Connect with us

Sports

ബയേണിന് ഹാട്രിക്‌

Published

|

Last Updated

bayern

ബെര്‍ലിന്‍: വി എഫ് ബി സ്റ്റുട്ഗര്‍ട്ടിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ബയേണ്‍ മ്യൂണിക്ക് ജര്‍മന്‍ കപ്പ് സ്വന്തമാക്കി. ബുണ്ടസ് ലീഗക്കും ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തിനും പിന്നാലെ ജര്‍മന്‍ കപ്പും നേടി ഹാട്രിക് തികച്ച ബയേണ്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ജര്‍മന്‍ ടീമെന്ന ചരിത്ര നേട്ടവും സ്വന്തമാക്കി. ഈ സീസണില്‍ അഞ്ചാം ചാമ്പ്യന്‍സ് ലീഗ് കിരീടവും 91 പോയിന്റുകളുടെ റെക്കോര്‍ഡുമായി ബുണ്ടസ് ലീഗയും സ്വന്തമാക്കി കുതിച്ച ബയേണ്‍ 16ാം ജര്‍മന്‍ കപ്പിലാണ് മുത്തമിട്ടത്. 

മരിയോ മാന്‍സൂകിച്ചിന് പകരം ആദ്യ ഇലവനില്‍ സ്ഥാനം നേടിയ മരിയോ ഗോമസിന്റെ ഇരട്ട ഗോളുകളാണ് ബയേണിന് വിജമുറപ്പാക്കിയത്. കടുത്ത പോരാട്ടത്തെ അതിജീവിച്ചാണ് ബയേണിന്റെ കിരീടധാരണം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബയേണ്‍ മുന്നേറുന്നതിനിടയില്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് സ്റ്റട്ഗര്‍ട്ട് ബയേണിനെ ഞെട്ടിച്ചു. മാര്‍ട്ടിന്‍ ഹാര്‍നിക്കാണ് രണ്ട് ഗോളുകളും നേടിയത്. 37ാം മിനുട്ടില്‍ തോമസ് മുള്ളര്‍ പെനാല്‍റ്റിയിലൂടെ ബയേണിന് ആദ്യ ഗോള്‍ സമ്മാനിച്ചു. ബയേണ്‍ നായകന്‍ ഫിലിപ്പ് ലാമിനെ സ്റ്റുട്ഗര്‍ട്ട് താരം ഇബ്രാഹിമ ട്രാവോറെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയാണ് ബയേണിന് ലീഡിനുള്ള വഴിയൊരുക്കിയത്. പിന്നീട് രണ്ടാം പകുതിയിലാണ് ഗോളുകള്‍ പിറന്നത്. രണ്ടാം പകുതി തുടങ്ങി മൂന്ന് മിനുട്ട് പിന്നിട്ടപ്പോള്‍ ബയേണ്‍ രണ്ടാം ഗോള്‍ നേടി. വലത് വശത്ത് നിന്ന് പന്തുമായി മുന്നേറി ആര്യന്‍ റോബന്‍ ഫിലിപ്പ് ലാമിന് കൈമാറി. ലാമില്‍ നിന്ന് പന്ത് ഗോമസിലേക്ക്. അനായാസം ഒഴിഞ്ഞ വലയില്‍ പന്തെത്തിച്ച് ഗോമസ് ബയേണിന്റെ ലീഡുയര്‍ത്തി. 61ാം മിനുട്ടില്‍ മുള്ളറുടെ മുന്നേറ്റം. വലത് ഭാഗത്ത് നിന്ന് പന്തുമായി കുതിച്ച മുള്ളര്‍ ഗോമസിന് പന്ത് ക്രോസ് ചെയ്തു. ഗോളിയെ നിഷ്പ്രഭനാക്കി പന്ത് വലയിലെത്തിച്ച് ഗോമസ് ലീഡ് മൂന്നാക്കി ഉയര്‍ത്തി.
എന്നാല്‍ സ്റ്റുട്ഗര്‍ട്ട് മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തി. 71ാം മിനുട്ടില്‍ ഗൊടോക്കു ഇടത് വശത്ത് നിന്ന് നീളത്തില്‍ ഉയര്‍ത്തിയടിച്ച പന്ത് ഹെഡ്ഡ് ചെയ്ത് ഹാര്‍നിക് മനോഹരമായി സ്റ്റുട്ഗര്‍ട്ടിന് ആദ്യ ഗോള്‍ സമ്മാനിച്ചു. 80ാം മിനുട്ടില്‍ വീണ്ടും ഹെര്‍നിക്. കോര്‍ണര്‍ കിക്കിന് ശേഷമുള്ള കൂട്ടപ്പൊരിച്ചിലിനിടയില്‍ പന്ത് പിടിച്ചെടുത്ത് ഇടത് വശത്ത് നിന്ന് വല ലക്ഷ്യമാക്കി ഹാര്‍നിക്ക് അടിച്ച് ഷോട്ട് ബയേണ്‍ ഗോളി മാനുവല്‍ നൂയര്‍ തടുത്തു. പന്ത് വീണ്ടും ഹാര്‍നിക്കിന്. രണ്ടാം തവണയും ശ്രമം നൂയര്‍ തടഞ്ഞു. തടുത്തിട്ട പന്ത് വീണ്ടും ഹാര്‍നിക്കിലേക്ക്. ഹെര്‍നിക്കിന് ഇത്തവണ പിഴച്ചില്ല. അവസാന പത്ത് മിനുട്ടില്‍ സ്റ്റുട്ഗര്‍ട്ടിന് ഗോളടിക്കാന്‍ അനുവദിക്കാതെ ബയേണ്‍ മത്സരവും കിരീടവും സ്വന്തമാക്കി.
സീസണില്‍ ഹാട്രിക് നേട്ടത്തിലേക്ക് ബയേണ്‍ മ്യൂണിക്കിനെ നയിച്ച് പരിശീലകന്‍ ജുപ് ഹെയിന്‍കസ് വിടവാങ്ങി. ബയേണിനൊപ്പമുള്ള രണ്ടാം വരവില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ ഹെയിന്‍കസ് സ്വപ്‌ന സമനാമായ നേട്ടങ്ങള്‍ ക്ലബിന് നേടിക്കൊടുത്താണ് മടങ്ങുന്നത്.