ഫെറര്‍, സെറീന ക്വാര്‍ട്ടറില്‍; സാനിയ സഖ്യം രണ്ടാം റൗണ്ടില്‍

Posted on: June 3, 2013 9:29 am | Last updated: June 3, 2013 at 9:29 am
SHARE

TENNIS FRA_Open 3

പാരിസ്: ലോക ഒന്നാം നമ്പര്‍ വനിതാ താരം അമേരിക്കയുടെ സെറീന വില്ല്യംസ് ഫ്രഞ്ച് ഓപണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ലോക അഞ്ചാം നമ്പര്‍ പുരുഷ താരം സ്‌പെയിനിന്റെ ഡേവിഡ് ഫെററും ക്വാര്‍ട്ടറിലേക്ക് കടന്നു. ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോഗ, മറ്റൊരു സ്പാനിഷ് താരമായ നിക്കോളാസ് അല്‍മാഗ്രോ എന്നിവരും പുരുഷ വിഭാഗം സിംഗിള്‍ ക്വാര്‍ട്ടറിലേക്ക് കടന്നു. വനിതാ വിഭാഗം സിംഗിള്‍സില്‍ ലോക എട്ടാം നമ്പര്‍ താരം ജര്‍മനിയുടെ അഞ്ജലീക്ക കെര്‍ബറും ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പാക്കി.
അനായാസമായാണ് സെറീനയുടെ ക്വാര്‍ട്ടര്‍ പ്രവേശം. പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇറ്റലിയുടെ റോബര്‍ട്ട വിന്‍സിയെ രണ്ട് സെറ്റ് മാത്രം നീണ്ട പോരാട്ടത്തിലാണ് അമേരിക്കന്‍ താരം വിജയിച്ചത്. 6-1, 6-3 സ്‌കോറിന് മത്സരം സ്വന്തമാക്കിയ സെറീന മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഫ്രഞ്ച് ഓപണിന്റെ ക്വാര്‍ട്ടറിലേക്ക് കടന്നത്.
പുരുഷ സിംഗിള്‍സില്‍ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സനെ പരാജയപ്പെടുത്തിയാണ് ഫെറര്‍ ക്വാര്‍ട്ടറിലെത്തിയത്. 6-3, 6-1, 6-1 എന്ന സ്‌കോറിനാണ് ഫെറര്‍ വിജയിച്ചത്.
കടുത്ത പോരാട്ടത്തില്‍ മറ്റൊരു സ്‌പെയിന്‍ താരമായ ടോമി റോബ്രഡോക്കെതിരെയാണ് അല്‍മാഗ്രോ വിജയം കണ്ടത്. സ്‌കോര്‍: 7-6 (7-5), 6-3, 4-6, 4-6, 4-6.
വില്‍ഫ്രെഡ് സോംഗ സെര്‍ബിയന്‍ താരമായ വിക്ടര്‍ ട്രോയിക്കിയെ കീഴടക്കി. സ്‌കോര്‍: 6-3, 6-3, 6-3.
റഷ്യന്‍ താരം സ്വെറ്റ്‌ലാന കുസ്‌നട്‌സോവയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് കെര്‍ബര്‍ കീഴടക്കിയത്. ആദ്യ സെറ്റും മൂന്നാം സെറ്റും സ്വന്തമാക്കിയാണ് ജര്‍മന്‍ താരം വിജയിച്ചത്. രണ്ടാം സെറ്റ് കുസ്‌നട്‌സോവ നേടി. സ്‌കോര്‍: 4-6, 6-4, 3-6.
ഫ്രഞ്ച് ഓപണ്‍ വനിത ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സയും അമേരിക്കയുടെ ബെഥനി മാറ്റെക് സാന്‍സും ചേര്‍ന്ന സഖ്യം രണ്ടാം റൗണ്ടില്‍ കടന്നു. അലിസ് കോര്‍നെറ്റ്- വെര്‍ജിനി റസാനോ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്തോ- അമേരിക്കന്‍ സഖ്യം വിജയിച്ചത്. 6-3, 6-4 സ്‌കോറിനാണ് സാനിയ-ബെഥാനി സഖ്യത്തിന്റെ വിജയം. രണ്ടാം റൗണ്ടില്‍ അമേരിക്കന്‍ താരങ്ങളായ ലോറന്‍ ഡേവിസ് – മേഗാന്‍ മോള്‍ട്ടണ്‍ സഖ്യമാണ് ഇവരുടെ എതിരാളി.