Connect with us

National

രാജ്യസഭ: ഡി രാജയെ സി പി ഐ വീണ്ടും നാമനിര്‍ദേശം ചെയ്തു

Published

|

Last Updated

ചെന്നൈ: തമിഴ്‌നാട്ടില്‍ നിന്ന് രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി സി പി ഐ വീണ്ടും ഡി രാജയെ നാമനിര്‍ദേശം ചെയ്തു. പാര്‍ട്ടി ദേശീയ കൗണ്‍സില്‍ സെക്രട്ടറിയാണ് ഡി രാജ. രാജയെ വീണ്ടും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ പാര്‍ട്ടി തീരുമാനിച്ചതായി ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഢി അറിയിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനാണ് സുധാകര്‍ റെഡ്ഢി ചെന്നൈയിലെത്തിയത്.
കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഡി രാജയുടെ പേര് നിര്‍ദേശിച്ചത്. അധികം വരുന്ന വോട്ടുകള്‍ സി പി ഐക്ക് നല്‍കണമെന്ന് എ ഐ എ ഡി എം കെയോട് അഭ്യര്‍ഥിച്ചെങ്കിലും, അഞ്ച് സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതിനാല്‍ തങ്ങള്‍ നിസ്സഹായരാണെന്ന് പാര്‍ട്ടി നേതാവ് ജയലളിത അറിയിച്ചു. എന്നാല്‍, പിന്തുണക്കാന്‍ ആവശ്യപ്പെട്ട് ഡി എം ഡി കെയെയോ ഡി എം കെയെയോ സമീപിച്ചിട്ടില്ലെന്ന് സി പി ഐ അറിയിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത, നിയമസഭയില്‍ അംഗങ്ങളുള്ള പാര്‍ട്ടികള്‍ തങ്ങളെ പിന്തുണക്കുമെന്നാണ് പ്രതീക്ഷയെന്ന് സുധാകര്‍ റെഡ്ഢി പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന തരത്തിലുള്ള മാധ്യമ വാര്‍ത്തകളില്‍ സത്യമില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ഡി പാണ്ഡ്യന്‍ പറഞ്ഞു. തന്നെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെടുകയോ പാര്‍ട്ടി യോഗത്തില്‍ തന്റെ പേര് ചര്‍ച്ച ചെയ്യുകയോ ഉണ്ടായിട്ടില്ല. മാധ്യമങ്ങളില്‍ വരുന്നത് ഭാവനകള്‍ മാത്രമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, തങ്ങളെ അഞ്ച് എം എല്‍ എമാരുള്ള കോണ്‍ഗ്രസ് പിന്തുണക്കുമെന്ന് ഡി എം ഡി കെയുടെ ഉടമസ്ഥതയിലുള്ള “ക്യാപ്റ്റന്‍” ടി വി അവകാശപ്പെട്ടു. ഡി എം ഡി കെക്ക് 29 എം എല്‍ എമാരാണ് ഉള്ളത്. എന്നാല്‍ ഇവരില്‍ ഏഴ് പേര്‍ ജയലളിതക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. എ ഐ എ ഡി എം കെ-151, ഡി എം ഡി എം കെ-29, ഡി എം കെ-23, സി പി എം-10, സി പി ഐ- എട്ട്, കോണ്‍ഗ്രസ്- അഞ്ച് എന്നിങ്ങനെയാണ് 235 അംഗ തമിഴ്‌നാട് നിയമസഭയിലെ കക്ഷിനില. ഒരാള്‍ക്ക് ജയിക്കാന്‍ 34 വോട്ട് വേണ്ടി വരും.