ടി പി വധം:കൂറുമാറ്റം തുടരുന്നു; സാക്ഷികള്‍ നിരീക്ഷണത്തില്‍

Posted on: June 13, 2013 12:43 am | Last updated: June 13, 2013 at 12:43 am

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടരുന്നു. കൊലയാളി സംഘത്തിന് ആയുധങ്ങള്‍ കൈമാറുന്നതിന് സാക്ഷിയാണെന്ന് രഹസ്യമൊഴി നല്‍കിയ അഴിയൂര്‍ സ്വദേശി സുബിനാണ് ഇന്നലെ മൊഴി മാറ്റിയത്.
ഇതോടെ ഇതു വരെ വിസ്തരിച്ചവരില്‍ കൂറു മാറിയ സാക്ഷികളുടെ എണ്ണം 51 ആയി. സി പി എമ്മിനോട് ആനുഭാവമുള്ള നാല്‍പതോളം സാക്ഷികള്‍ കൂടി ഇനി പ്രതികള്‍ക്ക് അനുകൂലമായി കൂറുമാറുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അവരെ പൊലീസ് നിരീക്ഷിച്ച് വരികയാണ്.
ആകെയുള്ള 284 സാക്ഷികളില്‍ വിസ്തരിച്ചതിനേക്കാള്‍ അധികം സാക്ഷികളെ പ്രോസിക്യൂഷന്‍ ഒഴിവാക്കിയത് തന്നെ കൂറുമാറ്റ സാധ്യതയും മൊഴികളിലെ ആവര്‍ത്തനവും ഇല്ലാതാക്കാനാണ്. 32 പേരെ ഇതിനകം വിസ്തരിച്ചപ്പോള്‍ 33 പേരെയാണ് വിസ്തരിക്കാതെ പ്രോസിക്യൂഷന്‍ സാക്ഷിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയത്.