Connect with us

Kerala

പട്ടാളക്കാരുടെ ഫ്‌ളാറ്റ് നിര്‍മാണത്തില്‍ അഴിമതി നടന്നതായി ആരോപണം

Published

|

Last Updated

കൊച്ചി: പട്ടാളക്കാര്‍ക്കും കുടുംബങ്ങള്‍ക്കും കുറഞ്ഞ ചെലവില്‍ വീട് നിര്‍മിച്ച് നല്‍കുന്നതിന് അനുവദിച്ച പണം ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സ്ഥലത്ത് കൂടിയ വിലക്ക് ഫഌറ്റ് നിര്‍മിച്ചതില്‍ അഴിമതി നടന്നതായി ആരോപണം.
പട്ടാളക്കാര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്ന ആര്‍മി വെല്‍ഫെയര്‍ ഹൗസിംഗ് ഓര്‍ഗനൈസേഷന്‍(എ ഡബ്ല്യു എച്ച് ഒ) സ്വകാര്യകമ്പനിയുടെ ഫഌറ്റുകള്‍ സേനാംഗങ്ങള്‍ക്ക് നല്‍കി തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.
വടുതലക്കും പച്ചാളത്തിനുമിടയില്‍ സ്വകാര്യ റിയല്‍ എസ്റ്റേറ്റ് കമ്പനി ആര്‍മിക്ക് വേണ്ടി നിര്‍മിച്ച ഫഌറ്റ് വാങ്ങിയവരാണ് പരാതിയും ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്.
ഏറെ സൗകര്യപ്രദമായ തൃപ്പൂണിത്തുറ പൂണിത്തുറയിലെ സില്‍വര്‍ സാന്‍ഡ് ഐലന്റില്‍ വാങ്ങിയ ഭൂമിയില്‍ ഫഌറ്റ് നിര്‍മിക്കാനുള്ള പദ്ധതി വൈകിച്ചാണ് വടുതലയില്‍ ഫഌറ്റ് നിര്‍മിക്കുന്നതിന് ശില്‍പ കണ്‍സ്ട്രക്ഷന്‍സുമായി കരാറുണ്ടാക്കിയതെന്ന് ഇവര്‍ പറയുന്നു. ഇപ്പോള്‍ സില്‍വര്‍ സാന്‍ഡ് ഐലന്റില്‍ ഫഌറ്റ് നിര്‍മിക്കാനുള്ള പ്രോജക്ട് ശില്‍പ കണ്‍സ്ട്രക്ഷന്‍സിനെ ഏല്‍പിച്ചതില്‍ ക്രമക്കേടുണ്ടെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. ഉന്നത ആര്‍മി ഉദ്യോഗസ്ഥരുള്‍പ്പെട്ട ക്രമക്കേട് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ആര്‍മി ആസ്ഥാനത്ത് എത്തിയെങ്കിലും സമ്മര്‍ദത്തെ തുടര്‍ന്ന് നടപടിയുണ്ടായില്ലെന്ന് ഇവര്‍ ആരോപിക്കുന്നു.
ആര്‍മി വെയര്‍ ഹൗസിംഗ് ഓര്‍ഗനൈസേഷന്‍ സൈനികര്‍ക്കായി കുറഞ്ഞ ചെലവില്‍ വീട് നിര്‍മിക്കാന്‍ പൂണിത്തുറ വില്ലേജില്‍ 4.25 ഏക്കര്‍ ഭൂമി 1987ല്‍ വാങ്ങിയിരുന്നു. 25വര്‍ഷം കഴിഞ്ഞിട്ടും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. 1700 ചതുരശ്ര അടി സ്ഥലത്ത് രണ്ട് നിലകളിലായി 1940 ചതുരശ്ര അടിയുള്ള വീട് നിര്‍മിച്ചു നല്‍കാമെന്നായിരുന്നു വാഗ്ദാനം. 750 ഓളം അപേക്ഷകള്‍ ഓര്‍ഗനൈസേഷന് ലഭിച്ചു.
പദ്ധതി വൈകിയതിനെത്തുടര്‍ന്ന് 2005-ല്‍ വീട് ഒന്നിന് 24. 5 ലക്ഷം രൂപ വില നിശ്ചയിച്ചു. അപേക്ഷകരുടെ എണ്ണം കൂടിയെന്നതിന്റെ പേരില്‍ വീടിന് പകരം ഫഌറ്റാക്കി മാറ്റി. 75 സെന്റ് സ്ഥലത്ത് നിര്‍മിച്ചു നല്‍കിയ നൂറോളം ഫഌറ്റുകളില്‍ സൗകര്യങ്ങള്‍ ഒന്നുമില്ലെന്നാണ് ഫഌറ്റ് വാങ്ങിയവര്‍ പറയുന്നത്.