ആലുങ്ങല്‍ ബീച്ചില്‍ കടലാക്രമണം രൂക്ഷം

Posted on: June 15, 2013 1:39 am | Last updated: June 15, 2013 at 1:39 am

പരപ്പനങ്ങാടി;പരപ്പനങ്ങാടിയുടെ വിവിധ പ്രദേശങ്ങളില്‍ കടലാക്രമണം തുടരുന്നു. ആലുങ്ങല്‍ ബീ ച്ചില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. കഴിഞ്ഞ ദിവസമുണ്ടായ കടലാക്രമണത്തില്‍ എട്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്.

മൂന്ന് വൈദ്യുതി തൂണുകളും തകര്‍ന്നിട്ടുണ്ട്. അപകടാവസ്ഥയിലായ വീടുകളില്‍ നിന്നും ആളുകളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ശക്തമായ കാറ്റും കനത്ത മഴയുമാണ് കടല്‍കലി തുള്ളാന്‍ കാരണമായത്. 50 മുതല്‍ 100 മീറ്റര്‍ വരെ തീരപ്രദേശം കടലെടുത്തു കഴിഞ്ഞു. ആലുങ്ങല്‍ ബീച്ചില്‍ നിന്നും കര മുഴുവനും കടല്‍ വിഴുങ്ങിയിട്ടുണ്ട്. വൈദ്യുതി തൂണുകളും കടല്‍ വിഴുങ്ങിയതിനാല്‍ വീടുകളില്‍ വൈദ്യുതി നിലച്ചിരിക്കുകയാണ്.
പറമ്പില്‍ അബ്ദുല്ലക്കുട്ടി, സീതിന്റെ പുരക്കല്‍ കോയമോന്‍, പറമ്പില്‍ ഖാദര്‍, കൊറയന്റെ പുരക്കല്‍ സൈതലവി, എം പി ഖദീജ, വി പി ചെറിയബാവ, കെ പി കോയമോന്‍, കെ പി ഷരീഫ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഇവിടെ കടലാക്രണമുണ്ടാകുകയും ഇതിനെ തുടര്‍ന്ന് മണല്‍ ചാക്കുകളിട്ടാണ് പ്രതിരോധിച്ചത്.
ഇവിടുത്തെ ഫിഷ്‌ലാന്‍ ഡിംഗ് സെന്ററുകള്‍ വര്‍ഷങ്ങള്‍ ക്ക് മുമ്പ് കടല്‍ക്ഷോഭത്തില്‍ തകര്‍ന്നിട്ടും ഇതുവരെയായി പുനര്‍നിര്‍മിച്ചിട്ടില്ല. കരാറുകാരന്റെ അലംഭാവമാണ് കടല്‍ഭിത്തികെട്ടല്‍ താമസിക്കാന്‍ ഇടയാക്കിയത്.