നിതീഷ്‌കുമാര്‍ ഇന്ന് വിശ്വാസ വോട്ടു തേടും

Posted on: June 19, 2013 8:41 am | Last updated: June 19, 2013 at 1:53 pm

NITHEESH KUMAR
***ബി ജെ പി ബന്ദില്‍ ജനജീവിതം സ്തംഭിച്ചു

***പലയിടത്തും ട്രെയിനുകള്‍ തടഞ്ഞു, റോഡ് ഉപരോധിച്ചു

പാറ്റ്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ ഇന്ന്്് നിയമസഭയില്‍വിശ്വാസ വോട്ട്്് തേടും.കോണ്‍ഗ്രസ് നിതീഷ്‌കുമാറിന് അനുകൂലമായി വോട്ട്്് ചെയ്‌തേക്കും.സഖ്യം വിട്ട് രണ്ട് ദിവസത്തിന് ശേഷം ബീഹാറില്‍ ജെ ഡി യു- ബി ജെ പി പ്രവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടി. പാറ്റ്‌നയില്‍ ബി ജെ പി ഓഫീസിന് പുറത്താണ് ഏറ്റുമുട്ടലുണ്ടായത്. നിരവധി പേര്‍ക്ക് പരുക്കേറ്റു.
ഇന്നലെ ബി ജെ പിയുടെ നേതൃത്വത്തില്‍ ‘വിശ്വാസ്ഘട് ദിവസ്’ (വഞ്ചനാ ദിനം) ആചരിക്കുകയായിരുന്നു. ബന്ദിനും ആഹ്വാനം ചെയ്തിരുന്നു. ഇതിനിടെയാണ് മുളവടിയും ഇരുമ്പ് ദണ്ഡും ഉപയോഗിച്ച് ഇരു പാര്‍ട്ടിക്കാരും ഏറ്റുമുട്ടിയത്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ബി ജെ പിക്കാര്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍, ജെ ഡി യു പ്രവര്‍ത്തകര്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ മുദ്രാവാക്യം വിളിച്ച് തിരിച്ചടിച്ചു. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ബി ജെ പി സംസ്ഥാന ഓഫീസ് പരിസരമായ വീര്‍ ചന്ദ് പട്ടേല്‍ പഥിലാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തെ തുടര്‍ന്ന്, ജില്ലാ മജിസ്‌ട്രേറ്റ് എന്‍ ശരവണന്‍ കുമാറും സീനിയര്‍ പോലീസ് സൂപ്രണ്ട് മനു മഹാരാജും സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി.
ദക് ബംഗ്ലാവ് ചൗക്കില്‍ മുതിര്‍ന്ന ബി ജെ പി നേതാക്കളായ സി പി ഠാക്കൂര്‍, സുശീല്‍ കുമാര്‍ മോഡി, രാജീവ് പ്രതാപ് റൂഡി, ഷാനവാസ് ഹുസൈന്‍ എന്നിവരെ കരുതല്‍ കസ്റ്റഡിയില്‍ എടുത്തതായി പോലീസ് പറഞ്ഞു. ഇവരെ കൊണ്ടുപോകുകയായിരുന്ന പോലീസ് ബസുകള്‍ ബി ജെ പി പ്രവര്‍ത്തകര്‍ തകര്‍ത്തു. രാവിലെ നേതാക്കള്‍ പാര്‍ട്ടി ആസ്ഥാനത്ത് നിന്ന് ഠാക് ബംഗ്ലാവ് ചൗക്കിലേക്ക് റാലി നടത്തിയിരുന്നു. അടിയന്തരാവസ്ഥക്ക് ശേഷമുള്ള ഏറ്റവും വലിയ ബന്ദ് ആണിതെന്ന് ഷാനവാസ് ഹുസൈന്‍ അവകാശപ്പെട്ടു. നിതീഷ് സര്‍ക്കാറിന്റെ തകര്‍ച്ചയുടെ തുടക്കമാണിത്. ഇതിന് മുമ്പ് ഇത്തരത്തിലുള്ള ബന്ദ് ഉണ്ടായിട്ടില്ല. ബന്ദിന്റെ തീവ്രത ജെ ഡി യുക്കാര്‍ തന്നെ അംഗീകരിക്കും- അദ്ദേഹം അവകാശപ്പെട്ടു.
അതിനിടെ, ബന്ദ് സാധാരണ ജനജീവിതത്തെ സാരമായി ബാധിച്ചു. ബി ജെ പിക്കാര്‍ ബലം പ്രയോഗിച്ച് ഷോപ്പുകളും വ്യാപാര സ്ഥാപനങ്ങളും അടപ്പിച്ചു. ദര്‍ഭംഗ, നളന്ദ തുടങ്ങിയ ജില്ലകളില്‍ ട്രെയിന്‍ തടയാനും ശ്രമമുണ്ടായി. നിതീഷിന്റെ ജന്മനാടാണ് നളന്ദ. ഔറംഗാബാദ്, പുര്‍ണിയ, മുസാഫര്‍പൂര്‍ തുടങ്ങിയ ജില്ലകളില്‍ റോഡുകള്‍ ഉപരോധിച്ചു.
നരേന്ദ്ര മോഡിയെ തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റിയുടെ തലവനാക്കിയതില്‍ പ്രതിഷേധിച്ചാണ് പതിനേഴ് വര്‍ഷത്തെ സഖ്യം ഉപേക്ഷിക്കാന്‍ ജെ ഡി യു തീരുമാനിച്ചത്.
അതേസമയം, ഇന്നാണ് ബീഹാര്‍ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ്. 243 അംഗ നിയമസഭയില്‍ 118 അംഗങ്ങളാണ് ജെ ഡി യുവിനുള്ളത്. കേവല ഭൂരിപക്ഷത്തിന് നാല് സീറ്റുകളുടെ കുറവ്. ബി ജെ പിക്ക് 91 പേരുണ്ട്. കോണ്‍ഗ്രസിന് നാല് പേരും ആറ് സ്വതന്ത്രന്‍മാരുണ്ട്. ഒരു അംഗമുള്ള സി പി ഐ കഴിഞ്ഞ ദിവസം നിതീഷിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.