്‍ സര്‍ക്കാര്‍ കോളജ്. കഴിഞ്ഞ രണ്ട് ബജറ്റിലും കോളജിനായി തുക വിലയിരുത്തുകയും ചെയ്തിരുന്നു. മണ്ഡലത്തിലേക്കനുവദിച്ച കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യമൊരുക്കാനും അനുയോജ്യമായ ഭൂമി കണ്ടെത്താനും മന്ത്രി മണ്ഡലം ലീഗ് ഭാരവാഹികളെ ചുമതലപ്പെടുത്തിയിരുന്നു.
ചുമതലയേറ്റ മണ്ഡലം നേതാക്കളാണ് സര്‍ക്കാര്‍ സ്ഥലമില്ലെന്ന കാരണം പറഞ്ഞ് അവര്‍ തന്നെ തട്ടിക്കൂട്ടിയ ട്രസ്റ്റിന് എയ്ഡഡ് കോളജ് തരപ്പെടുത്തിയത്. വേങ്ങര മണ്ഡലത്തോടൊപ്പം പ്രഖ്യാപിച്ച താനൂര്‍ മണ്ഡലത്തിലെ സര്‍ക്കാര്‍ കോളജും ഇതേ രീതിയില്‍ സ്വകാര്യവത്കരിക്കാന്‍ ശ്രമം നടന്നിരുന്നുവെങ്കിലും സ്ഥലം എം എല്‍ എ അബ്ദുര്‍റഹ്മാന്‍ രണ്ടത്താണിയുടെ ഇടപെടലാണ് താനൂരില്‍ കോളജിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തിയത്. താനൂരില്‍ സ്ഥലം ലഭ്യമാണോ എന്ന് പോലും ഉറപ്പ് വരുത്താതെയാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഫിഷറീസ് വകുപ്പിന് കീഴിലുള്ള സ്ഥലം ഏറ്റെടുക്കാനുള്ള ശ്രമവും നടന്നു വരുന്നുണ്ട്. ഇതിനിടെ താനൂര്‍ ഗവ.കോളജിന്റെ പ്രവര്‍ത്തനങ്ങളും കഴിഞ്ഞ ദിവസം ഔദ്യോഗികമായി തുടങ്ങിയിട്ടുണ്ട്.
സര്‍ക്കാര്‍ കോളജ് നിലവിലില്ലാത്ത മങ്കട, കൊണ്ടോട്ടി മണ്ഡലങ്ങള്‍ക്കും കഴിഞ്ഞ ദിവസം മന്ത്രിസഭ സര്‍ക്കാര്‍ കോളജിന് അംഗീകാരം നല്‍കിയിട്ടുണ്ട്. ഈ മണ്ഡലങ്ങളില്‍ എയ്ഡഡ് കോളജുകള്‍ നിലവിലുണ്ടായിട്ടും സര്‍ക്കാര്‍ കോളജ് നേടിയെടുത്തപ്പോള്‍ അനുവദിച്ച സര്‍ക്കാര്‍ കോളജ് എയ്ഡഡ് മേഖലയിലേക്ക് മാറ്റാനാണ് ശ്രമിച്ചതെന്ന് ലീഗ് അണികള്‍ക്കിടയിലും ഏറെ ചര്‍ച്ചയായിട്ടുണ്ട്.
അതേ സമയം ട്രസ്റ്റ് ഭാരവാഹികളെ സംരക്ഷിക്കുന്ന തരത്തില്‍ ലീഗ് പോഷക സംഘടനകള്‍ രംഗത്തുണ്ടെങ്കിലും നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഈ നിലപാടിനോടെതിരാണ്. വേങ്ങരയിലേക്കനുവദിച്ച കോളജ് സര്‍ക്കാര്‍ തലത്തില്‍ തന്നെ നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ പ്രക്ഷോഭ പരിപാടികള്‍ക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിട്ടുണ്ട്. ജാതി-മത രാഷ്ട്രീയ ഭേദമന്യേ ജനകീയ സമിതി രൂപവത്കരിച്ച് കടുത്ത പ്രക്ഷോഭത്തിനും നീക്കമുണ്ട്.