Connect with us

National

റെയില്‍വേ കോഴ: ബന്‍സാലിനെ സി ബി ഐ ചോദ്യം ചെയ്‌തേക്കും

Published

|

Last Updated

 ന്യൂഡല്‍ഹി: റെയില്‍വേ കോഴക്കേസില്‍ മുന്‍ റെയില്‍വേ മന്ത്രി പവന്‍ കുമാര്‍ ബന്‍സാലിനെ സി ബി ഐ ചോദ്യം ചെയ്‌തേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബന്‍സാലിന് ഉടന്‍ സമന്‍സ് അയച്ചേക്കുമെന്ന് സി ബി ഐ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

സ്ഥാനക്കയറ്റത്തിനായി പവന്‍ കുമാര്‍ ബന്‍സാലിന്റെ മരുമകന്‍ വിജയ് സിംഗ്ല കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉയരുകയും സിംഗ്ലയും കൂട്ടാളികളും അറസ്റ്റിലാകുകയും ചെയ്തതോടെയാണ് ബന്‍സാല്‍ രാജിവെക്കാന്‍ നിര്‍ബന്ധിതനായത്. റെയില്‍വേ ബോര്‍ഡിലെ നിയമനങ്ങള്‍ സംബന്ധിച്ച് ബന്‍സാലിന് മാത്രമേ കൃത്യമായ വിവരങ്ങള്‍ നല്‍കാനുകുകയുള്ളൂവെന്നാണ് സി ബി ഐ നിലപാട്.
സിംഗ്ലയുടെ ഇടപാടുകള്‍ ബന്‍സാലിന്റെ അറിവോടെ ആയിരുന്നോയെന്നും സി ബി ഐ ആരായുന്നുണ്ട്. പശ്ചിമ റെയില്‍വേ ജനറല്‍ മാനേജര്‍ മഹേഷ് കുമാറിനെ ചോദ്യം ചെയ്തതില്‍ നിന്ന് ഇത് സംബന്ധിച്ച സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
റെയില്‍വേ ബോര്‍ഡ് അംഗമായ മഹേഷ് കുമാറിന് ഉന്നത പദവി ലഭിക്കുന്നതിന് വിജയ് സിംഗ്ല രണ്ട് കോടി രൂപ ആവശ്യപ്പെടുകയും ആദ്യ ഘട്ടമായി 90 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു എന്നാണ് സി ബി ഐ കേസ്. വിജയ് സിംഗ്ല നടത്തിയ ആയിരത്തോളം ടെലിഫോണ്‍ കോളുകള്‍ സി ബി ഐ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് റെയില്‍വേ കൈക്കൂലി കേസ് സി ബി ഐ അന്വേഷിക്കുന്നത്.
ഇതില്‍ പലതും വിജയ് സിംഗ്ലയും ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ സംഭാഷണങ്ങളാണ്. അടുത്തിടെ നടന്ന നിയമനങ്ങളെയും സ്ഥലംമാറ്റങ്ങളെയും കുറിച്ചുള്ള എല്ലാ രേഖകളും ഹാജരാക്കാന്‍ റെയില്‍വേ മന്ത്രാലയത്തിന് സി ബി ഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest