ഒമ്പത് വര്‍ഷത്തെ മന്‍മോഹന്റെ വിദേശയാത്രാ ചെലവ് 642 കോടി

Posted on: June 10, 2013 8:54 am | Last updated: June 10, 2013 at 8:54 am
SHARE

23abroad1

ന്യൂഡല്‍ഹി: കഴിഞ്ഞ ഒന്‍പത് വര്‍ഷമായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വിദേശയാത്രക്ക് ചെലവിട്ടത് 642 കോടി രൂപ. വിവരാവകാശ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് ധനമന്ത്രാലയം ഇത് വെളിപ്പെടുത്തിയത്. 2004ല്‍ പ്രധാനമന്ത്രിയായ ശേഷം സിംഗ് 67 വിദേശയാത്രകള്‍ നടത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ അഞ്ച് യാത്രകളുടെ ബില്ലുകള്‍ ലഭ്യമായിട്ടില്ല. ബാക്കിയുള്ള 62 യാത്രകള്‍ക്കായി 642.45 കോടി രൂപ ചെലവിട്ടു. പൊതുജനങ്ങള്‍ക്ക് ഏറെ താത്പര്യമുള്ള വിഷയം എന്ന നിലക്ക്, മന്ത്രിമാരുടെയും വി വി ഐ പികളുടെയും വിദേശയാത്രയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന് കാബിനറ്റ് സെക്രട്ടേറിയറ്റിനോട് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങി ഉന്നത സ്ഥാനത്തിരിക്കുന്നവരുടെ വിദേശയാത്രകള്‍ പൊതു ജനങ്ങള്‍ അങ്ങേയറ്റം താത്പര്യത്തോടെയാണ് കാണുന്നത്. ഇത്തരം വിവരം തേടി ആര്‍ ടി ഐ അപേക്ഷകളുടെ നിര തന്നെ വരാറുണ്ടെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ സത്യാനന്ദ മിശ്ര പറഞ്ഞു. കഴിഞ്ഞ വര്‍ഷം മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ വിദേശയാത്രാ ചെലവ് വെളിപ്പെടുത്തിയിരുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ 223 കോടിയാണ് അവര്‍ ചെലവിട്ടത്. ഈ വിവരം പുറത്ത് വന്നതോടെ വി വി ഐ പികളുടെ യാത്രാ ചെലവ് സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ തന്നെ നടന്നു. മന്‍മോഹന്‍ സിംഗിന്റെ വിദേശയാത്രാ ചെലവ് ഇനം തിരിച്ച് പരിശോധിക്കുമ്പോള്‍ 2012ല്‍ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി മെക്‌സിക്കോയും ബ്രസീലും സന്ദര്‍ശിച്ചപ്പോഴാണ് ഏറ്റവും കൂടുതല്‍ തുക ചെലവായത്- 26.94 കോടി രൂപ. അന്ന് ഏഴ് ദിവസമായിരുന്നു പര്യടനം. 2010ല്‍ നടത്തിയ അമേരിക്ക, ബ്രസീല്‍ സന്ദര്‍ശനമാണ് ചെലവിന്റെ കാര്യത്തില്‍ രണ്ടാമത്. 22.70 കോടിയാണ് ഇതിനായി ചെലവിട്ടത്.