അമേരിക്കയുടെ പ്രിസം പദ്ധതി: ഫേസ്ബുക്ക് ചോര്‍ത്തി നല്‍കിയത് 19,000 അക്കൗണ്ടുകള്‍, മൈക്രോസോഫ്റ്റ് 32,000

Posted on: June 16, 2013 9:10 am | Last updated: June 16, 2013 at 9:10 am
SHARE

flogo സാന്‍ഫ്രാന്‍സിസ്‌കോ: ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ നിന്നടക്കം വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ എസ് എ) നടത്തിയ അപേക്ഷകള്‍ ഇന്റര്‍നെറ്റ് ഭീമന്‍മാരായ ഫേസ്ബുക്കും മൈക്രോസോഫ്റ്റും വെളിപ്പെടുത്തി. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ‘പ്രിസം’ പദ്ധതിയുടെ ഭാഗമായി തങ്ങള്‍ ആയിരക്കണക്കിന് വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നാണ് ഫേസ്ബുക്കും മൈക്രോസോഫ്റ്റും വെളിപ്പെടുത്തിയിരിക്കുന്നത്.
2012 പകുതിയോടെ ഫേസ്ബുക്കില്‍ വ്യക്തികള്‍ നല്‍കിയ വിവരങ്ങള്‍ ആവശ്യപ്പെട്ട് 9,000 ത്തിനും 10,000ത്തിനും ഇടയില്‍ അപേക്ഷകളാണ് ലഭിച്ചത്. ഇതുപ്രകാരം 18,000ത്തിനും 19,000ത്തിനും ഇടയില്‍ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങളാണ് ഫേസ്ബുക്ക് നല്‍കിയത്.
ഉപയോക്താക്കളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് ലഭിച്ച അപേക്ഷകളില്‍ 31,000 ഉപയോക്താക്കളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും തങ്ങള്‍ കൈമാറിയതായി മൈക്രോസോഫ്റ്റും വെളിപ്പെടുത്തി. 2012 ജൂലൈ മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ 6000 മുതല്‍ 7000 വരെയുള്ള എന്‍ എസ് എ വാറന്റ് ലഭിച്ചുവെന്നും ഇത് പ്രകാരം 31,000 നും 32,000നും ഇടക്കുള്ള അക്കൗണ്ടിലെ വിവരങ്ങള്‍ കൈമാറിയെന്നും മൈക്രോസോഫ്റ്റ് വൈസ് പ്രസിഡന്റ് ജോണ്‍ ഫ്രാങ്ക് പറഞ്ഞു. ജൂലൈ ഒന്ന് മുതല്‍ ഡിസംബര്‍ 31വരെയുള്ള കാലയളവിലുള്ള വിവരങ്ങള്‍ മാത്രമാണ് നല്‍കിയിട്ടുള്ളതെന്നും മൈക്രോസോഫ്റ്റ് കൈകാര്യം ചെയ്യുന്ന വിവരങ്ങളുടെ ബാഹുല്യം വെച്ച് ഇത് തികച്ചും പരിമിതമാണെന്നും ഫ്രാങ്ക് പറഞ്ഞു.
അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ എസ് എ) രാജ്യത്തിനകത്തും പുറത്തുമുള്ള ദശലക്ഷക്കണക്കിന് വ്യക്തികളുടെ വിവരങ്ങളും സ്വകാര്യ ടെലിഫോണ്‍, ഇന്റര്‍നെറ്റ് സംഭാഷണവും ‘പ്രിസം’ എന്ന പദ്ധതിയിലൂടെ 2007 മുതല്‍ ചോര്‍ത്തിവരുന്നു എന്ന് സി ഐ എ മുന്‍ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍ വെളിപ്പെടുത്തിയതോടെയാണ് ഞെട്ടിക്കുന്ന ചോര്‍ത്തലുകള്‍ ലോകം അറിഞ്ഞത്. ദി ഗാര്‍ഡിയന്‍ പത്രത്തോട് ഈ രഹസ്യം പങ്ക് വെച്ച സ്‌നോഡന്‍ ഇപ്പോള്‍ ഹോംഗ്‌കോംഗില്‍ ഒളിവിലാണ്. ഗൂഗ്ള്‍, ഫേസ്ബുക്ക്, യാഹൂ, മൈക്രോസോഫ്റ്റ്, ആപ്പിള്‍ തുടങ്ങിയവയില്‍ നിന്ന് വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് എന്‍ എസ് എ ഉദ്യോഗസ്ഥര്‍ സമ്മതിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷിതത്വം പരിഗണിച്ച് ഇത്തരം ചോര്‍ത്തലുകള്‍ വേണ്ടി വരുമെന്ന് പ്രസിഡന്റ് ബരാക് ഒബാമയും ന്യായീകരിച്ചിരുന്നു. തീവ്രവാദ ആക്രമണങ്ങള്‍ തടയുന്നതിനായി ഫോണ്‍ വിവരങ്ങള്‍ അടക്കമുള്ളവ ചോര്‍ത്തുന്നത് തുടരുമെന്നും ഒബാമ ഭരണകൂടത്തിലെ ഉന്നതര്‍ പറയുന്നു. ഉപയോക്താക്കളോട് ഉത്തരവാദിത്വമുണ്ടെന്ന് അവകാശപ്പെട്ട കമ്പനികള്‍ വിവരങ്ങള്‍ എന്‍ എസ് എക്ക് നല്‍കിയത് തുടക്കത്തില്‍ സമ്മതിക്കാന്‍ തയ്യാറായിരുന്നില്ല. എല്ലാം പുറത്തു വന്നതോടെയാണ് കൈമാറിയ വിവരങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവിടുന്നത്. ഇത്രയേ പുറത്തു വന്നുള്ളൂ എന്ന പ്രതീതി ഉണ്ടാക്കാനാണ് ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.