Connect with us

Kerala

മുഖ്യമന്ത്രിയെ എല്‍ ഡി എഫ് ബഹിഷ്‌കരിക്കും

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രി രാജിവെക്കുന്നതുവരെ അദ്ദേഹത്തിന്റെ പൊതു പരിപാടികള്‍ ബഹിഷ്‌കരിക്കാന്‍ എല്‍ ഡി എഫ് യോഗ തീരുമാനം. നിയമസഭക്കുള്ളില്‍ പ്രതിഷേധം തുടരും. 21ന് നിയമസഭയിലേക്കും 24ന് ജില്ലാ കേന്ദ്രങ്ങളിലും മാര്‍ച്ച് നടത്തും. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടുന്നതുവരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
100 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്താന്‍ രണ്ട് ക്രിമിനലുകളെ മുഖ്യമന്ത്രിയുടെ ഓഫീസ് സഹായിച്ച വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഈ തട്ടിപ്പില്‍ മുഖ്യമന്ത്രിക്ക് പങ്കില്ല എന്ന് പറയുന്നത് പൂര്‍ണമായി തെറ്റാണ്. എം ഐ ഷാനവാസ് എം പിയുടെ ശിപാര്‍ശയോടെ ബിജു രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയുമായി ഒരുമണിക്കൂര്‍ സംസാരിച്ചെന്നാണ് പറയുന്നത്. ഗണേഷ് കുമാര്‍ കുടുംബ ജീവിതം തകര്‍ത്തുവെന്ന കാര്യം സംസാരിക്കാനായിരുന്നു കൂടിക്കാഴ്ചയെന്ന് പറയുന്നു. ഭാര്യയും ഭര്‍ത്താവുമെന്ന് പറയുന്ന സരിതയും ബിജു രാധാകൃഷ്ണനും നിയമപരമായി വിവാഹിതരായിട്ടില്ലെന്നതാണ് വസ്തുത.
കേരളത്തിലെ മുഖ്യമന്ത്രിമാരില്‍ നിന്ന് ഇതുവരെ ഉണ്ടാകാത്ത രീതിയിലുള്ള പെരുമാറ്റമാണ് ഉമ്മന്‍ ചാണ്ടിയില്‍ നിന്നുണ്ടാകുന്നത്. വ്യത്യസ്ത പ്രസ്താവനകളാണ് മുഖ്യമന്ത്രി നടത്തുന്നത്. തന്റെ സ്റ്റാഫിലുള്ളവരെ ബലിയാടാക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ച അദ്ദേഹം രണ്ട് സ്റ്റാഫ് അംഗങ്ങളെ മാറ്റി. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള ആരോപണം അന്വേഷിക്കാന്‍ അദ്ദേഹത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥന്മാര്‍ വിചാരിച്ചാല്‍ കഴിയില്ല. പി സി ജോര്‍ജ് പറയുന്നതുവരെ സരിതയെക്കുറിച്ച് അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. എന്നാല്‍ വസ്തുതാപരമായി അതു ശരിയല്ല. അതിനും ആറ്മാസം മുമ്പ് കണ്ണൂരില്‍ തട്ടിപ്പിനിരയായ ഡോക്ടര്‍മാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രി മാറി നിന്നു ജുഡീഷ്യല്‍ അന്വേഷണം നടത്തുകയാണ് വേണ്ടതെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. ജനകീയ സമരങ്ങളെ ചോരയില്‍ മുക്കി നേരിടാനുള്ള സര്‍ക്കാറിന്റെ ശ്രമങ്ങളെ എന്തുവിലകൊടുത്തും തോല്‍പ്പിക്കും. ഇടതു മുന്നണി ഇത്തരം കാര്യങ്ങളിലെല്ലാം ജനപക്ഷത്ത് നിന്നു പോരാടും. പകര്‍ച്ചപ്പനി, വിലക്കയറ്റം വിഷയങ്ങളില്‍ നിസംഗത തുടരുന്ന സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണ്.

---- facebook comment plugin here -----

Latest